Saturday 8 June 2013

നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ..




നിങ്ങള്‍ പറയുന്നത് ഭൂമിയിലെ അവസാനത്തെ മരത്തിന്‍റെ കാര്യമാണോ?
നാല് ഇലകളും നാമൂന്നു പത്രണ്ട് കൊമ്പുകളും ഉള്ള ആ മരത്തെ കുറിച്ചാണോ?
അതെ?
എന്നിട്ട്?
ഞങ്ങള്‍ എട്ടുപേര്‍ മരത്തിനു കാവലിരുന്നു..ഊണും ഉറക്കവുമില്ലാതെ നാലും മൂന്നും ഏഴു ദിവസം കഴിച്ചുകൂട്ടി..
മൂന്നു പച്ച ഇലകള്‍ക്കിടയില്‍ ഒരു മഞ്ഞ ഇല കാറ്റ് വരരുതേ എന്ന് പ്രാര്‍ഥിക്കുന്നതിനിടയിലാണ് ആകാശത്തിലൂടെ കൊള്ളക്കാര്‍ വന്നിറങ്ങിയത്..
ഞങ്ങളും മരവുമടക്കം ഒന്‍പതുപേര്‍ക്ക് ചുറ്റും എണ്‍പതിനായിരം കൊള്ളക്കാര്‍ ..ആദ്യവെടി വാസുവേട്ടന്‍ നെഞ്ചുകൊണ്ട് തടുത്തു പിന്നെ കൃത്യമായ ഇടവേളകളില്‍ ബാക്കി ആറുപേരും  ..
തോക്ക് എന്‍റെ നേരെ ചൂണ്ടി ഒരുത്തന്‍ ചോദിച്ചു..
മരം വേണോ അതോ ജീവനോ?
ഞാന്‍ മരത്തെ നോക്കി മരം എന്നെയും
മഞ്ഞ ഇല പതുക്കെ ഒന്നിളകി നേരെ വേരിലെക്ക്..
എനിക്ക് മരം മതി...
പിന്നെ കണ്ടത് ഒരു മൂളലോടെ വരുന്ന വെടിയുണ്ടയെയാണ്..
മുകളിലേക്ക് ഉയര്‍ന്നു പോങ്ങുന്നതിനിടയില്‍ ഞാന്‍ വാസുവേട്ടനോട്‌ പറഞ്ഞു..
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ, ഭൂമിയിലെ അവസാനത്തെ മരം മുറിഞ്ഞുവീഴുന്നത് നമുക്ക്‌ കാണേണ്ടിവന്നില്ലല്ലോ..
മഞ്ഞ ഇലയെ കൈ വെള്ളയില്‍ അമര്‍ത്തി വാസുവേട്ടന്‍ ചിരിച്ചു...
നമ്മള്‍ പുണ്യം ചെയ്തവര്‍ തന്നെ..