Wednesday, 6 February 2013

നിറമുള്ള പെണ്ണ്‍



എടീ... പെണ്ണേ,
ഏതു നിറം കൊണ്ട് വരയ്ക്കണം നിന്നെ?
പച്ചയായ്‌  വരക്കാം...
പച്ച മുഖം...
പച്ച മുടി...
പച്ച ശരീരം...
എങ്കില്‍  എളുപ്പമുണ്ട് 
നിന്നെ വേരോടെ പിഴുതുകളയാന്‍.
നിന്നില്‍ വസന്തം വിരിയുമ്പോള്‍
നിന്‍റെ ഇലകളും പൂക്കളും
വേര്‍പെടുത്തി പലരും ആര്‍ത്തു ചിരിക്കും.
നിനക്കും എളുപ്പമുണ്ട് 
വാടുകയോ, ചീഞ്ഞു പോവുകയോ
ഇഷ്ടമുള്ളതുപോലെ ആവാം.
അതിനാല്‍ നിന്നെ ഞാന്‍ 
പച്ചയായ്‌ തന്നെ വരക്കാം.....




----ദീപ----

Friday, 16 November 2012



 വേശ്യ  

കരിഞ്ഞ ഇലകളുടെ മണമായിരുന്നു നിനക്കെന്നും....
രാത്രിയുടെ ഒഴിഞ്ഞ കോണുകളില്‍
ഒരു മൗനം  കൊണ്ട് പറയാന്‍ പറ്റാത്തതോക്കെയും
കിതപ്പിനാല്‍ വിയര്‍പ്പുമണികളായി  നാം പങ്കുവെച്ചു ..
നിന്‍റെ  കനത്ത മാറിടത്തില്‍, അനുസരണ ഇല്ലാതെ ചുറ്റിപിണഞ്ഞ
മുടിയിഴകളെ  വകഞ്ഞു മാറ്റിയപ്പോള്‍
സുതാര്യമല്ലാത്ത രതികാമാനകള്‍ക്കപ്പുറം മനസിന്റെ കോണുകളിലും
അറിയാതെ ചില അനക്കങ്ങള്‍ ഞാന്‍ അറിഞ്ഞു
കാലവര്‍ഷത്തില്‍ കുടയെടുക്കാന്‍ മറന്നുപോയ നിന്‍റെ  ശരീരം
മഴയു  കാറ്റും ആവോളം ഭോഗിചെന്നു എനിക്കറിയാം              
എങ്കിലും  അടക്കമില്ലാത്ത എന്‍റെ ഇടുപ്പിന്റെ  വേഗങ്ങളില്‍
നിനക്ക് പലപ്പോഴും പഴുത്ത ഇലകളുടെ മണമായിമാറുന്നു
രാത്രിയുടെ മൂര്‍ധന്യത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന
നമ്മുടെ ശരീരങ്ങള്‍ എങ്ങനെയാണ് പകലിന്‍റെ
നിറം മങ്ങിയ പൊള്ളത്തരങ്ങക്കിടയില്‍ തീര്‍ത്തും അപരിചിതങ്ങളായിപ്പോകുന്നത്?
നിനക്ക് പ്രാപ്യമാകുന്നത് ശരീരത്തിന്‍റെ മണംമാത്രമാകുന്നു
എനിക്ക് ...
നിന്‍റെ മനസ്സില്‍ പൊടിയുന്ന വിയര്‍പ്പിന്റെയും...............

Sunday, 23 September 2012

"മുഖമൊഴി "


വാക്കുകള്‍  കൊണ്ട് നിങ്ങളുടെ ചിന്തകളെ മാറിമാറിക്കാനാകും എന്ന വിശ്വാസത്തോടെ ഒന്നുമല്ല ഞങ്ങള്‍ എഴുതിത്തുടങ്ങിയത് ...വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ തീര്‍ത്ത വിപ്ലവകാരിയെ നിങ്ങളില്‍ തേടുകയായിരുന്നു...ഇന്നു (23 സെപ്തംബര്‍ 2012) "ഇലഞ്ഞിമരം " ചിന്തകളെ ചികഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു..ഇതുവരെ ഞങ്ങള്‍ക്ക്  പ്രചോദനം തന്ന എല്ലാ വായനക്കാര്‍ക്കും നന്ദി..തുടര്‍ന്നും വായിക്കുക......

Friday, 31 August 2012

ഓര്‍മ്മത്താള്

ചില  വഴികള്‍   അങ്ങനെയാണെന്ന്   തോന്നുന്നു.…..എത്ര ദൂരം നടക്കുന്നുവോ, അത്രയും ഓര്‍മ്മകള്‍..….. ഏതു  പ്രതിസന്ധികളിലും കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള ഓര്‍മ്മകള്‍.…
ഒരു കൊച്ചുകുട്ടിയെപോലെ  അട്ടഹസിച്ചു കരയിക്കുന്ന  മറ്റു ചിലത് ……
പിന്നെ നഷ്ടത്തിന്റെ കയ്പ്പോ നേട്ടത്തിന്റെ മധുരമോ  വേര്‍തിരിച്ചു രുചിക്കാന്‍ പറ്റാത്ത മറ്റു ചില ഓര്‍മ്മകള്‍ ……
അല്ലെങ്കിലും ഒന്ന്‍ ഓര്‍ത്ത്‌ നോക്കുക …നേട്ടങ്ങളറിയാതെ, നഷ്ടങ്ങളുടെ  കണക്കു പറഞ്ഞു നെഞ്ചത്തടിച്ച് കരയുന്ന നമുക്ക്  എങ്ങനെയാണ് നഷ്ടങ്ങളെയും നേട്ടങ്ങളെയും വേര്‍തിരിക്കാനാവുക? 
പിന്നെ …..പിന്നെ …. മറന്നു കളഞ്ഞ ഓര്‍മ്മകള്‍ …..
ഈ വഴികള്‍ എനിക്ക് തന്ന ഓര്‍മകളെ വേര്‍ത്തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെടും.….പക്ഷെ ഓര്മ വച്ച നാള്‍ മുതല്‍  ഈ വഴികള്‍ എനിക്ക് പരിചിതമാണ്....

ഞാന്‍ ഓര്ക്കുന്നുണ്ട് ...ഈ വഴിയിലെവിടെയോ ഒരു ചെമ്പകമരം ഉണ്ടായിരുന്നു..ചിലപ്പോഴൊക്കെ മുഴുവന്‍  ഇലകളെയും പൊഴിച്ച് സ്വര്ണ നിറം കലര്ന്ന പൂക്കളെയും ചൂടി, ഇത്തിരി പൊങ്ങച്ചതോടെ നില്ക്കുന്ന ഒരു ചെമ്പകമരം...പൊഴിഞ്ഞു വീണ ഇലകളിന്മേല്‍  അവസാനത്തെ മഴത്തുള്ളിയും വീണു ചിതറുന്നത് വരെ ആ മഴ എന്നോടൊപ്പം ഉണ്ടായിരുന്നു...മേഘങ്ങളെ തള്ളിമാറ്റി വെയില്‍ എത്തുന്നതോടെ ആ മഴയെ അപ്പാടെ മറക്കും....

                                                                            * * * * *



എനിക്ക് ഉറപ്പായും പറയാന്‍ കഴിയും നിങ്ങള്ക്കു്ണ്ടയിരുന്നപോലെ ഒരു ബാല്യകാലം എനിക്ക് ഉണ്ടായിരുന്നില്ല എന്ന്...മുറ്റത്ത്‌ ചിതറി തെറിച്ചു വീഴുന്ന മഞ്ചാടിക്കുരുകള്‍ ഞാനും പെറുക്കിയെടുത്തിട്ടുണ്ട് , ആദ്യത്തെ മഴയില്‍ തന്നെ വയലില്‍ വെള്ളം കേറുമ്പോ തോര്ത്തു മുണ്ടിന്റെ അറ്റം പിടിച്ചു കൂട്ടുകാരോടൊപ്പം ഞാനും കണ്ണികളെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.....എന്റെ മേശപ്പുറത്തെ കുപ്പിയിലും മീന്‍ കുഞ്ഞുങ്ങള്‍ വളര്ന്നു തവളകളായി മാറിയിട്ടുണ്ട്....പക്ഷെ എന്തു തന്നെ ആയാലും ഞാനും ഉറപ്പിച്ചു പറയും , നിങ്ങളെ പോലെ ഒരു ബാല്യമായിരുന്നില്ല എന്റെ എന്ന് ....നിങ്ങള്‍ അറിഞ്ഞതൊക്കെ ഒരുപക്ഷെ ഞാനും അറിഞ്ഞിട്ടുണ്ടാകാം... പിന്നെ ഞാന്‍ നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണോ? അത് ഇത്ര മാത്രമാണ്, ഞാന്‍ അറിഞ്ഞത്, അതിന്റെറ ഒരു ശതമാനം തീവ്രതയോടെ പോലും നിങ്ങള്‍ അറിഞ്ഞിട്ടില്ല എന്നത് മാത്രം....


                                                                              * * * * *

പ്രിയപ്പെട്ടവളെ......
                           നിനക്ക്‌  സമാധാനിക്കാം ശ്വാസകോശത്തെ കുത്തിക്കീറി ആത്മാവിനെ പുറത്തെടുക്കുമ്പോഴുള്ള  വേദന നീയും അറിഞ്ഞിട്ടില്ലേ ? അപ്പോള്‍ എന്നെയും നന്നായി മനസ്സിലാക്കാം.... ഞാനും നിന്നെ പോലെ ഒരു പിടി വേദനകള്‍ മാത്രമാണ്....

                                                                   ----വൈശാഖ് ----

Tuesday, 28 August 2012

സൗഹൃദം





സുഹൃത്തേ…..
ഒരുമിച്ച്‌ നടക്കുമ്പോള്‍
നീയൊരിക്കലും
എന്‍റെ കണ്ണുകളിലേക്ക്‌
തുറിച്ച്‌ നോക്കരുത്‌.
നാളെ, ഇരുട്ടിന്‍റെ മറവില്‍
ഏതോ ലോഹമൂര്‍ച്ച
നിന്‍റെ നാഭിയെ
വെട്ടിപ്പൊളിക്കുമ്പോള്‍
ഈ കണ്ണുകള്‍ നിന്നെ വേദനിപ്പിച്ചേക്കാം .
`നീയെന്നോടിത്‌ ചെയ്‌തല്ലോ`.
എന്നു മാത്രം നീ പറയരുത്‌
അത്‌ മാത്രം ഞാന്‍ സഹിക്കില്ല.
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
മറക്കില്ലേ നീ വേഗത്തിലെല്ലാം?
ഒരു പിടച്ചിലില്‍ തീരില്ലേ എല്ലാം?
കൂട്ടിരിക്കാം ഞാന്‍,
നിന്‍റെ പ്രാണനെ മഞ്ഞു പുതയും വരെ…
വെറുക്കരുത്‌ സുഹൃത്തേ,
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
എല്ലാം പാര്‍ട്ടിയുടെ തീരുമാനം മാത്രം.




----ദീപ----


Monday, 18 June 2012

മരണത്തോട്‌.......

ഒരു കുഞ്ഞുവാവ

അമ്മയുടെ കണ്ണുകളില്‍ തൊടും പോലെ,

നീയെന്നെ തൊടണം...

എങ്കിലേ എനിക്ക് നിന്നെ

അത്രയും സ്നേഹത്തോടെ

വാരിപ്പുണരാനാവൂ......



----ദീപ----

രണ്ടുണ്ട് കാര്യം

അണ്ണാക്കില്‍ അള്ളിപ്പിടിച്ച 
പാല്‍പ്പൊടി
അടര്ത്തിയെടുക്കുമ്പോള്‍
നാവിന്  രണ്ടുണ്ട് കാര്യം
അണ്ണാക്കിന്റെ മുന്നില്‍ ആളാവം...
ഒപ്പം പാല്‍പ്പൊടി ആവോളം
രുചിക്കയുമാവാം....


----ദീപ----