Wednesday, 15 February 2012

ആല്‍ഫ്രഡ്‌ അദ്ധ്യായങ്ങളിലൂടെ.....


1.                                                                    
                                                      
                                                      
       നേര്‍ത്ത  ഇരമ്പലോടെ  തന്റെ  അരികില്‍  വരെ  എത്തുകയും  ദേഹത്ത്   തൊടാതെ  അകന്നു  പോകുകയും  ചെയ്യുന്ന  തിരമാലകളെ   നോക്കി  ആല്‍ഫ്രഡ്‌  നിശബ്ദനായിരുന്നു. എത്രയോ  സായാഹ്നങ്ങളില്‍  ഈ  തിരമാലകള്‍  തന്നെ  കെട്ടിപ്പുണര്ന്നിട്ടുണ്ടെന്ന്   അയാളോര്‍ത്തു … പക്ഷെ  ഇന്ന്‍ അതിന്റെ   സൗന്ദര്യം  തന്നെ  അലിയിപ്പിക്കുന്നില്ല …അതിന്റെ   ഉപ്പുകണക്കെ  എന്തോ  ഒന്ന്  ആത്മവിലെവിടെയോ  കട്ടപിടിച്ച്   കിടക്കുന്നു … അതോ  തന്റെ  മനസ്സിലോ?
ആര്‍ക്കാണ്  ഉത്തരം  നല്‍കാനാവുക? 
ആത്മാവ്  ശ്വാസകോശത്തിലും  മനസ്  വാരിയെല്ലുകള്‍ക്കിടയിലും ആണെന്ന്‍  ഒരിക്കല്‍  ക്രിസ്ടി പറഞ്ഞത്   അയാളോര്‍ത്തു … ഒരുപക്ഷെ  അവള്‍  അത്  കണ്ടെത്തിയിട്ടുണ്ടാകാം . .  . പക്ഷെ  എനിക്ക്  ഇനിയും  ഉത്തരങ്ങള്‍  വേണം. 
ഈ  ഒരു  ചോദ്യത്തിന്  മാത്രമല്ല , കടലിലേക്ക്  മറയുന്ന  സൂര്യന്‍ , താന്‍  പണ്ട്  ഒരശ്ചര്യത്തോടെ, അല്ലെങ്കില്‍  അതിന്റെ  മുഴുവന്‍  സൗന്ദര്യവും  ആവാഹിച്ച്  നോക്കിനില്‍ക്കാറുള്ള  സൂര്യാസ്തമയം....  മനസിനെ  മടുപ്പിക്കുന്ന  ഈ  അവസ്ഥയില്‍  തന്നെ  കൊണ്ടെത്തിച്ച  ചോദ്യങ്ങക്കുള്ള  ഉത്തരം …
“നിനക്ക്  എന്റെ  പഴയ  ആല്‍ഫ്രഡ്‌  ആക്കാന്‍  കഴിയുമോ ?” ഒരിക്കല്‍  അവളും  ചോദിച്ചു ….ഏതു സ്വപ്നത്തില്‍  നിന്നാണ്  അയാള്‍ക്ക്   സ്വയം  നഷ്ടമായത് …?
ഏതോ  ഒരു  ഇരുട്ടില്‍ ,കൊടും  നിശബ്ദതയില്‍  സ്വന്തമെന്നു  കരുതിയ  പലതും  നഷ്ടമായത്  എപ്പോഴാണ്.....?
ഒടുവില്‍  അവളും …….?







2.                                             

                                                          മഞ്ഞില്‍  ആഴ്ന്നിറങ്ങിയ  കാല്‍  വലിച്ചൂരിയെടുത്ത്  ആല്‍ഫ്രഡ്‌   വീണ്ടും  നടത്തമാരംഭിച്ചു….  ഇന്നലെ  താന്‍ ഇവിടെയെത്തുമ്പോള്‍  എത്രയും  മഞ്ഞ്  ഉണ്ടായിരുന്നില്ലെന്ന്‍  അയാളോര്‍ത്തു . . . ഒലിവു  മരങ്ങള്‍ക്കിടയിലെ  ഇടിഞ്ഞു  വീഴാറായ  പള്ളിക്ക്  മുകളില്‍  ചാരനിറത്തിലുള്ള  കുരിശു  വിറക്കുന്നതു പോലെ  തോന്നി  അയാള്‍ക്ക് ....
പക്ഷെ  അപ്പോഴും  ആ  ശരീരം  ചുട്ടു  പൊള്ളുകയായിരുന്നു…..
ഞരവുകളിലൂടെ   ചുടുചോര   ഒഴുകുന്നു ..പ്രതികാരത്തിന്റെ  ചൂട് ….
”ആല്‍ഫ്രഡ്‌  നിനക്ക്  ആരെയാണ്  കൊല്ലേണ്ടത് ?   ആല്‍ഫ്രഡ്‌  നിനക്ക്  കൊല്ലേണ്ടത്  നിന്നെ  തന്നെയാണോ ?   ആത്മഹത്യ  ചെയ്യാന്‍  മാത്രം  ഭീരുവാണോ  നീ ?”






3.                              

                             
                                                             
 കല്ലറയില്‍  ചുവന്ന  റോസാപ്പുക്കള്‍ അര്‍പ്പിക്കുമ്പോള്‍  ആല്‍ഫ്രഡ്‌  നിശബ്ദനായിരുന്നു ….മനസ്സ്    നീറുന്നുണ്ടായിരുന്നു…അയാളുടെ  കണ്ണുകള്‍ക്ക്  അധികനേരം  പിടിച്ചു  നില്‍ക്കാനാവാതെ  ഒരു  തുള്ളിക്കണ്ണീര്‍  അയാളില്‍  നിന്നും  ഇറ്റു വീണു ....
വളരെ  പെട്ടെന്നായിരുന്നു   പ്രകൃതി  നിറം  മാറിയത് ..ഒരു  ചാറ്റല്‍  മഴ .....
കണ്ണുനീര്‍  ആ  മഴയിലലിഞ്ഞു …അയാള്‍  കരയുന്നത്, ആ  കണ്ണ്  നിറയുന്നത്...  .അത്  അവള്‍ക്കു  സഹിക്കാനാവില്ലായിരുന്നു…..





----വൈശാഖ്----

Saturday, 28 January 2012

വീണ്ടും ഒന്ന് മുതല്‍


ഇവിടെ
കടലെടുത്ത് ചോര  വാര്‍ന്നു  തുടങ്ങിയ  ഒരു  തീരം .....
മായ്ക്കാന്‍  എഴുത്തുകളില്ലാത്ത  വിധിയെ  പഴി  പറഞ്ഞ്
വീണ്ടും  വീണ്ടും  ശക്തികൂട്ടുന്ന  തിരമാലകള്‍ .....
മരവിച്ച  ഉപ്പുകട്ടയില്‍  മുഖം  പൂഴ്ത്തി 
കണ്ണീരിന്റെ  കയ്പ്പ്   മാറ്റുന്ന  ഒരു  മനുഷ്യന്‍ ....



നഷ്ടങ്ങള്‍  പേറി
മുതുകൊടിഞ്ഞവന്റെമേല്‍  വീണ്ടും  ആഗോള  താപനത്തിന്റെ 
     ശിക്ഷാമുറകള്‍ ……
ലക്ഷ്യസ്ഥാനത്തിനു  മുന്നില്‍  തളര്‍ന്നു  വീണവന്റെ  നിസ്സഹായത ….
പിന്നെ …….,
പശ്ചാത്താപത്തിന്റെ  ,ഉപ്പു ചേര്‍ത്ത  കണ്ണീര്‍  വീണ  മണ്ണില്‍ 
തളര്‍ന്നു  നിന്ന്  ,എണ്ണിപ്പഠിച്ച അക്കങ്ങള്‍  മറന്ന്‍
വീണ്ടും  ഒന്ന്  മുതല്‍ …..








----വൈശാഖ്----


ഒരു  പള്ളിക്കവാടം
 നീണ്ട ഇടനാഴിക്കപ്പുറം 
രക്തത്തില്‍ കുളിച്ച് 
ക്രൂശിത രൂപം.
തൊട്ടടുത് 
രോഗശാന്തിക്കായ്‌ 
മുട്ടിപ്പായ് പ്രാര്‍ഥിക്കുന്ന 
ഒരു വൃദ്ധന്‍ 
അയാളുടെ 
കണ്ണീരിന്റെ ഉപ്പ്
മുറിവുകളില്‍ കൊടിയ വേദന 
നിറയ്ക്കുമ്പോള്‍ 
ഒന്നു പിടയാന്‍ പോലുമാവാതെ
കുരിശില്‍ നിസ്സഹായനായ് 
യേശു ദേവന്‍ 




----ദീപ----

ഒരുവന്റെ കഥ.....

ടിക്കറ്റില്ലാത്ത  യാത്രക്കാരനെ പോലെ 
കനത്ത നെഞ്ചിടിപ്പുമായ് 
ജനനത്തിനും മരണത്തിനുമിടയില്‍ 
ഒരു കണ്ണു  പൊത്തിക്കളി.

മുനയൊടിഞ്ഞ  പെന്‍സിലിന്റെ അറ്റം
പല്ലുകൊണ്ട് കടിച്ചു കീറി 
ഗള്‍ഫ്‌  'കട്ടറു'മായിരിക്കുന്നവനോട്
അസൂയയുടെ രണ്ടര സെന്റിമീറ്റര്‍ 
പെന്‍സിലും പിടിച്ച് 
ഉള്ളിലെ നാണക്കേട്‌ മാറ്റുവാന്‍ 
ഒരു പരിഹാസ്യ ഭാവം...

പ്രണയിനിക്ക്  പകുത്തു നല്‍കാന്‍ 
ഒരുക്കി വച്ച ഹൃദയത്തില്‍ 
കാശുള്ളവന്റെ ബൈക്കിന്റെ 
പുറകിലിരുന്നു അവള്‍ 
വെളുത്ത പല്ല് കൊണ്ട്  കോറിയപ്പോള്‍
വായിച്ചു മടുത്ത പുസ്തകങ്ങളില്‍ 
കലങ്ങിയ കണ്ണും നട്ട് മുളപ്പിച്ചെടുത്ത 
'ബുജി' എന്നാ വിളിപ്പേര്....


എന്നിട്ടും തീരാ നൊമ്പരങ്ങളുടെ 
മൂളലിനിടയില്‍  
മൂട്ട വിളക്കിന്റെ പുകച്ചൂടില്‍ 
ചിറകു കരിഞ്ഞൊരു വീഴ്ച്ച....

അപ്പോഴും ടിക്കറ്റ് എക്സാമിനറുടെ മുഖത്ത്
ഇല്ലാത്ത ടിക്കറ്റ്  തപ്പാന്‍
കീശയിലിടാന്‍ 
കൈയില്ലാത്തവനോടുള്ള  
ദയനീയ ഭാവം....

......വൈശാഖ്‌....-



Thursday, 26 January 2012

ഇത് ?


എന്റെ വേദനകളെയൊന്നും തന്നെ
ഞാനിന്നേവരെ
പേരിട്ടു വിളിച്ചിട്ടില്ല.....
തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
  വികാരങ്ങളെ വേര്‍തിരിക്കാന്‍
വിഷമമായിരിക്കും.....
വേദനയും അനുഭൂതിയും
തമ്മിലുള്ള
അന്തരം പോലും മറന്നിരിക്കുന്നു....
ഇത്
തോല്‍വിയുടെ മനശാസ്ത്രമാവം,
അല്ലെങ്കില്‍,
                     ഒരു പരാജിതയുടെ വിലാപങ്ങളും.....              




----ദീപ----  

Tuesday, 24 January 2012

ഭ്രാന്തന്‍

അയാള്‍ ഒരു ഭ്രാന്തനാണ്.....
എങ്കിലും,
ഇരുള്‍ തിങ്ങിനിറഞ്ഞ
ഇടവഴിയില്‍ ഇപ്പോഴും  
കാത്തു നില്‍ക്കാറുണ്ട്....

കനലൂതിച്ചുവപ്പിച്ച 
ചോരക്കണ്ണുകള്‍
ഉറക്കത്തിലെന്നെ 
ഞെട്ടി ഉണര്‍ത്താറുണ്ട്....

ചങ്ങലക്കണ്ണികള്‍ 
കാര്‍ന്നുതിന്ന
അയാളുടെ കാലിലെ 
മുറിവുകള്‍  ഓര്‍ക്കുമ്പോള്‍ 
അറിയാതെ തേങ്ങിപ്പോകും....

നിറഞ്ഞൊഴുകുന്ന 
കണ്ണീര്‍ മണികള്‍ 
ഒരു കുമ്പിളെത്തുംവരെ 
 സൂര്യന് മറഞ്ഞിരിക്കാം....


പകലിന്റെ  ദൈന്യതയില്‍ 
ചുരുട്ടിക്കൂട്ടിയ തേങ്ങലുകള്‍ 
കരിപിടിച്ച അടുക്കള ഭിത്തിയില്‍ 
മറു പാട്ട് പാടുമ്പോള്‍ 
അയാളുടെ ഓര്‍മ്മകളെന്നെ 
വാരിപ്പുണരാരുണ്ട് ....   
               
എങ്കിലും അവന്റെ 
കണ്ണുകളിലെ കെടാത്ത തീ 
എനിക്ക്  ഭയമാണ്....




----ദീപ----

Friday, 6 January 2012

രക്തസാക്ഷി

മുറിബീഡിയിലെ 
അവസാനത്തെ  പുകയും
വലിച്ചെടുത്ത്
ഇവിടെ ഒരുവന്‍ 
ആയിരങ്ങള്‍ക്ക്  മുന്നില്‍ 
മാറ്റത്തിന്റെ 
കൈകളുയര്‍ത്തി …….



പ്രണയവും  വിപ്ലവവും 
സിരകളില്‍  നിറച്ച് 
അധികാരത്തിന്റെ  മടിത്തട്ടില്‍
കഠാര  കുത്തിയിറക്കി 
ചരിത്രത്തെ  കുത്തിക്കീറിയവന്‍….
ഒടുവില്‍,
മാറ്റത്തിന്റെ  അഗ്നിയില്‍  വെന്തുരുകി 
ശാസ്ത്രവും  പുരോഗതിയും  
വേഗം  കൂടിയപ്പോള്‍ 
പുറകേയോടി 
കാലുതളര്‍ന്ന്‍  വീണവന്‍ .…






കാലം  ഞരമ്പിലെ  ചുവപ്പിനെ
പുറത്തേക്കൊഴുക്കിയപ്പോള്‍,
അവിടെ  
ഒരു  രക്തസാക്ഷി  ജനിക്കുകയായി …..



----വൈശാഖ്----