Sunday, 21 July 2013

പേന

പേന ഒരു മോശം അമ്മയാണ്....വെള്ളക്കടലാസില്‍ വരകള്‍ക്കിടയിലായി കുറെ അക്ഷരങ്ങളെ അങ്ങ് പെറ്റിട്ടുകൊടുക്കും ,വായനക്കാരനും പ്രാപിക്കാന്‍.....പിന്നെ നാലഞ്ച് അക്ഷരങ്ങളെ ചേര്‍ത്തു നിര്‍ത്തി ആസ്വാദകന്‍റെ കൂട്ടബലാത്സംഗമാണ് ...കന്യകമാരോടാണ് എല്ലാവര്‍ക്കും  താല്പര്യം...പുതിയ ആശയം പുതിയ അനുഭവങ്ങള്‍....ചിലര്‍ ഓരോ അക്ഷരങ്ങളെയും ഒറ്റക്കെടുത്തു ആസ്വദിക്കും....ഒടുവില്‍ ചോരയും നീരും വറ്റുമ്പോള്‍ എല്ലാത്തിനെയും ചുരുട്ടിക്കൂട്ടി ഒരേറുണ്ട്,കുപ്പതോട്ടിയിലേക്ക്...എന്‍റെ അമ്മേ ..നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ?

Saturday, 22 June 2013

നിള ,മാപ്പുതരിക ..


പുഴക്ക് മുകളിലൂടെ തീവണ്ടി കുലുങ്ങി ചിരിച്ചു പോകുമ്പോള്‍ എനിക്ക് ശ്വാസം പിടിച്ച് ഇരിക്കേണ്ടിവന്നു..ജനറല്‍കമ്പാര്‍ട്ടുമെന്‍റിലെ ജനല്‍ കമ്പികളില്‍ കാറ്റിന്‍റെ  കൈവിട്ടുവന്ന്  തട്ടിത്തെറിച്ചു ഒരു ഉന്മാദത്തോടെ മണ്ണിനെ പുണരുന്ന മഴതുള്ളികല്‍ക്കിടയിലൂടെ ഞാന്‍ നിളയെ നോക്കി...നൂറു ജന്മം പ്രണയിച്ചു ഒടുവില്‍ ഒരുനാള്‍ തന്‍റെ  പ്രിയപ്പെട്ട കാമുകന് മുന്നില്‍ നഗ്നയായി  സര്‍വതും സമര്‍പ്പിക്കാന്‍നില്‍ക്കുന്ന കന്യകയെ പോലെയായിരുന്നു അവള്‍....

കഴിഞ്ഞ വേനലില്‍ ഞാന്‍ കണ്ട  പെണ്ണല്ല ഇന്നവള്‍....രാപ്പകലില്ലാതെ മണ്ണ്‍വെട്ടികള്‍ മാറ് വെട്ടിപ്പോളിച്ചപ്പോള്‍ ,അറ്റുപോയ മുലക്കണ്ണിനെ ഒരു പ്ലാസ്റ്റിക്‌സഞ്ചികൊണ്ട് മറയ്ക്കുകയായിരുന്നു അന്നവള്‍..കണംകാലിനെ നനയ്ക്കാന്‍ഒരു കുഞ്ഞു നീര്‍ച്ചാല് മാത്രമായിരുന്നു ശേഷിച്ചത്...

ഒടുവിലിതാ അവളുടെ കാമുകന്‍വന്നിരിക്കുന്നു....വരണ്ടുണങ്ങിയ അവളുടെ കഴുത്തില്‍ അവന്‍ ചുംബിച്ചു ....പിന്നെ ഒരു കെട്ടിപ്പിടുത്തം...പാലത്തിന്‍റെ തൂണുകളില്‍ ശക്തിയോടെ വന്നിടിച്ചു നിള അട്ടഹസിച്ചു, ഞാന്‍ കന്യകയാണ് ....
മഴ അവളെ ആവോളം ചുംബിച്ചു...ഓരോ ചുംബവും ഏറ്റുവാങ്ങുന്നതിനിടയില്‍ ..അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു
" എന്‍റെ പ്രിയപ്പെട്ട കാമുകാ ഇനി എന്നെ വിട്ടുപോകല്ലേ എന്ന്..."


അടുത്ത സീറ്റിലെ നാലുവയസുകാരന്റെ ചോദ്യം കേട്ടാണ് എന്‍റെ മനസ് വീണ്ടും തീവണ്ടിക്കുള്ളിലേക്ക് കയറിയത്.." മമ്മീ  ഇതു പുതിയ പുഴയാണോ? ഇന്നാല്‍ഒരീസം പപ്പേടെ കൂടെ വരുമ്പോ ഈ പുഴ ഉണ്ടായിരുന്നില്ലല്ലോ...
ഞാന്‍മഴയെ നോക്കി.ജനലഴികള്‍ക്കിടയിലൂടെ ഒരു മഴതുള്ളി എന്‍റെ കണ്ണിലേക്ക് വീണു..പിന്നെ ഒരു കണ്ണുനീരിന്‍റെ ചൂടോടെ ഒലിച്ചിറങ്ങി..
മാപ്പ് തരിക...
അവ്യക്തമായി ഞാന്‍പിറുപിറുത്തു ഞാന്‍ കണ്ണുകള്‍ അടച്ചിരുന്നു ...ഒന്ന്...രണ്ടു......മുന്ന്...........ഏഴു....തീവണ്ടി മരണത്തിന്‍റെ നെടുങ്ങന്‍പാലം കടന്നിരിക്കുന്നു.......

                     **വൈശാഖ്‌**

Saturday, 8 June 2013

നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ..
നിങ്ങള്‍ പറയുന്നത് ഭൂമിയിലെ അവസാനത്തെ മരത്തിന്‍റെ കാര്യമാണോ?
നാല് ഇലകളും നാമൂന്നു പത്രണ്ട് കൊമ്പുകളും ഉള്ള ആ മരത്തെ കുറിച്ചാണോ?
അതെ?
എന്നിട്ട്?
ഞങ്ങള്‍ എട്ടുപേര്‍ മരത്തിനു കാവലിരുന്നു..ഊണും ഉറക്കവുമില്ലാതെ നാലും മൂന്നും ഏഴു ദിവസം കഴിച്ചുകൂട്ടി..
മൂന്നു പച്ച ഇലകള്‍ക്കിടയില്‍ ഒരു മഞ്ഞ ഇല കാറ്റ് വരരുതേ എന്ന് പ്രാര്‍ഥിക്കുന്നതിനിടയിലാണ് ആകാശത്തിലൂടെ കൊള്ളക്കാര്‍ വന്നിറങ്ങിയത്..
ഞങ്ങളും മരവുമടക്കം ഒന്‍പതുപേര്‍ക്ക് ചുറ്റും എണ്‍പതിനായിരം കൊള്ളക്കാര്‍ ..ആദ്യവെടി വാസുവേട്ടന്‍ നെഞ്ചുകൊണ്ട് തടുത്തു പിന്നെ കൃത്യമായ ഇടവേളകളില്‍ ബാക്കി ആറുപേരും  ..
തോക്ക് എന്‍റെ നേരെ ചൂണ്ടി ഒരുത്തന്‍ ചോദിച്ചു..
മരം വേണോ അതോ ജീവനോ?
ഞാന്‍ മരത്തെ നോക്കി മരം എന്നെയും
മഞ്ഞ ഇല പതുക്കെ ഒന്നിളകി നേരെ വേരിലെക്ക്..
എനിക്ക് മരം മതി...
പിന്നെ കണ്ടത് ഒരു മൂളലോടെ വരുന്ന വെടിയുണ്ടയെയാണ്..
മുകളിലേക്ക് ഉയര്‍ന്നു പോങ്ങുന്നതിനിടയില്‍ ഞാന്‍ വാസുവേട്ടനോട്‌ പറഞ്ഞു..
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ, ഭൂമിയിലെ അവസാനത്തെ മരം മുറിഞ്ഞുവീഴുന്നത് നമുക്ക്‌ കാണേണ്ടിവന്നില്ലല്ലോ..
മഞ്ഞ ഇലയെ കൈ വെള്ളയില്‍ അമര്‍ത്തി വാസുവേട്ടന്‍ ചിരിച്ചു...
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ..

Saturday, 18 May 2013

എന്റെ കവിതകള്‍ക്ക്‌ സംഭവിച്ചത്‌

പകുതിയില്‍ ആശയം നഷ്ടപ്പെട്ടതിന്‍റെ പേരില്‍ 
ഒന്നാമത്തെ കവിത മുറ്റത്തെ പറങ്കി മാവിന്‍റെ 
ഉണങ്ങി വീഴാറായ കൊമ്പില്‍ കെട്ടിതൂങ്ങി ചത്തു ..
ആശയം ഉണ്ടായിട്ടും ആസ്വാദകര്‍ ഇല്ലാത്തതിന്‍റെ പേരില്‍ 
രണ്ടാമത്തെ കവിത തീക്കൊളുത്തി മരിച്ചു....
മൂന്നാമത്തെ കവിതയോ?
ഓ..അതൊരു കൊലപാതകം ആയിരുന്നു....
ആശയം കൊണ്ടും വാക്കുകള്‍ക്കൊണ്ടും 
സുന്ദരിയായ മൂന്നാമത്തെ കവിതയെ 
ഒരു വാരികക്കാരന് കാഴ്ച്ച  വച്ചതാണ്..
മൂന്നു മാസം ആയി 
ശവം പോലും കണ്ടു കിട്ടിയിട്ടില്ല !!!
----വൈശാഖ്‌----

Wednesday, 6 February 2013

നിറമുള്ള പെണ്ണ്‍എടീ... പെണ്ണേ,
ഏതു നിറം കൊണ്ട് വരയ്ക്കണം നിന്നെ?
പച്ചയായ്‌  വരക്കാം...
പച്ച മുഖം...
പച്ച മുടി...
പച്ച ശരീരം...
എങ്കില്‍  എളുപ്പമുണ്ട് 
നിന്നെ വേരോടെ പിഴുതുകളയാന്‍.
നിന്നില്‍ വസന്തം വിരിയുമ്പോള്‍
നിന്‍റെ ഇലകളും പൂക്കളും
വേര്‍പെടുത്തി പലരും ആര്‍ത്തു ചിരിക്കും.
നിനക്കും എളുപ്പമുണ്ട് 
വാടുകയോ, ചീഞ്ഞു പോവുകയോ
ഇഷ്ടമുള്ളതുപോലെ ആവാം.
അതിനാല്‍ നിന്നെ ഞാന്‍ 
പച്ചയായ്‌ തന്നെ വരക്കാം.....
----ദീപ----

Friday, 16 November 2012 വേശ്യ  

കരിഞ്ഞ ഇലകളുടെ മണമായിരുന്നു നിനക്കെന്നും....
രാത്രിയുടെ ഒഴിഞ്ഞ കോണുകളില്‍
ഒരു മൗനം  കൊണ്ട് പറയാന്‍ പറ്റാത്തതോക്കെയും
കിതപ്പിനാല്‍ വിയര്‍പ്പുമണികളായി  നാം പങ്കുവെച്ചു ..
നിന്‍റെ  കനത്ത മാറിടത്തില്‍, അനുസരണ ഇല്ലാതെ ചുറ്റിപിണഞ്ഞ
മുടിയിഴകളെ  വകഞ്ഞു മാറ്റിയപ്പോള്‍
സുതാര്യമല്ലാത്ത രതികാമാനകള്‍ക്കപ്പുറം മനസിന്റെ കോണുകളിലും
അറിയാതെ ചില അനക്കങ്ങള്‍ ഞാന്‍ അറിഞ്ഞു
കാലവര്‍ഷത്തില്‍ കുടയെടുക്കാന്‍ മറന്നുപോയ നിന്‍റെ  ശരീരം
മഴയു  കാറ്റും ആവോളം ഭോഗിചെന്നു എനിക്കറിയാം              
എങ്കിലും  അടക്കമില്ലാത്ത എന്‍റെ ഇടുപ്പിന്റെ  വേഗങ്ങളില്‍
നിനക്ക് പലപ്പോഴും പഴുത്ത ഇലകളുടെ മണമായിമാറുന്നു
രാത്രിയുടെ മൂര്‍ധന്യത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന
നമ്മുടെ ശരീരങ്ങള്‍ എങ്ങനെയാണ് പകലിന്‍റെ
നിറം മങ്ങിയ പൊള്ളത്തരങ്ങക്കിടയില്‍ തീര്‍ത്തും അപരിചിതങ്ങളായിപ്പോകുന്നത്?
നിനക്ക് പ്രാപ്യമാകുന്നത് ശരീരത്തിന്‍റെ മണംമാത്രമാകുന്നു
എനിക്ക് ...
നിന്‍റെ മനസ്സില്‍ പൊടിയുന്ന വിയര്‍പ്പിന്റെയും...............

Sunday, 23 September 2012

"മുഖമൊഴി "


വാക്കുകള്‍  കൊണ്ട് നിങ്ങളുടെ ചിന്തകളെ മാറിമാറിക്കാനാകും എന്ന വിശ്വാസത്തോടെ ഒന്നുമല്ല ഞങ്ങള്‍ എഴുതിത്തുടങ്ങിയത് ...വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ തീര്‍ത്ത വിപ്ലവകാരിയെ നിങ്ങളില്‍ തേടുകയായിരുന്നു...ഇന്നു (23 സെപ്തംബര്‍ 2012) "ഇലഞ്ഞിമരം " ചിന്തകളെ ചികഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു..ഇതുവരെ ഞങ്ങള്‍ക്ക്  പ്രചോദനം തന്ന എല്ലാ വായനക്കാര്‍ക്കും നന്ദി..തുടര്‍ന്നും വായിക്കുക......