Thursday, 26 January 2012

ഇത് ?


എന്റെ വേദനകളെയൊന്നും തന്നെ
ഞാനിന്നേവരെ
പേരിട്ടു വിളിച്ചിട്ടില്ല.....
തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
  വികാരങ്ങളെ വേര്‍തിരിക്കാന്‍
വിഷമമായിരിക്കും.....
വേദനയും അനുഭൂതിയും
തമ്മിലുള്ള
അന്തരം പോലും മറന്നിരിക്കുന്നു....
ഇത്
തോല്‍വിയുടെ മനശാസ്ത്രമാവം,
അല്ലെങ്കില്‍,
                     ഒരു പരാജിതയുടെ വിലാപങ്ങളും.....              




----ദീപ----  

Tuesday, 24 January 2012

ഭ്രാന്തന്‍

അയാള്‍ ഒരു ഭ്രാന്തനാണ്.....
എങ്കിലും,
ഇരുള്‍ തിങ്ങിനിറഞ്ഞ
ഇടവഴിയില്‍ ഇപ്പോഴും  
കാത്തു നില്‍ക്കാറുണ്ട്....

കനലൂതിച്ചുവപ്പിച്ച 
ചോരക്കണ്ണുകള്‍
ഉറക്കത്തിലെന്നെ 
ഞെട്ടി ഉണര്‍ത്താറുണ്ട്....

ചങ്ങലക്കണ്ണികള്‍ 
കാര്‍ന്നുതിന്ന
അയാളുടെ കാലിലെ 
മുറിവുകള്‍  ഓര്‍ക്കുമ്പോള്‍ 
അറിയാതെ തേങ്ങിപ്പോകും....

നിറഞ്ഞൊഴുകുന്ന 
കണ്ണീര്‍ മണികള്‍ 
ഒരു കുമ്പിളെത്തുംവരെ 
 സൂര്യന് മറഞ്ഞിരിക്കാം....


പകലിന്റെ  ദൈന്യതയില്‍ 
ചുരുട്ടിക്കൂട്ടിയ തേങ്ങലുകള്‍ 
കരിപിടിച്ച അടുക്കള ഭിത്തിയില്‍ 
മറു പാട്ട് പാടുമ്പോള്‍ 
അയാളുടെ ഓര്‍മ്മകളെന്നെ 
വാരിപ്പുണരാരുണ്ട് ....   
               
എങ്കിലും അവന്റെ 
കണ്ണുകളിലെ കെടാത്ത തീ 
എനിക്ക്  ഭയമാണ്....




----ദീപ----

Friday, 6 January 2012

രക്തസാക്ഷി

മുറിബീഡിയിലെ 
അവസാനത്തെ  പുകയും
വലിച്ചെടുത്ത്
ഇവിടെ ഒരുവന്‍ 
ആയിരങ്ങള്‍ക്ക്  മുന്നില്‍ 
മാറ്റത്തിന്റെ 
കൈകളുയര്‍ത്തി …….



പ്രണയവും  വിപ്ലവവും 
സിരകളില്‍  നിറച്ച് 
അധികാരത്തിന്റെ  മടിത്തട്ടില്‍
കഠാര  കുത്തിയിറക്കി 
ചരിത്രത്തെ  കുത്തിക്കീറിയവന്‍….
ഒടുവില്‍,
മാറ്റത്തിന്റെ  അഗ്നിയില്‍  വെന്തുരുകി 
ശാസ്ത്രവും  പുരോഗതിയും  
വേഗം  കൂടിയപ്പോള്‍ 
പുറകേയോടി 
കാലുതളര്‍ന്ന്‍  വീണവന്‍ .…






കാലം  ഞരമ്പിലെ  ചുവപ്പിനെ
പുറത്തേക്കൊഴുക്കിയപ്പോള്‍,
അവിടെ  
ഒരു  രക്തസാക്ഷി  ജനിക്കുകയായി …..



----വൈശാഖ്----

Monday, 19 December 2011

എന്‍റെ പ്രണയമേ...........


എന്‍റെ പ്രണയമേ...........  

ഞരമ്പില്‍ കുത്തിയിറക്കിയ സൂചിയില്‍ നിന്നും ഓരോ തുള്ളിയായി എന്നിലേക്ക്‌ ആഴ്നിറങ്ങി,ഒരു അപ്പൂപ്പന്‍ താടി കണക്കെ എന്നെയും കൊണ്ട് മേഘങ്ങള്‍ക്കിടയിലെക്ക് പറന്ന ഏതോ ഒരുമയക്കുമരുന്നിന്‍റെ ലഹരി അതിന്‍റെ  നൂറിരട്ടി തീവ്രതയോടെ ഞാന്‍ ഇന്ന് അനുഭവിച്ചരിയുകയാണ്... 

ഒരുപക്ഷെ ഇതിനു മുന്‍പ് പലതവണ നിന്നെ ഞാന്‍ കണ്ടിട്ടുണ്ടാ വാം , ചീറിപ്പായുന്ന തീവണ്ടി ബോഗികള്‍ക്കിടയില്‍ നിന്‍റെ  മുഖം  എപ്പോഴുമെനിക്ക് അവ്യക്തമായിരുന്നു..ഒടുവില്‍ അപ്രതീക്ഷിതമായി ഈ കൂടിക്കാഴ്ച ...അത് ചുറ്റുമതിലുകള്‍ തല്ലിത്തകര്‍ത്തു എന്നെ കീഴടക്കിയിരിക്കുന്നു...അളവില്ലാത്ത അറ്റമില്ലാത്ത എന്‍റെ പ്രണയത്തെ  ലിഖിതമായ ഏതു നിയമങ്ങള്‍കൊണ്ടാണ് നിനക്ക് എതിര്‍ക്കുവാനാകുക....
                                     

                ഒരു മൗനത്തിനും  ഒരിറ്റു കണ്ണിരിനുമിടയില്‍ പ്രണയത്തെ ഒതുക്കിനിര്‍ത്തിയ വിധിയെ പഴിപറഞ്ഞ് ആത്മാക്കള്‍ കത്തിയെരിഞ്ഞ ചിതക്കരികില്‍ അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്നവര്‍ക്കുമുന്നിലെക്ക് ഞാന്‍ നിന്നെ കൊണ്ടു പോകാം .... എന്‍റെ കണ്ണില്‍ കത്തിനില്‍ക്കുന്ന പ്രണയത്തെ നീ  ആത്മാവിലേക്ക്  ആവാഹിക്കും  വരെ .... 


എന്‍റെ  പ്രണയമേ..... ആയിരം  കണികകളായി  ചിന്നിച്ചിതറി   ഞാന്‍  നിന്നില്‍  നിറയാം.......
                     എനിക്ക്  നിന്നിലെത്താനുള്ള  വഴികളില്‍  പ്രകാശത്തിന്‍റെ നേര്‍ത്ത  രശ്മികള്‍  പോലും  മുറിഞ്ഞു  പോകുന്ന  ഇരുട്ട് ...നിന്‍റെ മൗനം അതിന്‍റെ മൂര്‍ച്ച  കൂട്ടുന്നു ... ഞാന്‍  നിന്‍റെ  വാക്കുകള്‍ക്കായി  കാത്തിരിക്കുന്നു....എനിക്ക്‌ നിന്നിലെത്താന്‍ .....
നിന്നില്‍ നിറയാന്‍....






----വൈശാഖ്‌----

Saturday, 17 December 2011

ഭാര്യ

എല്ലാ  മോഹങ്ങളും 
ഒരു നുള്ള്  സിന്ദൂരത്തില്‍ 
ചുവപ്പിച്ചെടുത്തു.....



സ്വപ്നങ്ങള്‍ക്ക്  
ദയാവധം വിധിച്ചവര്‍ക്ക് വേണ്ടി
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...


ഊറ്റിക്കുടിച്ചിട്ടും 
മതിവരാത്ത ആസക്തിക്ക് മുമ്പില്‍ 
ചോര പൊടിയുവോളം 
അവയവങ്ങളെ വിട്ടു കൊടുത്തു....


കിടപ്പറയിലെ കുരുതിക്കൊടുക്കം
മരവിപ്പിന്റെ ബീജവും പേറി 
പൊള്ളുന്ന പനിച്ചൂടില്‍ 
ഒരു പകല്‍ മയക്കം......





അകത്തെ പെണ്ണ്‍
മുറിയിലടയിരിക്കുന്നെന്നും പറഞ്ഞ്
അമ്മായമ്മയുടെ മുറുമുറുപ്പ്....


വേച്ച്  വേച്ച്  നടന്നു വന്ന്
അടുക്കളയിലെത്തിയപ്പോള്‍
അടുപ്പില്‍ ശൂന്യതയുടെ 
ഭാര്യാ സങ്കല്‍പ്പം !!!



----ദീപ ----

കടം

ചോറ്റുപാത്രം തുറക്കാറില്ല 
കൂട്ടുകാരുടെ മുന്നില്‍ വച്ച് 
കാരണം എന്റെ അന്നത്തിന്
ശൂന്യതയുടെ മണമാണ്.....





ആരോ വലിച്ചെറിഞ്ഞുപോയ 
കുറ്റി ബീഡിയില്‍ വിശപ്പൊതുക്കുന്ന 
കുഞ്ഞനിയനോടരുതെന്ന്‍ പറയാറില്ല,
കാരണം അവന്റെ  മറു ചോദ്യങ്ങള്‍ക്ക് 
എനിക്ക്  ഉത്തരമില്ല....

അമ്മയുടെ ഒട്ടിയ വയറിന്
അടുപ്പിനോട് പരാതിയില്ല,
കാരണം ഉമ്മറത്ത് ചുരുണ്ടുകൂടി 
ചുമച്ച്  ചുമച്ച് തീ തുപ്പുന്ന അച്ഛന്‍.....





മരുന്ന് കടയിലെ മറവിക്കാരനോട്
ഇനിയും കടം പറയാനാവില്ല...
അതിനാല്‍ ഒടുക്കത്തെ കടം പറഞ്ഞു!
ഒരു കുപ്പി വിഷം
മൂന്നു തുള്ളി വീതം നാല് പേര്‍ക്ക്....!!! 



----ദീപ----
  

Friday, 16 December 2011

ഒരുവേള



അഗ്നിയെ ചുംബിക്കാന്‍
ഒരുങ്ങിയപ്പോഴും 
ഓര്‍ത്തില്ലേ,  ഒരുവേള പോലും...,
മടിശീലയിലിറുക്കി വച്ച    
മുഷിഞ്ഞ നോട്ടിലെ 
ചുളിവുകളോട് കിടപിടിച്ച്
"മോളുച്ചയ്ക്ക് വല്ലതും വാങ്ങിക്കഴിക്കണേ"
എന്ന് പറയുന്ന ഒരമ്മയുടെ മുഖം?


   കണ്ണീരു കുളുപ്പം മാറാത്ത  
അടുപ്പിലെ ചാരക്കുട്ടത്തില്‍ 
ശ്വാസകോശത്തെ ഹോമിച്ച്
നിന്‍റെ ഉറക്കച്ചടവ് മാറ്റുവാന്‍ 
വച്ച് നീട്ടുന്ന 
ഒരു ഗ്ലാസ്‌ കട്ടന്‍ ചായ?


അരുതെന്ന്  വിലക്കുമെങ്കിലും 
അരുമയായിരുന്നില്ലേ
അമ്മയ്ക്ക് നീ എന്നും....
ഇന്നലെ കണ്ടവന്‍ തള്ളിപ്പറഞ്ഞപ്പോഴേക്കും 
അഗ്നിയെ വാരിപ്പുണരുവാന്‍
വേണമായിരുന്നോ,
റേഷന്‍ കടയിലെ 
ഉറുമ്പ് നിരയുടെ അങ്ങേ തലയ്ക്കല്‍ 
കടക്കാരന്‍ മുഖം കറുപ്പിച്ചമ്മയ്ക്ക് 
ഔദാര്യം നല്‍കിയ 
ഒരു കന്നാസ്  മണ്ണെണ്ണ?


----ദീപ----