പേന ഒരു മോശം അമ്മയാണ്....വെള്ളക്കടലാസില്‍ വരകള്‍ക്കിടയിലായി കുറെ അക്ഷരങ്ങളെ അങ്ങ് പെറ്റിട്ടുകൊടുക്കും ,വായനക്കാരനും പ്രാപിക്കാന്‍.....പിന്നെ നാലഞ്ച് അക്ഷരങ്ങളെ ചേര്‍ത്തു നിര്‍ത്തി ആസ്വാദകന്‍റെ കൂട്ടബലാത്സംഗമാണ് ...കന്യകമാരോടാണ് എല്ലാവര്‍ക്കും താല്പര്യം...പുതിയ ആശയം പുതിയ അനുഭവങ്ങള്‍....ചിലര്‍ ഓരോ അക്ഷരങ്ങളെയും ഒറ്റക്കെടുത്തു ആസ്വദിക്കും....ഒടുവില്‍ ചോരയും നീരും വറ്റുമ്പോള്‍ എല്ലാത്തിനെയും ചുരുട്ടിക്കൂട്ടി ഒരേറുണ്ട്,കുപ്പതോട്ടിയിലേക്ക്...എന്‍റെ അമ്മേ ..നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ?
എഴുത്ത് ഒരുതരം അസ്വസ്ഥതയാണ്... ചിലതൊക്കെ മനപ്പൂര്‍വം ഒഴിവാക്കി, മറ്റുചിലത് സൂത്രത്തില്‍ കൂട്ടിച്ചേര്‍ത്ത് അച്ചടക്കമില്ലാത്ത ചിന്തകളെ കോര്‍ത്തുവച്ച് ആരോടൊക്കെയോ കാട്ടുന്ന വഞ്ചന . . . പക്ഷെ, ഇവിടെ ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്നും മറച്ചുവെക്കാന്‍ ഒന്നുമില്ല . . . ഇത് ഞങ്ങളുടെ മനസ്സാണ് . . . സ്വാതന്ത്ര്യം നഷ്ടപ്പെട്ട കുട്ടിക്കാലത്തിനും സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങള്‍ അലിഞ്ഞുപോയ കൌമാരത്തിനും അപ്പുറം വരാനിരിക്കുന്ന യൌവ്വനത്തിന് ആമുഖം . . .
Sunday, 21 July 2013
Saturday, 22 June 2013
നിള ,മാപ്പുതരിക ..
പുഴക്ക് മുകളിലൂടെ തീവണ്ടി കുലുങ്ങി
ചിരിച്ചു പോകുമ്പോള്‍ എനിക്ക് ശ്വാസം പിടിച്ച് ഇരിക്കേണ്ടിവന്നു..ജനറല്‍കമ്പാര്‍ട്ടുമെന്‍റിലെ
ജനല്‍ കമ്പികളില്‍ കാറ്റിന്‍റെ കൈവിട്ടുവന്ന് തട്ടിത്തെറിച്ചു ഒരു ഉന്മാദത്തോടെ മണ്ണിനെ പുണരുന്ന
മഴതുള്ളികല്‍ക്കിടയിലൂടെ ഞാന്‍ നിളയെ നോക്കി...നൂറു ജന്മം പ്രണയിച്ചു ഒടുവില്‍ ഒരുനാള്‍
തന്‍റെ പ്രിയപ്പെട്ട കാമുകന് മുന്നില്‍ നഗ്നയായി സര്‍വതും സമര്‍പ്പിക്കാന്‍നില്‍ക്കുന്ന കന്യകയെ
പോലെയായിരുന്നു അവള്‍....
കഴിഞ്ഞ വേനലില്‍ ഞാന്‍ കണ്ട പെണ്ണല്ല ഇന്നവള്‍....രാപ്പകലില്ലാതെ മണ്ണ്‍വെട്ടികള്‍ മാറ്
വെട്ടിപ്പോളിച്ചപ്പോള്‍ ,അറ്റുപോയ മുലക്കണ്ണിനെ ഒരു പ്ലാസ്റ്റിക്‌സഞ്ചികൊണ്ട് മറയ്ക്കുകയായിരുന്നു അന്നവള്‍..കണംകാലിനെ
നനയ്ക്കാന്‍ഒരു കുഞ്ഞു നീര്‍ച്ചാല് മാത്രമായിരുന്നു ശേഷിച്ചത്...
ഒടുവിലിതാ അവളുടെ കാമുകന്‍വന്നിരിക്കുന്നു....വരണ്ടുണങ്ങിയ
അവളുടെ കഴുത്തില്‍ അവന്‍ ചുംബിച്ചു ....പിന്നെ ഒരു കെട്ടിപ്പിടുത്തം...പാലത്തിന്‍റെ
തൂണുകളില്‍ ശക്തിയോടെ വന്നിടിച്ചു നിള അട്ടഹസിച്ചു, ഞാന്‍ കന്യകയാണ് ....
മഴ അവളെ ആവോളം ചുംബിച്ചു...ഓരോ ചുംബവും
ഏറ്റുവാങ്ങുന്നതിനിടയില്‍ ..അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു
" എന്‍റെ പ്രിയപ്പെട്ട
കാമുകാ ഇനി എന്നെ വിട്ടുപോകല്ലേ എന്ന്..."
അടുത്ത സീറ്റിലെ നാലുവയസുകാരന്റെ ചോദ്യം
കേട്ടാണ് എന്‍റെ മനസ് വീണ്ടും തീവണ്ടിക്കുള്ളിലേക്ക് കയറിയത്.." മമ്മീ ഇതു പുതിയ പുഴയാണോ? ഇന്നാല്‍ഒരീസം പപ്പേടെ കൂടെ
വരുമ്പോ ഈ പുഴ ഉണ്ടായിരുന്നില്ലല്ലോ...
ഞാന്‍മഴയെ നോക്കി.ജനലഴികള്‍ക്കിടയിലൂടെ
ഒരു മഴതുള്ളി എന്‍റെ കണ്ണിലേക്ക് വീണു..പിന്നെ ഒരു കണ്ണുനീരിന്‍റെ ചൂടോടെ ഒലിച്ചിറങ്ങി..
മാപ്പ് തരിക...
അവ്യക്തമായി ഞാന്‍പിറുപിറുത്തു ഞാന്‍
കണ്ണുകള്‍ അടച്ചിരുന്നു ...ഒന്ന്...രണ്ടു......മുന്ന്...........ഏഴു....തീവണ്ടി മരണത്തിന്‍റെ
നെടുങ്ങന്‍പാലം കടന്നിരിക്കുന്നു.......
**വൈശാഖ്**
Saturday, 8 June 2013
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ..
നിങ്ങള്‍ പറയുന്നത് ഭൂമിയിലെ അവസാനത്തെ മരത്തിന്‍റെ കാര്യമാണോ?
നാല് ഇലകളും നാമൂന്നു പത്രണ്ട് കൊമ്പുകളും ഉള്ള ആ മരത്തെ കുറിച്ചാണോ?
അതെ?
എന്നിട്ട്?
ഞങ്ങള്‍ എട്ടുപേര്‍ മരത്തിനു കാവലിരുന്നു..ഊണും ഉറക്കവുമില്ലാതെ നാലും മൂന്നും ഏഴു ദിവസം കഴിച്ചുകൂട്ടി..
മൂന്നു പച്ച ഇലകള്‍ക്കിടയില്‍ ഒരു മഞ്ഞ ഇല കാറ്റ് വരരുതേ എന്ന് പ്രാര്‍ഥിക്കുന്നതിനിടയിലാണ് ആകാശത്തിലൂടെ കൊള്ളക്കാര്‍ വന്നിറങ്ങിയത്..
ഞങ്ങളും മരവുമടക്കം ഒന്‍പതുപേര്‍ക്ക് ചുറ്റും എണ്‍പതിനായിരം കൊള്ളക്കാര്‍ ..ആദ്യവെടി വാസുവേട്ടന്‍ നെഞ്ചുകൊണ്ട് തടുത്തു പിന്നെ കൃത്യമായ ഇടവേളകളില്‍ ബാക്കി ആറുപേരും ..
തോക്ക് എന്‍റെ നേരെ ചൂണ്ടി ഒരുത്തന്‍ ചോദിച്ചു..
മരം വേണോ അതോ ജീവനോ?
ഞാന്‍ മരത്തെ നോക്കി മരം എന്നെയും
മഞ്ഞ ഇല പതുക്കെ ഒന്നിളകി നേരെ വേരിലെക്ക്..
എനിക്ക് മരം മതി...
പിന്നെ കണ്ടത് ഒരു മൂളലോടെ വരുന്ന വെടിയുണ്ടയെയാണ്..
മുകളിലേക്ക് ഉയര്‍ന്നു പോങ്ങുന്നതിനിടയില്‍ ഞാന്‍ വാസുവേട്ടനോട് പറഞ്ഞു..
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ, ഭൂമിയിലെ അവസാനത്തെ മരം മുറിഞ്ഞുവീഴുന്നത് നമുക്ക് കാണേണ്ടിവന്നില്ലല്ലോ..
മഞ്ഞ ഇലയെ കൈ വെള്ളയില്‍ അമര്‍ത്തി വാസുവേട്ടന്‍ ചിരിച്ചു...
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ..
Saturday, 18 May 2013
എന്റെ കവിതകള്‍ക്ക് സംഭവിച്ചത്
പകുതിയില്‍ ആശയം നഷ്ടപ്പെട്ടതിന്‍റെ പേരില്‍
ഒന്നാമത്തെ കവിത മുറ്റത്തെ
പറങ്കി മാവിന്‍റെ
ഉണങ്ങി വീഴാറായ കൊമ്പില്‍ കെട്ടിതൂങ്ങി ചത്തു ..
ആശയം ഉണ്ടായിട്ടും ആസ്വാദകര്‍ ഇല്ലാത്തതിന്‍റെ പേരില്‍
ആശയം ഉണ്ടായിട്ടും ആസ്വാദകര്‍ ഇല്ലാത്തതിന്‍റെ പേരില്‍
രണ്ടാമത്തെ കവിത തീക്കൊളുത്തി മരിച്ചു....
മൂന്നാമത്തെ കവിതയോ?
ഓ..അതൊരു കൊലപാതകം ആയിരുന്നു....
ആശയം കൊണ്ടും വാക്കുകള്‍ക്കൊണ്ടും
മൂന്നാമത്തെ കവിതയോ?
ഓ..അതൊരു കൊലപാതകം ആയിരുന്നു....
ആശയം കൊണ്ടും വാക്കുകള്‍ക്കൊണ്ടും
സുന്ദരിയായ മൂന്നാമത്തെ കവിതയെ
ഒരു വാരികക്കാരന് കാഴ്ച്ച വച്ചതാണ്..
മൂന്നു മാസം ആയി
മൂന്നു മാസം ആയി
ശവം പോലും കണ്ടു കിട്ടിയിട്ടില്ല !!!
----വൈശാഖ്----
Wednesday, 6 February 2013
നിറമുള്ള പെണ്ണ്‍
എടീ... പെണ്ണേ,
ഏതു നിറം കൊണ്ട് വരയ്ക്കണം നിന്നെ?
പച്ചയായ് വരക്കാം...
പച്ച മുഖം...
പച്ച മുടി...
പച്ച ശരീരം...
എങ്കില്‍ എളുപ്പമുണ്ട്
നിന്നെ വേരോടെ പിഴുതുകളയാന്‍.
എങ്കില്‍ എളുപ്പമുണ്ട്
നിന്നെ വേരോടെ പിഴുതുകളയാന്‍.
നിന്നില്‍ വസന്തം വിരിയുമ്പോള്‍
നിന്‍റെ ഇലകളും പൂക്കളും
വേര്‍പെടുത്തി പലരും ആര്‍ത്തു ചിരിക്കും.
നിനക്കും എളുപ്പമുണ്ട്
വാടുകയോ, ചീഞ്ഞു പോവുകയോ
ഇഷ്ടമുള്ളതുപോലെ ആവാം.
അതിനാല്‍ നിന്നെ ഞാന്‍
പച്ചയായ് തന്നെ വരക്കാം.....
----ദീപ----
Friday, 16 November 2012
വേശ്യ
കരിഞ്ഞ ഇലകളുടെ
മണമായിരുന്നു നിനക്കെന്നും....
രാത്രിയുടെ ഒഴിഞ്ഞ
കോണുകളില്‍
ഒരു മൗനം കൊണ്ട് പറയാന്‍
പറ്റാത്തതോക്കെയും
കിതപ്പിനാല്‍ വിയര്‍പ്പുമണികളായി
നാം പങ്കുവെച്ചു ..
നിന്‍റെ കനത്ത മാറിടത്തില്‍,
അനുസരണ ഇല്ലാതെ ചുറ്റിപിണഞ്ഞ
മുടിയിഴകളെ വകഞ്ഞു മാറ്റിയപ്പോള്‍
സുതാര്യമല്ലാത്ത
രതികാമാനകള്‍ക്കപ്പുറം മനസിന്റെ കോണുകളിലും
അറിയാതെ ചില അനക്കങ്ങള്‍
ഞാന്‍ അറിഞ്ഞു
കാലവര്‍ഷത്തില്‍
കുടയെടുക്കാന്‍ മറന്നുപോയ നിന്‍റെ ശരീരം
മഴയു കാറ്റും ആവോളം ഭോഗിചെന്നു എനിക്കറിയാം
എങ്കിലും അടക്കമില്ലാത്ത എന്‍റെ ഇടുപ്പിന്റെ വേഗങ്ങളില്‍
നിനക്ക് പലപ്പോഴും പഴുത്ത
ഇലകളുടെ മണമായിമാറുന്നു
രാത്രിയുടെ മൂര്‍ധന്യത്തില്‍
കെട്ടുപിണഞ്ഞു കിടക്കുന്ന
നമ്മുടെ ശരീരങ്ങള്‍
എങ്ങനെയാണ് പകലിന്‍റെ
നിറം മങ്ങിയ
പൊള്ളത്തരങ്ങക്കിടയില്‍ തീര്‍ത്തും അപരിചിതങ്ങളായിപ്പോകുന്നത്?
നിനക്ക് പ്രാപ്യമാകുന്നത്
ശരീരത്തിന്‍റെ മണംമാത്രമാകുന്നു
എനിക്ക് ...
നിന്‍റെ മനസ്സില്‍
പൊടിയുന്ന വിയര്‍പ്പിന്റെയും...............
Sunday, 23 September 2012
"മുഖമൊഴി "
വാക്കുകള്‍ കൊണ്ട് നിങ്ങളുടെ ചിന്തകളെ മാറിമാറിക്കാനാകും എന്ന വിശ്വാസത്തോടെ ഒന്നുമല്ല ഞങ്ങള്‍ എഴുതിത്തുടങ്ങിയത് ...വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ തീര്‍ത്ത വിപ്ലവകാരിയെ നിങ്ങളില്‍ തേടുകയായിരുന്നു...ഇന്നു (23 സെപ്തംബര്‍ 2012) "ഇലഞ്ഞിമരം " ചിന്തകളെ ചികഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു..ഇതുവരെ ഞങ്ങള്‍ക്ക് പ്രചോദനം തന്ന എല്ലാ വായനക്കാര്‍ക്കും നന്ദി..തുടര്‍ന്നും വായിക്കുക......
Friday, 31 August 2012
ഓര്‍മ്മത്താള്
ചില വഴികള്‍ അങ്ങനെയാണെന്ന് തോന്നുന്നു.…..എത്ര ദൂരം നടക്കുന്നുവോ, അത്രയും ഓര്‍മ്മകള്‍..….. ഏതു പ്രതിസന്ധികളിലും കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള ഓര്‍മ്മകള്‍.…
ഒരു കൊച്ചുകുട്ടിയെപോലെ അട്ടഹസിച്ചു കരയിക്കുന്ന മറ്റു ചിലത് ……
പിന്നെ നഷ്ടത്തിന്റെ കയ്പ്പോ നേട്ടത്തിന്റെ മധുരമോ വേര്‍തിരിച്ചു രുചിക്കാന്‍ പറ്റാത്ത മറ്റു ചില ഓര്‍മ്മകള്‍ ……
അല്ലെങ്കിലും ഒന്ന്‍ ഓര്‍ത്ത് നോക്കുക …നേട്ടങ്ങളറിയാതെ, നഷ്ടങ്ങളുടെ കണക്കു പറഞ്ഞു നെഞ്ചത്തടിച്ച് കരയുന്ന നമുക്ക് എങ്ങനെയാണ് നഷ്ടങ്ങളെയും നേട്ടങ്ങളെയും വേര്‍തിരിക്കാനാവുക?
പിന്നെ …..പിന്നെ …. മറന്നു കളഞ്ഞ ഓര്‍മ്മകള്‍ …..
ഈ വഴികള്‍ എനിക്ക് തന്ന ഓര്‍മകളെ വേര്‍ത്തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെടും.….പക്ഷെ ഓര്മ വച്ച നാള്‍ മുതല്‍ ഈ വഴികള്‍ എനിക്ക് പരിചിതമാണ്....
ഈ വഴികള്‍ എനിക്ക് തന്ന ഓര്‍മകളെ വേര്‍ത്തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെടും.….പക്ഷെ ഓര്മ വച്ച നാള്‍ മുതല്‍ ഈ വഴികള്‍ എനിക്ക് പരിചിതമാണ്....
ഞാന്‍ ഓര്ക്കുന്നുണ്ട് ...ഈ വഴിയിലെവിടെയോ ഒരു ചെമ്പകമരം ഉണ്ടായിരുന്നു..ചിലപ്പോഴൊക്കെ മുഴുവന്‍ ഇലകളെയും പൊഴിച്ച് സ്വര്ണ നിറം കലര്ന്ന പൂക്കളെയും ചൂടി, ഇത്തിരി പൊങ്ങച്ചതോടെ നില്ക്കുന്ന ഒരു ചെമ്പകമരം...പൊഴിഞ്ഞു വീണ ഇലകളിന്മേല്‍ അവസാനത്തെ മഴത്തുള്ളിയും വീണു ചിതറുന്നത് വരെ ആ മഴ എന്നോടൊപ്പം ഉണ്ടായിരുന്നു...മേഘങ്ങളെ തള്ളിമാറ്റി വെയില്‍ എത്തുന്നതോടെ ആ മഴയെ അപ്പാടെ മറക്കും....
* * * * *

എനിക്ക് ഉറപ്പായും പറയാന്‍ കഴിയും നിങ്ങള്ക്കു്ണ്ടയിരുന്നപോലെ ഒരു ബാല്യകാലം എനിക്ക് ഉണ്ടായിരുന്നില്ല എന്ന്...മുറ്റത്ത് ചിതറി തെറിച്ചു വീഴുന്ന മഞ്ചാടിക്കുരുകള്‍ ഞാനും പെറുക്കിയെടുത്തിട്ടുണ്ട് , ആദ്യത്തെ മഴയില്‍ തന്നെ വയലില്‍ വെള്ളം കേറുമ്പോ തോര്ത്തു മുണ്ടിന്റെ അറ്റം പിടിച്ചു കൂട്ടുകാരോടൊപ്പം ഞാനും കണ്ണികളെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.....എന്റെ മേശപ്പുറത്തെ കുപ്പിയിലും മീന്‍ കുഞ്ഞുങ്ങള്‍ വളര്ന്നു തവളകളായി മാറിയിട്ടുണ്ട്....പക്ഷെ എന്തു തന്നെ ആയാലും ഞാനും ഉറപ്പിച്ചു പറയും , നിങ്ങളെ പോലെ ഒരു ബാല്യമായിരുന്നില്ല എന്റെ എന്ന് ....നിങ്ങള്‍ അറിഞ്ഞതൊക്കെ ഒരുപക്ഷെ ഞാനും അറിഞ്ഞിട്ടുണ്ടാകാം... പിന്നെ ഞാന്‍ നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണോ? അത് ഇത്ര മാത്രമാണ്, ഞാന്‍ അറിഞ്ഞത്, അതിന്റെറ ഒരു ശതമാനം തീവ്രതയോടെ പോലും നിങ്ങള്‍ അറിഞ്ഞിട്ടില്ല എന്നത് മാത്രം....
* * * * *
പ്രിയപ്പെട്ടവളെ......
നിനക്ക് സമാധാനിക്കാം
ശ്വാസകോശത്തെ കുത്തിക്കീറി ആത്മാവിനെ പുറത്തെടുക്കുമ്പോഴുള്ള വേദന നീയും
അറിഞ്ഞിട്ടില്ലേ ? അപ്പോള്‍ എന്നെയും നന്നായി മനസ്സിലാക്കാം.... ഞാനും നിന്നെ പോലെ ഒരു പിടി വേദനകള്‍ മാത്രമാണ്....
----വൈശാഖ് ----
Tuesday, 28 August 2012
സൗഹൃദം
സുഹൃത്തേ…..
ഒരുമിച്ച് നടക്കുമ്പോള്‍
നീയൊരിക്കലും
എന്‍റെ കണ്ണുകളിലേക്ക്
തുറിച്ച് നോക്കരുത്.
നാളെ, ഇരുട്ടിന്‍റെ മറവില്‍
ഏതോ ലോഹമൂര്‍ച്ച
നിന്‍റെ നാഭിയെ
വെട്ടിപ്പൊളിക്കുമ്പോള്‍
ഈ കണ്ണുകള്‍ നിന്നെ വേദനിപ്പിച്ചേക്കാം .
`നീയെന്നോടിത് ചെയ്‌തല്ലോ`.
എന്നു മാത്രം നീ പറയരുത്
അത് മാത്രം ഞാന്‍ സഹിക്കില്ല.
ഒന്നും എനിക്ക് വേണ്ടിയല്ല.
മറക്കില്ലേ നീ വേഗത്തിലെല്ലാം?
ഒരു പിടച്ചിലില്‍ തീരില്ലേ എല്ലാം?
കൂട്ടിരിക്കാം ഞാന്‍,
നിന്‍റെ പ്രാണനെ മഞ്ഞു പുതയും വരെ…
വെറുക്കരുത് സുഹൃത്തേ,
ഒന്നും എനിക്ക് വേണ്ടിയല്ല.
എല്ലാം പാര്‍ട്ടിയുടെ തീരുമാനം മാത്രം.
ഒരുമിച്ച് നടക്കുമ്പോള്‍
നീയൊരിക്കലും
എന്‍റെ കണ്ണുകളിലേക്ക്
തുറിച്ച് നോക്കരുത്.
നാളെ, ഇരുട്ടിന്‍റെ മറവില്‍
ഏതോ ലോഹമൂര്‍ച്ച
നിന്‍റെ നാഭിയെ
വെട്ടിപ്പൊളിക്കുമ്പോള്‍
ഈ കണ്ണുകള്‍ നിന്നെ വേദനിപ്പിച്ചേക്കാം .
`നീയെന്നോടിത് ചെയ്‌തല്ലോ`.
എന്നു മാത്രം നീ പറയരുത്
അത് മാത്രം ഞാന്‍ സഹിക്കില്ല.
ഒന്നും എനിക്ക് വേണ്ടിയല്ല.
മറക്കില്ലേ നീ വേഗത്തിലെല്ലാം?
ഒരു പിടച്ചിലില്‍ തീരില്ലേ എല്ലാം?
കൂട്ടിരിക്കാം ഞാന്‍,
നിന്‍റെ പ്രാണനെ മഞ്ഞു പുതയും വരെ…
വെറുക്കരുത് സുഹൃത്തേ,
ഒന്നും എനിക്ക് വേണ്ടിയല്ല.
എല്ലാം പാര്‍ട്ടിയുടെ തീരുമാനം മാത്രം.
----ദീപ----
Monday, 18 June 2012
രണ്ടുണ്ട് കാര്യം
അണ്ണാക്കില്‍ അള്ളിപ്പിടിച്ച
പാല്‍പ്പൊടി
അടര്ത്തിയെടുക്കുമ്പോള്‍
നാവിന് രണ്ടുണ്ട് കാര്യം
അണ്ണാക്കിന്റെ മുന്നില്‍ ആളാവം...
ഒപ്പം പാല്‍പ്പൊടി ആവോളം
രുചിക്കയുമാവാം....
----ദീപ----
Friday, 15 June 2012
ആഴ്ച്ച്ചാനുഭവം
തിങ്കള്‍
എട്ടാം ക്ലാസ്സുവരെ തിങ്കള്‍ ഒരു മോശം ദിവസമായിരുന്നു.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം വീണ്ടും മടുപ്പിക്കുന്ന ക്ലാസുകള്‍...
പക്ഷെ, പിന്നീടങ്ങോട്ട് അതൊരു നല്ല ദിവസമാവുകയായിരുന്നു.
രണ്ടു ദിവസം അവളെ കാണാത്തതിന്റെ വിഷമം തിങ്കളാഴ്ച അപ്പാടെ മാറിക്കിട്ടും....
ചൊവ്വ
ഏതോ ഒരു ചൊവ്വാഴ്ച്ച തന്നെയാണെന്ന് തോന്നുന്നു,
രാവിലെ തന്നെ അവള്‍ ഓടിവന്ന്‍ എന്നോട് ചോദിച്ചു,
"എടാ, നിനക്ക് ചൊവ്വ ദോഷമുണ്ടോ? എന്റെ ജാതകം എഴുതിച്ചു.
എനിക്ക് ചോവ്വദോഷമുള്ള ആളെ മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളുവത്രെ ..."
ഒരു തമാശയോടെ ഞാന്‍ പറഞ്ഞു...
" എനിക്ക് ആഴ്ചയില്‍ എല്ലാ ദിവസവും ദോഷം തന്നെയാ... നീ പേടിക്കേണ്ട ."
ബുധന്‍
ബുധനാഴ്ചയും വ്യാഴാഴ്ച്ചയും ഉച്ചയ്ക്ക് ശേഷം
തുടര്‍ച്ചയായി രണ്ട് പീരീഡ് മലയാളമാണ് .
A ക്ലാസ്സിനേയും B ക്ലാസ്സിനേയും ഒരുമിച്ചിരുത്തി,
ടീച്ചര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ആ രണ്ട് മണിക്കൂറുകള്‍
അലിഞ്ഞില്ലാതാവുന്നത് അവളുടെ കണ്മഷി പടര്‍ന്ന കണ്ണുകളിലായിരുന്നു.
(അന്നൊക്കെ ഒരുപാട് പ്രാര്ത്ഥിച്ചിട്ടുണ്ട്,
ബുദ്ധനില്‍ നിന്ന് വ്യാഴത്തിലേക്കുള്ള ദൂരവും തിരിച്ച് അവിടെ നിന്ന്‍ ബുധനിലെക്കുള്ള ദൂരവും ഒരുപോലെയായിരുന്നെങ്കിലെന്ന്‍ .)
വ്യാഴം
സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍
വ്യാഴത്തെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ ടീച്ചറോട് ചോദിച്ചു,
വ്യാഴാഴ്ച്ച മാത്രമാണോ, മാനത്ത് വ്യാഴത്തെ കാണാനാവുന്നതെന്ന് ...
ക്ലാസ്സിലെ മുപ്പത്തിയാറ് കുട്ടികളോടൊപ്പം
അവളും അന്ന് എന്നെ കളിയാക്കിച്ചിരിച്ചു .
വെള്ളി
വെള്ളിയാഴ്ച വൈകിട്ട് ക്ലാസ്സു വിട്ടു പോകുമ്പോള്‍
എനിക്കും അവള്‍ക്കുമിടയില്‍ ഒരു വല്ലാത്ത നിശബ്ദതയാണ്.....
ഗേറ്റ് കടക്കും വരെ രണ്ടു പേരും മിക്കവാറും ഒന്നും സംസാരിക്കാറില്ല.
ഒടുവില്‍ ആ നിശബ്ദത ഭേദിച്ച് ഞാന്‍ ചോദിക്കും,
"തിങ്കളാഴ്ച നേരത്തെ വരുമോ?"
ശനി
പണ്ടൊക്കെ രണ്ടാം ശനിയാഴ്ച്ച്ചയാവാന്‍ കാത്തിരിക്കുമായിരുന്നു,
കൈയ്യില്‍ മിട്ടയിപ്പൊതിയുമായി വരുന്ന അച്ഛനെ കാണാന്‍.
പിന്നീടാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്...
അവളെയൊന്നു ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടുപേരുടെ കണ്ണുവെട്ടിക്കണം...
ഞായര്‍
ഒരു ഞായരാഴ്ച്ച്ചയായിരുന്നു അവളുടെ കല്യാണം.ആരവങ്ങള്‍ക്കിടയില്‍ ഇടയ്ക്ക് അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് കല്യാണ പ്രായം "പതിനെട്ട് " ആക്കിയവരെ
പഴിപറഞ്ഞ് ആ ഞായറാ ഴ്ച്ച്ചയോടെ
ദിവസങ്ങളെ വേര്‍തിരിച്ച് കാണുന്നത് ഞാന്‍ അവസാനിപ്പിച്ചു.
----വൈശാഖ് ----
Monday, 7 May 2012
മഴ
രണ്ടാം ക്ലാസ്സിലെ മിനി ടീച്ചര്‍
കൊട്ടിന് നാലെണ്ണം
കൊടുത്തതില്‍ പിന്നെ
മഴയിന്നേ വരെ
കരച്ചില്‍ നിര്‍ത്തിയിട്ടില്ല.
കരഞ്ഞു കരഞ്ഞ് ഏങ്ങലടിക്കുന്നതും
ഉള്ളിലെ ദേഷ്യം
തീയായി മിന്നുന്നതും
പിന്നെ ഓര്‍ത്തോര്‍ത്ത് കരയുന്നതും
സ്വപ്നത്തില്‍,
മിനി ടീച്ചറുടെ കറുത്ത കണ്ണടയും
നീട്ടിപ്പിടിച്ച ചൂരലും
മഴയെ നോക്കി
കൊഞ്ഞനം കുത്തുമ്പോഴത്രേ....
----ദീപ----
Monday, 2 April 2012
അപായം
അകലെ ഒരു കുന്ന്,
കാറ്റ് പറഞ്ഞ കഥകളില്‍
സ്വയം മറന്ന്‍
ദൂരെയുടെ ആകാശചിത്രങ്ങള്‍ക്ക്
കടും പച്ചയുടെ താളമേകി ഒരമ്മ.
അന്ന്‍,
കാറ്റ് പറഞ്ഞ കഥകള്‍ക്കെല്ലാം
ജീവിതത്തിന്റെ മാനമായിരുന്നു.
അണപൊട്ടിയൊഴുകുന്ന
കുന്നിന്റെ ദുഃഖങ്ങള്‍ക്ക് മീതെ
ഓളങ്ങള്‍ വിടര്‍ത്തി,
ആശ്വാസത്തിന്റെ ആലിംഗനം.
ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ
കാമാവെറിയില്‍ കറുത്തു പോകുമ്പോള്‍
കരുതലിന്റെ കരങ്ങളാല്‍
കാറ്റിന്റെ താരാട്ട് പാട്ട്.
മഴയെ കൂട്ടുപിടിച്ചു പറഞ്ഞത്
വേനലിന്റെ ദൈന്യതയില്‍
ഓര്‍ത്ത് കരയാന്‍, ചില
സുഖമുള്ള നോവുകള്‍.
പിന്നെയും ഒരുപാട് കഥകള്‍...
ഇന്ന്‍,
കാറ്റ് കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
അത് കേള്‍ക്കാന്‍,
കുന്നുകള്‍ മണ്ണിനടിയില്‍നിന്ന്‍
പതുക്കെ തലപൊക്കി നോക്കുന്നു.
ഇന്നിന്റെ കഥകളില്‍
സ്നേഹമില്ല,
കാമ്പും കാതലുമില്ല.
എന്‍ഡോസള്‍ഫാന്‍
വിഷബാധയേറ്റ കുഞ്ഞിനെ പോലെ
അന്ത്യശ്വാസം വലിക്കുന്ന കുന്ന് .
അങ്ങോട്ട് സഹതാപത്തിന്റെ
ഒരു നോട്ടം മാത്രം.
ഇനി കഥകളില്ല.
ഇടറി വീഴുന്ന നോട്ടങ്ങളില്‍
ദൂരെ മഞ്ഞക്കുപ്പായമിട്ട യന്ത്ര വാഹനം.
ഇനി ഒരപായ സൂചന മാത്രം.
"ദൂരെ നിന്ന്‍
ഒരു ജെ. സി. ബി. ഇരമ്പി വരുന്നു!"
----ദീപ----
Wednesday, 14 March 2012
ഒരു ഫെയിസ്ബുക്ക് കഥ
എതിര്‍ ദിശയില്‍ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഹോണ്‍ മുഴക്കങ്ങളോ സൂര്യന്റെ കത്തുന്ന ചൂടോ അയാളെ അസ്വ്യസ്തനാക്കിയില്ല . കാറിനകത്തെ കുളിര്‍മയിലിരുന്നു ഹെഡ്സെറ്റില്‍ നിന്നും ഒഴുകിവരുന്ന സംഗീതത്തിനു സ്ടിയറിങ്ങില്‍ താളം പിടിച്ച്, ഗ്രീന്‍ സിഗ്നലിനായി കാത്തിരിക്കുന്നതിനിടയിലാണ് വിന്‍ഡോ ഗ്ലാസില്‍ തട്ടി കൈനീടിയ പച്ചപ്പാവടക്കാരി അയാളുടെ ശ്രദ്ധയില്‍ പെട്ടത് …
ഹെഡ്സെറ്റിലെ സംഗീതത്തിലേക്ക് മനസിനെ തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ ആരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു ….
പെട്ടന്ന് ബാഗിലേക്ക് കൈ നീട്ടിയ അയാളെ ഒരു പ്രതീക്ഷയോടെ അവള്‍ നോക്കി … നിഷ്കളങ്കത സ്പുരിക്കുന്ന കണ്ണുകള്‍.....
സിഗ്നല്‍ ചുവപ്പില്‍ നിന്നും പച്ചയാകുന്നതിനിടയില്‍ ബാഗില്‍ നിന്നും തന്റെ ക്യാമറ എടുത്ത് ഒരു ക്ലിക്ക്…
പച്ചപ്പവാടക്കാരിയുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ നിസ്സഹായമായ ഭാവം....
പിസ്സ കോര്‍ണറില്‍ എത്തി ഓര്‍ഡര്‍ കൊടുത്ത് കാത്തിരിക്കുന്നതിടയില്‍ ആ ചിത്രം തന്റെ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി .. ..
പിന്നെ അതൊന്നു ഫേസ് ബുക്കില്‍ അപ്പ് ഡേറ്റ് ചെയ്യും വരെ വല്ലാത്തൊരു തിരക്കായിരുന്നു …
പച്ചപ്പവാടക്കാരിയുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ നിസ്സഹായമായ ഭാവം....
പിസ്സ കോര്‍ണറില്‍ എത്തി ഓര്‍ഡര്‍ കൊടുത്ത് കാത്തിരിക്കുന്നതിടയില്‍ ആ ചിത്രം തന്റെ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി .. ..
പിന്നെ അതൊന്നു ഫേസ് ബുക്കില്‍ അപ്പ് ഡേറ്റ് ചെയ്യും വരെ വല്ലാത്തൊരു തിരക്കായിരുന്നു …
“വലിച്ചെറിയപ്പെട്ട ബാല്യങ്ങള്‍ - my new click”
തകര്‍പ്പനൊരു അടിക്കുറുപ്പും കൊടുത്തു ..
തകര്‍പ്പനൊരു അടിക്കുറുപ്പും കൊടുത്തു ..
സ്ഥിരമായി കമന്റ് ചെയ്യാറുള്ള 32 പേരെ ടാഗ് ചെയ്യുന്നതിനിടയില്‍ തന്നെ ആദ്യത്തെ ലൈക് വന്നു തൊട്ടു പിന്നാലെ ആദ്യ കമന്റും ,
“താങ്കളെപ്പോലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന താല്പര്യം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെയാണ് …ഭാവുകങ്ങള്‍ ”
ഉള്ളാലെ ഒന്ന് ചിരിച്ച് ആ കമന്റിനു ഒരു ലൈക് കൊടുത്തു …
തൊട്ടുപിന്നാലെ അടുത്ത കമന്റ് ,
തൊട്ടുപിന്നാലെ അടുത്ത കമന്റ് ,
“nic clik yar, bt I thnk I little prob n focsn, anywy nt bad”
“thx dr, I wl mak it bttr nxt tym”
പതിവുപോലെ മറുപടിയും കൊടുത്തു ഹോം പേജ് ലോഡ് ചെയ്യുമ്പോഴേക്കും മേശപ്പുറത്തു പിസ്സ റെഡി ..
പതിവുപോലെ മറുപടിയും കൊടുത്തു ഹോം പേജ് ലോഡ് ചെയ്യുമ്പോഴേക്കും മേശപ്പുറത്തു പിസ്സ റെഡി ..കഴിച്ചുതീരുന്നതിനിടയില്‍ ആകെ 21 likes , 17 coments..! എല്ല്ലാവരും ചിത്രത്തിന്റെ ഭംഗിയെപ്പറ്റി മാത്രം പറഞ്ഞിരിക്കുന്നു ….
ബില്‍ പേ ചെയ്തു കാറിനരികിലേക്ക് നടക്കുന്നതിനിടയില്‍ ആരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു ,
“ആ ജന്തു അനങ്ങാതെ നിന്നിരുന്നെങ്കില്‍ ഫ്രെയിം കുറച്ചൂടെ നന്നായേനെ ”
പക്ഷെ , അപ്പോഴും റെഡ് സിഗ്നലിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഓരോന്നിലും മാറിമാറി തട്ടി കൈ നീട്ടുകയായിരുന്നു അവള്‍ , ഇപ്പോഴൊന്നും പച്ച പ്രകാശം തെളിയരുതേ എന്നാ പ്രാര്‍ഥനയോടെ …….
എന്റെ പ്രിയ വായനക്കാരാ നിങ്ങളില്‍ നിന്നും ഞാന്‍ ഇത്ര മാത്രം പ്രതീക്ഷിക്കുന്നു .
“നന്ദി , ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു കനല്‍ ബാക്കി വച്ചതിന്….."
Monday, 27 February 2012
ഒറ്റച്ചോദ്യം
പച്ച ഞരമ്പുകളെയോര്‍ത്ത് കരയാറുള്ള ഒരു കുന്ന്
യന്ത്രക്കൈകള്‍ ഗര്‍ഭാശയ ഭിത്തിയില്‍
നഖം പൂഴ്ത്തുമ്പോള്‍ ഇപ്പോഴൊന്ന്‍ കണ്ണ് നനയാറുപോലുമില്ല .
ഉള്ളിലുറഞ്ഞു കൂടിയ ജീവനെ
അതേന്നെ പിഴുതു കളഞ്ഞിരിക്കുന്നു.....!!!
എത്രമേല്‍ മാന്തിക്കീറിയിട്ടും മതിവരാത്ത
മതിവരാത്ത ആസക്തി തീര്‍ക്കുവാന്‍
അതിപ്പോഴും കുന്നിന്റെ സഹോദരികളെ തിരഞ്ഞു നടക്കുന്നു.....
ചട്ടുകാലനായും കണ്ണുപൊട്ടനായും
സഹതാപത്തിന്റെ ഒട്ടകപ്പരിവേഷം
കുന്നിന്റെ ഇടങ്ങള്‍ കടിച്ചുതുപ്പുമ്പോള്‍
കാറ്റും മഴയും വെയിലുമെല്ലാം
നിസ്സഹായതയുടെ അപായച്ചങ്ങലയില്‍ ഏതോ
സിഗ്നല്‍ കാത്തുകിടക്കുന്നു.....
കുന്നിന്റെ അവസാന നിമിഷങ്ങളെ
ക്യാമറയും മൈക്കും മത്സരിച്ചാഘോഷിക്കുമ്പോഴും
അരികുകളില്‍ ബാക്കിയാവുന്നത്
നെഞ്ചകം പിഞ്ഞിയ ഒരായിരം അമ്മമാരുടെ ഒറ്റച്ചോദ്യം
"മോളെ! നിനക്കൊന്നുറക്കെ കരയാമായിരുന്നില്ലേ....?"
----ദീപ----
Wednesday, 15 February 2012
ആല്‍ഫ്രഡ് അദ്ധ്യായങ്ങളിലൂടെ.....
1.
നേര്‍ത്ത ഇരമ്പലോടെ തന്റെ അരികില്‍ വരെ എത്തുകയും ദേഹത്ത് തൊടാതെ അകന്നു പോകുകയും ചെയ്യുന്ന തിരമാലകളെ നോക്കി ആല്‍ഫ്രഡ് നിശബ്ദനായിരുന്നു. എത്രയോ സായാഹ്നങ്ങളില്‍ ഈ തിരമാലകള്‍ തന്നെ കെട്ടിപ്പുണര്ന്നിട്ടുണ്ടെന്ന് അയാളോര്‍ത്തു … പക്ഷെ ഇന്ന്‍ അതിന്റെ സൗന്ദര്യം തന്നെ അലിയിപ്പിക്കുന്നില്ല …അതിന്റെ ഉപ്പുകണക്കെ എന്തോ ഒന്ന് ആത്മവിലെവിടെയോ കട്ടപിടിച്ച് കിടക്കുന്നു … അതോ തന്റെ മനസ്സിലോ?
ആത്മാവ് ശ്വാസകോശത്തിലും മനസ് വാരിയെല്ലുകള്‍ക്കിടയിലും ആണെന്ന്‍ ഒരിക്കല്‍ ക്രിസ്ടി പറഞ്ഞത് അയാളോര്‍ത്തു … ഒരുപക്ഷെ അവള്‍ അത് കണ്ടെത്തിയിട്ടുണ്ടാകാം . . . പക്ഷെ എനിക്ക് ഇനിയും ഉത്തരങ്ങള്‍ വേണം.
ഈ ഒരു ചോദ്യത്തിന് മാത്രമല്ല , കടലിലേക്ക് മറയുന്ന സൂര്യന്‍ , താന്‍ പണ്ട് ഒരശ്ചര്യത്തോടെ, അല്ലെങ്കില്‍ അതിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച് നോക്കിനില്‍ക്കാറുള്ള സൂര്യാസ്തമയം.... മനസിനെ മടുപ്പിക്കുന്ന ഈ അവസ്ഥയില്‍ തന്നെ കൊണ്ടെത്തിച്ച ചോദ്യങ്ങക്കുള്ള ഉത്തരം …
“നിനക്ക് എന്റെ പഴയ ആല്‍ഫ്രഡ് ആക്കാന്‍ കഴിയുമോ ?” ഒരിക്കല്‍ അവളും ചോദിച്ചു ….ഏതു സ്വപ്നത്തില്‍ നിന്നാണ് അയാള്‍ക്ക് സ്വയം നഷ്ടമായത് …?
ഏതോ ഒരു ഇരുട്ടില്‍ ,കൊടും നിശബ്ദതയില്‍ സ്വന്തമെന്നു കരുതിയ പലതും നഷ്ടമായത് എപ്പോഴാണ്.....?
ഒടുവില്‍ അവളും …….?
2.
മഞ്ഞില്‍ ആഴ്ന്നിറങ്ങിയ കാല്‍ വലിച്ചൂരിയെടുത്ത് ആല്‍ഫ്രഡ് വീണ്ടും നടത്തമാരംഭിച്ചു…. ഇന്നലെ താന്‍ ഇവിടെയെത്തുമ്പോള്‍ എത്രയും മഞ്ഞ് ഉണ്ടായിരുന്നില്ലെന്ന്‍ അയാളോര്‍ത്തു . . . ഒലിവു മരങ്ങള്‍ക്കിടയിലെ ഇടിഞ്ഞു വീഴാറായ പള്ളിക്ക് മുകളില്‍ ചാരനിറത്തിലുള്ള കുരിശു വിറക്കുന്നതു പോലെ തോന്നി അയാള്‍ക്ക് ....
മഞ്ഞില്‍ ആഴ്ന്നിറങ്ങിയ കാല്‍ വലിച്ചൂരിയെടുത്ത് ആല്‍ഫ്രഡ് വീണ്ടും നടത്തമാരംഭിച്ചു…. ഇന്നലെ താന്‍ ഇവിടെയെത്തുമ്പോള്‍ എത്രയും മഞ്ഞ് ഉണ്ടായിരുന്നില്ലെന്ന്‍ അയാളോര്‍ത്തു . . . ഒലിവു മരങ്ങള്‍ക്കിടയിലെ ഇടിഞ്ഞു വീഴാറായ പള്ളിക്ക് മുകളില്‍ ചാരനിറത്തിലുള്ള കുരിശു വിറക്കുന്നതു പോലെ തോന്നി അയാള്‍ക്ക് ....പക്ഷെ അപ്പോഴും ആ ശരീരം ചുട്ടു പൊള്ളുകയായിരുന്നു… ..
ഞരവുകളിലൂടെ ചുടുചോര ഒഴുകുന്നു ..പ്രതികാരത്തിന്റെ ചൂട് ….
”ആല്‍ഫ്രഡ് നിനക്ക് ആരെയാണ് കൊല്ലേണ്ടത് ? ആല്‍ഫ്രഡ് നിനക്ക് കൊല്ലേണ്ടത് നിന്നെ തന്നെയാണോ ? ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവാണോ നീ ?”
3.
കല്ലറയില്‍ ചുവന്ന റോസാപ്പുക്കള്‍ അര്‍പ്പിക്കുമ്പോള്‍ ആല്‍ഫ്രഡ് നിശബ്ദനായിരുന്നു ….മനസ്സ് നീറുന്നുണ്ടായിരുന്നു…അയാളുടെ കണ്ണുകള്‍ക്ക് അധികനേരം പിടിച്ചു നില്‍ക്കാനാവാതെ ഒരു തുള്ളിക്കണ്ണീര്‍ അയാളില്‍ നിന്നും ഇറ്റു വീണു ....
വളരെ പെട്ടെന്നായിരുന്നു പ്രകൃതി നിറം മാറിയത് ..ഒരു ചാറ്റല്‍ മഴ .....
കണ്ണുനീര്‍ ആ മഴയിലലിഞ്ഞു …അയാള്‍ കരയുന്നത്, ആ കണ്ണ് നിറയുന്നത്... .അത് അവള്‍ക്കു സഹിക്കാനാവില്ലായിരുന്നു…..
----വൈശാഖ്----
Subscribe to:
Posts (Atom)
















