Sunday, 4 December 2011

അരുത്

നീ പെണ്‍കുട്ടിയാണ്.....

അതിനാല്‍ നീ ശരീരം പുറത്തുപറയരുത്......
വേട്ടയാടി തീര്‍ന്ന മുലക്കണ്ണിന്റെ ആഴങ്ങളില്‍
അമ്മിഞ്ഞപ്പാല്‍ ഉറവ വറ്റുമ്പോഴും.
തൊഴുതു പിടിച്ച  കൈകള്‍ തട്ടിമാറ്റി
നിന്നെ കീഴടക്കിയ കിതപ്പിനടിയില്‍പ്പെട്ടു
വാക്കുകളില്ലാതെ തേങ്ങുമ്പോഴും
 നഷ്ടപ്പെട്ട സമചിത്തത വീണ്ടെടുത്ത്
നീ നിന്റെ ശരീരത്തെ പറ്റി മാത്രം പറയരുത്.....  

മൂക്കും മുലയും നഷ്ടപ്പെട്ട ശൂര്‍പ്പണഖയും
അഴിഞ്ഞാട്ടക്കാരിയെന്ന് തീര്‍പ്പുകല്‍പ്പിച്ച്
സ്മാര്‍ത്തം ചെയ്യപ്പെട്ട താത്രിക്കുട്ടിയും
സംസാരിച്ചതിനാല്‍ കൊടും പാപികളാണ്....
അതിനാല്‍ അറിയാതെ പോലും
നീ നിന്റെ ശരീരത്തെ പറ്റി ഓര്‍ത്തു പോവരുത്.....







----ദീപ----

Friday, 2 December 2011

മുല്ലപ്പെരിയാര്‍....


നാളെയിവിടെ ആയിരം ശവക്കല്ലറകള്‍ ഉയര്‍ന്നേക്കാം .....

ഉപ്പുവെള്ളത്തില്‍ കിടന്നു മരവിച്ച മസ്തിഷ്കവുമായി
ചിലര്‍ വട്ടമെശക്ക് ചുറ്റുമിരിക്കുന്നു....
അധികാരം നഷ്ടപ്പെട്ട മറ്റുചിലര്‍
ചുവരുകള്‍ക്ക് പിറകില്‍ 
മുദ്രാവാക്യം വിളിക്കുന്നു....
പത്തുപേര്‍ ചേര്‍ന്ന് നൂറുപേരെ പഴിപറയുന്നു...
പക്ഷെ .... 
നാളെ ഇവിടെ ആയിരം ശവക്കല്ലറകള്‍ ഉയരും..
ഒരു പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍....
പിറക്കുന്നതിനുമുന്‍പ്‌ പൊക്കിള്‍ക്കൊടി അറ്റുപോയ ഭ്രുണങ്ങള്‍..
കണ്ണുപൊത്തി കാതുകള്‍ കുത്തിയടച്ച്
നിസ്സഹായരായി ചിലര്‍ .........
ഒരിറ്റു വായുവിനായി പിടയുന്ന ശ്വാസകോശത്തിലെക്ക്
പ്രകാശവേഗതയില്‍ മരണജലം കുത്തിനിറക്കപ്പെടും....
എനിക്ക് ആരെയും പഴിപറയാനില്ല ..
യാ അല്ലാഹ്....
മുപ്പതു ലക്ഷം ആത്മാക്കള്‍ കത്തിയെരിയാനിരിക്കുന്ന 
ചിതക്ക് മുന്നിലേക്ക്‌ എന്‍റെ സഹോദരങ്ങളെ തള്ളിവിടാതിരിക്കു...............




                                  ----വൈശാഖ്‌----

Sunday, 27 November 2011

ആത്മാവിന് ഒരു കത്ത്...........

പ്രിയപ്പെട്ട നിരഞ്ജന്‍ ,
                           ആദ്യത്തെ കത്ത് നിനക്ക് കിട്ടി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്....  
മനുഷ്യര്‍ പൊതുവേ അങ്ങനെയാണെന്ന് തോന്നുന്നു,..
കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ഒരുപാട് സന്തോഷിക്കും... അത് പോലെ വിഷമിക്കുകയും ചെയ്യും. വളരെയേറെ അസ്ഥിരമായ ജീവിതത്തില്‍ നമുക്ക്‌ എല്ലാം സ്ഥിരമായി വേണം... നാളിതുവരെ ചെയ്തുകൂട്ടിയതും ഇനി ചെയ്യനിരിക്കുന്നതുമെല്ലാം ആ സ്ഥിരത്വത്തിനായുള്ള  അധ്വാനമാണ്....
   അയ്യോ... മുഷിപ്പിച്ചോ ഞാന്‍? അത് പോട്ടെ ...നിനക്ക് സുഖമല്ലേ?

 എത്ര പെട്ടന്നാണ് ഓരോ മഴക്കാലവും വേനല്‍ക്കാലത്തിനുവേണ്ടി വഴിമാറുന്നത് അല്ലെ? നിനക്ക് ഓര്‍മ്മയുണ്ടോ,ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും നമ്മള്‍ ഒരു ക്ലാസ്സില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങിയത്, അത് ഒരു മഴക്കലത്തായിരുന്നു.....ഒരു ജൂണ്‍ മാസം ....സൌഹൃദത്തിന്റെ നേരിയ നൂലിഴകള്‍ ശ്രദ്ധയോടെ കോര്‍ത്ത്‌ അകലാന്‍ പറ്റാത്തവിധം നമ്മള്‍ അടുത്തതും അതെ മഴക്കാലത്തിന്റെ ഇരുള്‍ പടര്‍ന്നുതുടങ്ങിയ ഒരു ഓഗസ്റ്റ്‌ സന്ധ്യയിലയിരുന്നു..
ആ ചാറ്റല്‍ മഴയില്‍ കൈകോര്‍ത്തുപിടിച്ച് വീണ്ടും ആ വഴികളിലൂടെ നടക്കാന്‍,...എണ്ണക്കറുപ്പന്‍  കാക്കകളെക്കുറിച്ച് വായ്തോരാതെ സംസാരിക്കാന്‍ .....ശരിക്കും ഇപ്പോഴും മനസ്സ്   ഒരുപാട് കൊതിക്കുന്നുണ്ട് .....

 ഞാന്‍ പറഞ്ഞിട്ടില്ലേ എന്‍റെ പുതിയ ക്ലാസ്സ് മുറിയെപ്പറ്റി? ഗേറ്റ് കടന്നാല്‍ നേരയുള്ള പച്ചപ്പുല്ല്പിടിച്ച കയറ്റുപടികള്‍ അവസാനിക്കുന്നത് ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റിന് മുന്നിലാണ്.......അതിനുള്ളിലേക്ക്‌ കടന്നാല്‍ പേടിപ്പിക്കുന്ന ഒരുതരം മൂകത.....ഇരുട്ടു ഉറഞ്ഞുകൂടി ചുവരുകള്‍ക്കുപോലും രാത്രിയുടെ നിറമായിരിക്കുന്നു......അനുമതിയില്ലാതെ അകത്തുവരുന്ന വാതായനങ്ങളെ പലപ്പോഴും ഇരുട്ടു വിഴുങ്ങുന്നത് അനുഭവിച്ചറിയാം.........ആ നിശബ്ദത ഞാന്‍ ആസ്വദിക്കാറുണ്ട്...........
 നിനക്കറിയാമല്ലോ,തനിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒത്തിരി ബഹളങ്ങളുടെ ഇടയിലായിരിക്കും ...ആരൊക്കെയോ പറയാന്‍ ബാക്കിവെച്ച ചില അസ്വസ്ഥതകളുടെ ഒച്ചപ്പാടുകള്‍.....തനിയെ ഇരിക്കുമ്പോള്‍ പുറകില്‍നിന്നു ആരോ വിളിക്കുന്നതുപോലെ തോന്നും..സങ്കല്‍പ്പത്തിന്റെ പഴുതുകള്‍ എവിടെ എപ്പോഴും തുറന്നുകിടക്കുന്നത് കൊണ്ടാവാം ............സ്വപ്നങ്ങളുടെ ഈര്‍പ്പം സാദാ യാഥാര്ത്യങ്ങളുടെ മുഷിഞ്ഞ ചൂടിനെ ശമിപ്പിച്ചുകൊണ്ടിരിക്കുന്നു ....വളഞ്ഞുപുളഞ്ഞ മരക്കോണികള്‍ കയറിച്ചെന്നാല്‍ എന്‍റെ ക്ലാസ്സെത്തി ..അനേകം കിളിവാതിലുകളുള്ള ഒരു ബാല്‍ക്കണി ക്ലാസ്സിനെ ആലിംഗനം ചെയ്തിരിക്കുന്നു ...ക്ലാസ്സിലിരിക്കുമ്പോഴും മഴയും കാറ്റും പച്ചപ്പും ഞങ്ങളുടെ കണ്ണുകളെ കവര്‍ന്നെടുക്കും...ഇനിവരുന്ന ഏതാനും മാസങ്ങള്‍ക്കുശേഷം ഒരു അധ്യാപികയായി തിരിച്ചുവരവില്ലെകില്‍ , ഈ കലാലയത്തിനു നല്‍കാന്‍ എന്‍റെ പക്കല്‍ കണ്ണീര്‍ കലര്‍ന്ന ഒരു വിട മാത്രം ......സങ്കടങ്ങളും സന്തോഷങ്ങളും എന്നെപ്പഠിപ്പിച്ച അമ്മയോട് ഏത് ഹൃദയവിശാലതകൊണ്ട് നന്ദി പറഞ്ഞാലാണ്‌ മതിവരിക? ....എന്‍റെ കോളേജിനെകുറിച്ച് പറയുമ്പോള്‍ ഞാനിത്തിരി over emotional ആകുന്നുണ്ട്? I know you can understand it….
 
     ഇന്ന്‍ ഇവിടെ ചാറ്റല്‍ മഴയായിരുന്നു ......ഞാന്‍ പറഞ്ഞിട്ടില്ലേ തൂവാനത്തുമ്പികളിലെ ക്ലാരയെപ്പറ്റി ? അതുപോലെ................, അവളെപ്പോലെ ഒരു മഴ ....പറയാതെ വന്നു പറയാതെ പോയ മഴ ....ഒരുപക്ഷെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ മഴ............ഇവിടെ കുളത്തില് നിറച്ചും വെള്ളമായി ,,പണ്ട് കുട്ടിക്കാലത്ത് അതില്‍ നിന്നും കണ്ണികളെ പിടിച്ചു കുപ്പിയിലിടുന്നതുവരെ ഒരു വെപ്രാളായിരിക്കും..അതെങ്ങാന്‍ ചത്തുപോയാലോ...,ഒരുതരം നോവ്‌...ഒരു ഒറ്റപ്പെടല്‍ പോലെ തോന്നും...പക്ഷെ മഴക്കാലം കഴിഞ്ഞാല്‍ അവറ്റകളെ പാടെ മറക്കും......
                                          ഈ കത്തുംവച്ച് ഇന്നിത് മൂന്നാമത്തെ ദിവസമാണ്....ഇന്നെങ്കിലും ഇതു മുഴുവനാക്കി നിനക്ക്  പോസ്റ്റ്‌ ചെയ്യണം...എവിടെ ഇടതടവില്ലാതെ മഴപെയ്തുകൊണ്ടിരിക്കുന്നു.....അത് ശരീരത്തില്‍നിന്നും മനസിലേക്ക്‌ പിന്നെ ആത്മാവിലേക്ക് പടര്‍ന്നുകയറുന്നു ..ഉപാധികളില്ലാതെ മഴ എന്നെ സ്നേഹിക്കുന്നു ...ഒടുവില്‍ സുഖമുള്ള നോവുകള്‍ സമ്മാനിച്ച് എങ്ങോ മറയുന്നു.........ഈ മഴ നീയാണെന്ന് എനിക്ക് എപ്പോഴും തോന്നും...അപ്പോള്‍ അത് ഒരിക്കലും തീരല്ലേ എന്നു പ്രാര്‍ത്ഥിക്കും..കാരണം നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു ....നീ പറയരുള്ളപോലെ നല്ല  കൂട്ടുകാര്‍ മിനുസമേറിയ ചുവര്‍ പോലെയാണ് യഥാര്‍ത്ഥ സൗഹൃദം അവിടെ പ്രതിധ്വനിക്കുന്നു .....
                              എന്തൊക്കെയോ പറഞ്ഞു ബുദ്ധിമുട്ടിച്ചോ ഞാന്‍ ? എന്‍റെ വട്ട് നിനക്ക് അറിയാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ? എന്തായാലും ഇപ്പോ ഇത്ര മതി ...ഈ കത്തിനു ഞാന്‍ ഒരു മറുപടി പ്രതീഷിക്കുന്നു......നിന്നെ എത്രയും പെട്ടന്ന് കാണാനാകുമെന്ന വിശ്വാസത്തോടെ ,

                                                                            
                                                                                നിന്‍റെ മാത്രം....
                                                                                   ആയിഷ.




----ദീപ---- 

Sunday, 13 November 2011

ഓര്‍മകള്‍ക്ക് മീതെ ഇനിയും
വികാരങ്ങള്‍ കണ്ണീരണിയും ...
തിരിച്ചു വരാതെ പോയ
കാലത്തിന്റെ  വിസ്തൃതിയില്‍
ഒരിക്കലെങ്കിലും ഞാനും
നിരാശപ്പെട്ടിരിക്കും...
നിറഞ്ഞു കവിയുന്ന
കാപട്ട്യത്തിന്റെ ചുണ്ടില്‍
കാമക്കഴുകന്മാര്‍ വീണ്ടും വീണ്ടും
ചുടു ചുംബനങ്ങള്‍ നല്‍കും...
പഴുത്തു തുടങ്ങിയ വ്രണങ്ങളില്‍
ഇനിയും പുഴുക്കള്‍ വിശപ്പകറ്റും...
എരിഞ്ഞു തീരുന്ന പകലിന്റെ മാറില്‍
രാത്രി, ക്രൂരമായി
ഇരുട്ടിന്റെ കഠാര കുത്തിയിറക്കും...
മഞ്ഞു പൊഴിയുന്ന ശ്വേത രാവുകള്‍
രക്തക്കറയാല്‍ കൊടുംഭീകരമാവും...
പിറക്കുന്നതിന്‍ മുന്‍പേ
ഇനിയും ഭ്രൂണങ്ങള്‍ പിഴുതെറിയപ്പെടും...
പിന്നെ....
'നാളെ'കള്‍ക്ക് മീതെ
മരവിപ്പ് തടംകെട്ടിനില്‍ക്കും...
അവിടെ വികാരങ്ങള്‍ നശിച്ചു തുടങ്ങും...




----ദീപ----

Tuesday, 8 November 2011

വാക്കുകള്‍





ഓര്‍മ്മപ്പുസ്തകത്തില്‍  നിറയെ
വരകളാണ്. . .
ചാഞ്ഞും  ചരിഞ്ഞും,
ചിലത്  അറ്റമില്ലാതെ . . .
മറ്റുചിലത്  ചുറ്റിത്തിരിഞ്ഞ്
വീണ്ടും  തുടങ്ങിയിടത്ത്.
ഇന്നലകളുടെ കുറുക്കുവഴിയിലൂടെ  മുന്‍പേ  പോയവര്‍
ദൂരെ മാറിനിന്ന്‍  വരകളുടെ
നിറം  പറഞ്ഞ് തര്‍ക്കിക്കുന്നു . . .
അതില്‍  നിനക്കായ്‌  ഒരു  വര
ആദ്യം  എനിക്ക്  സമാന്തരമായി  നിന്നിലേക്ക്
പിന്നെ,
ഒരു മൌനത്തിനപ്പുറത്തു 
നീ  മറച്ചുവച്ച
വാക്കുകള്‍  വരകളെ
കുത്തുകളാക്കി . . .
ഒടുവില്‍  നമ്മള്‍                     
ഞാനും  നീയും . . . . .

Wednesday, 28 September 2011

നഗരം


1.  




മുഖത്ത്  ആഴ്ന്നിറങ്ങുന്ന
നിയോണ്‍  വെളിച്ചത്തെ 
വകഞ്ഞുമാറ്റി
സ്വയം ഇരുട്ടിലലിഞ്ഞു  
ചിതറിക്കിടക്കുന്ന  ഭക്ഷണപ്പൊതിയിലെ 
ഓരോ  അന്നത്തെയും
ആര്‍ത്തിയോടെ  തിന്നുന്ന  
തെരുവിലേക്ക്  വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ക്ക്‌ 
നഗരം ഒരുനേരത്തെ 
വിശപ്പിന്റെ  ഓര്‍മ്മപ്പെടുത്തലാവം. . . .


വിലകുറഞ്ഞ  ലോഡ്ജ്  മുറികളിലെ
കാലൊടിയാരായ കട്ടിലിനു  മുകളില്‍
വിയര്‍പ്പിന്റെ  മണമുള്ള  നൂരുരുപാ  നോട്ട്‌
കൈവെള്ളയില്‍  അമര്‍ത്തിപ്പിടിച്ച്
കിതപ്പടക്കുന്നവ്ര്‍ക്ക്
നഗരം  ഏതോ  പകുതിയില്‍  അകന്നുപോയ സ്വപ്നങ്ങളുടെ
ഉത്തരം  കിട്ടാത്ത  കടംകഥയാവാം.  . . .



സമ്പന്നതകളുടെ  നേര്‍കാഴ്ചകളില്‍ 
നാം   അറിയാത്ത ,
ക്ലബുകളിലെ  റോക്കും പോപും  കലര്‍ന്ന 
ലേസര്‍  തരംഗങ്ങള്ക്കിടയില്‍  
നാം  കേള്‍ക്കാത്ത  നിസ്സംഗതകളുടെ
ചില  ഒച്ചപ്പാടുകള്‍  
ഇന്നും  നഗരത്തിന്റെ  കണ്ണെത്താത്ത കോണുകളില്‍
വിറങ്ങലിച്ചു  കിടക്കുന്നുണ്ട് . . . .


----വൈശാഖ്---- 






2.




കുതിപ്പിന്റെ ഇരമ്പലുകലുമായ് ഒരു നഗരം....
ഇവിടെ, ബഹളങ്ങളുടെ മൂര്ദ്ധന്യതയില്‍
കേള്‍വി നഷ്ട്ടപ്പെട്ട
ഒരുകൂട്ടം മനുഷ്യര്‍,
നീണ്ടു നില്‍ക്കുന്ന നടപ്പാതകളില്‍
കാര്‍ബണ്‍ മോണോക്സൈഡും 
ഭുജിച്ചു കൊണ്ട് നീങ്ങുമ്പോള്‍,
കറുത്തിരുണ്ട നഗരത്തിന്റെ ഗര്‍ഭപാത്രത്തില്‍
ഒരു പകല്‍ കൂടി മുങ്ങിത്താഴുന്നു...
രാത്രിയുടെ നീണ്ട നാഴികകളെ ആഘോഷങ്ങളായ് മാറ്റാന്‍
ഈ നഗരം ഒരുങ്ങിക്കഴിഞ്ഞു...
കാമുകിയുടെ ചുണ്ടുകളിലെ കാമക്കറ കുടിച്ചു മടുത്തവര്‍
ഇരുട്ടില്‍ മറ്റൊരു 'പെണ്‍'നിഴല്‍ കണ്ടെത്താനുള്ള തിരക്കിലാണ്...
ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ  
'എസ്‌.എം.എസ്‌' പിച്ചച്ചട്ടിയിലേക്ക്
ചില്ലറ വാരിയെറിയുന്നവര്‍
വഴിയരികില്‍ വയറ്റത്തടിച്ചു പാടുന്ന
കുഞ്ഞിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പുന്നു...
നിര്‍ത്താതെ കരയുന്ന
രാത്രിയുടെ തൊള്ളയില്‍
ചതിയുടെ ഈയമുരുക്കിയോഴിച്ച്
ആരൊക്കെയോ കടന്നു പോവുന്നു...
വീണ്ടും ഈ നഗരം
ഒരു പകലിനെ ജനിപ്പിക്കുമ്പോള്‍
ഞാന്‍ അറിയാതെ ഇതിനെ
സ്നേഹിച്ചു പോവുന്നു...!!!



---ദീപ----





Tuesday, 27 September 2011

മഴ 


നിനക്കായ്‌ ഈ മഴ പെയ്യും.....
നിന്റെ നെറുകില്‍ ചുംബിച്ച്  
ഒരു കുഞ്ഞു മഴത്തുള്ളിയായി 
ഞാനും  ചിന്നിച്ചിതറും...
ആനന്ദകരമായ നിമിഷങ്ങള്‍
പെട്ടെന്ന്‍ മറന്നു കൊണ്ട്....
സ്വയം ഇല്ലാതായിക്കൊണ്ട്.....




 
യാചന 



ഇനിയെങ്കിലും നിശബ്ദതയെ നിങ്ങള്‍ ശബ്ദിക്കാന്‍ അനുവദിക്കൂ...
ബാഷ്പീകരിക്കപ്പെട്ട വികാരങ്ങള്‍ വീണ്ടും ഘനീഭവിക്കട്ടെ...
ചിന്തകളെ വാക്കുകളാല്‍ പൊതിഞ്ഞ്‌,
ശബ്ദങ്ങളുടെ ആഴവും പരപ്പും
ഞങ്ങള്‍ നിങ്ങള്‍ക്കായ്‌  കരുതി വയ്ക്കാം....







 തെറ്റ്


കറുപ്പായി വരച്ച വരകള്‍ പലതും
ഇന്നലത്തെ മഴ മായ്ചുകളഞ്ഞു.....
അറിയാതെ ആ മഴയില്‍
എന്റെ ഉള്ളം കറുത്തപ്പോള്‍,
  കാലവും കറുത്തിരുണ്ട മേഘവും 
എന്നെ കളിയാക്കിച്ചിരിച്ചു......




----ദീപ----