Monday 19 December 2011

എന്‍റെ പ്രണയമേ...........


എന്‍റെ പ്രണയമേ...........  

ഞരമ്പില്‍ കുത്തിയിറക്കിയ സൂചിയില്‍ നിന്നും ഓരോ തുള്ളിയായി എന്നിലേക്ക്‌ ആഴ്നിറങ്ങി,ഒരു അപ്പൂപ്പന്‍ താടി കണക്കെ എന്നെയും കൊണ്ട് മേഘങ്ങള്‍ക്കിടയിലെക്ക് പറന്ന ഏതോ ഒരുമയക്കുമരുന്നിന്‍റെ ലഹരി അതിന്‍റെ  നൂറിരട്ടി തീവ്രതയോടെ ഞാന്‍ ഇന്ന് അനുഭവിച്ചരിയുകയാണ്... 

ഒരുപക്ഷെ ഇതിനു മുന്‍പ് പലതവണ നിന്നെ ഞാന്‍ കണ്ടിട്ടുണ്ടാ വാം , ചീറിപ്പായുന്ന തീവണ്ടി ബോഗികള്‍ക്കിടയില്‍ നിന്‍റെ  മുഖം  എപ്പോഴുമെനിക്ക് അവ്യക്തമായിരുന്നു..ഒടുവില്‍ അപ്രതീക്ഷിതമായി ഈ കൂടിക്കാഴ്ച ...അത് ചുറ്റുമതിലുകള്‍ തല്ലിത്തകര്‍ത്തു എന്നെ കീഴടക്കിയിരിക്കുന്നു...അളവില്ലാത്ത അറ്റമില്ലാത്ത എന്‍റെ പ്രണയത്തെ  ലിഖിതമായ ഏതു നിയമങ്ങള്‍കൊണ്ടാണ് നിനക്ക് എതിര്‍ക്കുവാനാകുക....
                                     

                ഒരു മൗനത്തിനും  ഒരിറ്റു കണ്ണിരിനുമിടയില്‍ പ്രണയത്തെ ഒതുക്കിനിര്‍ത്തിയ വിധിയെ പഴിപറഞ്ഞ് ആത്മാക്കള്‍ കത്തിയെരിഞ്ഞ ചിതക്കരികില്‍ അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്നവര്‍ക്കുമുന്നിലെക്ക് ഞാന്‍ നിന്നെ കൊണ്ടു പോകാം .... എന്‍റെ കണ്ണില്‍ കത്തിനില്‍ക്കുന്ന പ്രണയത്തെ നീ  ആത്മാവിലേക്ക്  ആവാഹിക്കും  വരെ .... 


എന്‍റെ  പ്രണയമേ..... ആയിരം  കണികകളായി  ചിന്നിച്ചിതറി   ഞാന്‍  നിന്നില്‍  നിറയാം.......
                     എനിക്ക്  നിന്നിലെത്താനുള്ള  വഴികളില്‍  പ്രകാശത്തിന്‍റെ നേര്‍ത്ത  രശ്മികള്‍  പോലും  മുറിഞ്ഞു  പോകുന്ന  ഇരുട്ട് ...നിന്‍റെ മൗനം അതിന്‍റെ മൂര്‍ച്ച  കൂട്ടുന്നു ... ഞാന്‍  നിന്‍റെ  വാക്കുകള്‍ക്കായി  കാത്തിരിക്കുന്നു....എനിക്ക്‌ നിന്നിലെത്താന്‍ .....
നിന്നില്‍ നിറയാന്‍....






----വൈശാഖ്‌----

Saturday 17 December 2011

ഭാര്യ

എല്ലാ  മോഹങ്ങളും 
ഒരു നുള്ള്  സിന്ദൂരത്തില്‍ 
ചുവപ്പിച്ചെടുത്തു.....



സ്വപ്നങ്ങള്‍ക്ക്  
ദയാവധം വിധിച്ചവര്‍ക്ക് വേണ്ടി
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...


ഊറ്റിക്കുടിച്ചിട്ടും 
മതിവരാത്ത ആസക്തിക്ക് മുമ്പില്‍ 
ചോര പൊടിയുവോളം 
അവയവങ്ങളെ വിട്ടു കൊടുത്തു....


കിടപ്പറയിലെ കുരുതിക്കൊടുക്കം
മരവിപ്പിന്റെ ബീജവും പേറി 
പൊള്ളുന്ന പനിച്ചൂടില്‍ 
ഒരു പകല്‍ മയക്കം......





അകത്തെ പെണ്ണ്‍
മുറിയിലടയിരിക്കുന്നെന്നും പറഞ്ഞ്
അമ്മായമ്മയുടെ മുറുമുറുപ്പ്....


വേച്ച്  വേച്ച്  നടന്നു വന്ന്
അടുക്കളയിലെത്തിയപ്പോള്‍
അടുപ്പില്‍ ശൂന്യതയുടെ 
ഭാര്യാ സങ്കല്‍പ്പം !!!



----ദീപ ----

കടം

ചോറ്റുപാത്രം തുറക്കാറില്ല 
കൂട്ടുകാരുടെ മുന്നില്‍ വച്ച് 
കാരണം എന്റെ അന്നത്തിന്
ശൂന്യതയുടെ മണമാണ്.....





ആരോ വലിച്ചെറിഞ്ഞുപോയ 
കുറ്റി ബീഡിയില്‍ വിശപ്പൊതുക്കുന്ന 
കുഞ്ഞനിയനോടരുതെന്ന്‍ പറയാറില്ല,
കാരണം അവന്റെ  മറു ചോദ്യങ്ങള്‍ക്ക് 
എനിക്ക്  ഉത്തരമില്ല....

അമ്മയുടെ ഒട്ടിയ വയറിന്
അടുപ്പിനോട് പരാതിയില്ല,
കാരണം ഉമ്മറത്ത് ചുരുണ്ടുകൂടി 
ചുമച്ച്  ചുമച്ച് തീ തുപ്പുന്ന അച്ഛന്‍.....





മരുന്ന് കടയിലെ മറവിക്കാരനോട്
ഇനിയും കടം പറയാനാവില്ല...
അതിനാല്‍ ഒടുക്കത്തെ കടം പറഞ്ഞു!
ഒരു കുപ്പി വിഷം
മൂന്നു തുള്ളി വീതം നാല് പേര്‍ക്ക്....!!! 



----ദീപ----
  

Friday 16 December 2011

ഒരുവേള



അഗ്നിയെ ചുംബിക്കാന്‍
ഒരുങ്ങിയപ്പോഴും 
ഓര്‍ത്തില്ലേ,  ഒരുവേള പോലും...,
മടിശീലയിലിറുക്കി വച്ച    
മുഷിഞ്ഞ നോട്ടിലെ 
ചുളിവുകളോട് കിടപിടിച്ച്
"മോളുച്ചയ്ക്ക് വല്ലതും വാങ്ങിക്കഴിക്കണേ"
എന്ന് പറയുന്ന ഒരമ്മയുടെ മുഖം?


   കണ്ണീരു കുളുപ്പം മാറാത്ത  
അടുപ്പിലെ ചാരക്കുട്ടത്തില്‍ 
ശ്വാസകോശത്തെ ഹോമിച്ച്
നിന്‍റെ ഉറക്കച്ചടവ് മാറ്റുവാന്‍ 
വച്ച് നീട്ടുന്ന 
ഒരു ഗ്ലാസ്‌ കട്ടന്‍ ചായ?


അരുതെന്ന്  വിലക്കുമെങ്കിലും 
അരുമയായിരുന്നില്ലേ
അമ്മയ്ക്ക് നീ എന്നും....
ഇന്നലെ കണ്ടവന്‍ തള്ളിപ്പറഞ്ഞപ്പോഴേക്കും 
അഗ്നിയെ വാരിപ്പുണരുവാന്‍
വേണമായിരുന്നോ,
റേഷന്‍ കടയിലെ 
ഉറുമ്പ് നിരയുടെ അങ്ങേ തലയ്ക്കല്‍ 
കടക്കാരന്‍ മുഖം കറുപ്പിച്ചമ്മയ്ക്ക് 
ഔദാര്യം നല്‍കിയ 
ഒരു കന്നാസ്  മണ്ണെണ്ണ?


----ദീപ----

Sunday 4 December 2011

അരുത്

നീ പെണ്‍കുട്ടിയാണ്.....

അതിനാല്‍ നീ ശരീരം പുറത്തുപറയരുത്......
വേട്ടയാടി തീര്‍ന്ന മുലക്കണ്ണിന്റെ ആഴങ്ങളില്‍
അമ്മിഞ്ഞപ്പാല്‍ ഉറവ വറ്റുമ്പോഴും.
തൊഴുതു പിടിച്ച  കൈകള്‍ തട്ടിമാറ്റി
നിന്നെ കീഴടക്കിയ കിതപ്പിനടിയില്‍പ്പെട്ടു
വാക്കുകളില്ലാതെ തേങ്ങുമ്പോഴും
 നഷ്ടപ്പെട്ട സമചിത്തത വീണ്ടെടുത്ത്
നീ നിന്റെ ശരീരത്തെ പറ്റി മാത്രം പറയരുത്.....  

മൂക്കും മുലയും നഷ്ടപ്പെട്ട ശൂര്‍പ്പണഖയും
അഴിഞ്ഞാട്ടക്കാരിയെന്ന് തീര്‍പ്പുകല്‍പ്പിച്ച്
സ്മാര്‍ത്തം ചെയ്യപ്പെട്ട താത്രിക്കുട്ടിയും
സംസാരിച്ചതിനാല്‍ കൊടും പാപികളാണ്....
അതിനാല്‍ അറിയാതെ പോലും
നീ നിന്റെ ശരീരത്തെ പറ്റി ഓര്‍ത്തു പോവരുത്.....







----ദീപ----

Friday 2 December 2011

മുല്ലപ്പെരിയാര്‍....


നാളെയിവിടെ ആയിരം ശവക്കല്ലറകള്‍ ഉയര്‍ന്നേക്കാം .....

ഉപ്പുവെള്ളത്തില്‍ കിടന്നു മരവിച്ച മസ്തിഷ്കവുമായി
ചിലര്‍ വട്ടമെശക്ക് ചുറ്റുമിരിക്കുന്നു....
അധികാരം നഷ്ടപ്പെട്ട മറ്റുചിലര്‍
ചുവരുകള്‍ക്ക് പിറകില്‍ 
മുദ്രാവാക്യം വിളിക്കുന്നു....
പത്തുപേര്‍ ചേര്‍ന്ന് നൂറുപേരെ പഴിപറയുന്നു...
പക്ഷെ .... 
നാളെ ഇവിടെ ആയിരം ശവക്കല്ലറകള്‍ ഉയരും..
ഒരു പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍....
പിറക്കുന്നതിനുമുന്‍പ്‌ പൊക്കിള്‍ക്കൊടി അറ്റുപോയ ഭ്രുണങ്ങള്‍..
കണ്ണുപൊത്തി കാതുകള്‍ കുത്തിയടച്ച്
നിസ്സഹായരായി ചിലര്‍ .........
ഒരിറ്റു വായുവിനായി പിടയുന്ന ശ്വാസകോശത്തിലെക്ക്
പ്രകാശവേഗതയില്‍ മരണജലം കുത്തിനിറക്കപ്പെടും....
എനിക്ക് ആരെയും പഴിപറയാനില്ല ..
യാ അല്ലാഹ്....
മുപ്പതു ലക്ഷം ആത്മാക്കള്‍ കത്തിയെരിയാനിരിക്കുന്ന 
ചിതക്ക് മുന്നിലേക്ക്‌ എന്‍റെ സഹോദരങ്ങളെ തള്ളിവിടാതിരിക്കു...............




                                  ----വൈശാഖ്‌----

Sunday 27 November 2011

ആത്മാവിന് ഒരു കത്ത്...........

പ്രിയപ്പെട്ട നിരഞ്ജന്‍ ,
                           ആദ്യത്തെ കത്ത് നിനക്ക് കിട്ടി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്....  
മനുഷ്യര്‍ പൊതുവേ അങ്ങനെയാണെന്ന് തോന്നുന്നു,..
കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ഒരുപാട് സന്തോഷിക്കും... അത് പോലെ വിഷമിക്കുകയും ചെയ്യും. വളരെയേറെ അസ്ഥിരമായ ജീവിതത്തില്‍ നമുക്ക്‌ എല്ലാം സ്ഥിരമായി വേണം... നാളിതുവരെ ചെയ്തുകൂട്ടിയതും ഇനി ചെയ്യനിരിക്കുന്നതുമെല്ലാം ആ സ്ഥിരത്വത്തിനായുള്ള  അധ്വാനമാണ്....
   അയ്യോ... മുഷിപ്പിച്ചോ ഞാന്‍? അത് പോട്ടെ ...നിനക്ക് സുഖമല്ലേ?

 എത്ര പെട്ടന്നാണ് ഓരോ മഴക്കാലവും വേനല്‍ക്കാലത്തിനുവേണ്ടി വഴിമാറുന്നത് അല്ലെ? നിനക്ക് ഓര്‍മ്മയുണ്ടോ,ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും നമ്മള്‍ ഒരു ക്ലാസ്സില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങിയത്, അത് ഒരു മഴക്കലത്തായിരുന്നു.....ഒരു ജൂണ്‍ മാസം ....സൌഹൃദത്തിന്റെ നേരിയ നൂലിഴകള്‍ ശ്രദ്ധയോടെ കോര്‍ത്ത്‌ അകലാന്‍ പറ്റാത്തവിധം നമ്മള്‍ അടുത്തതും അതെ മഴക്കാലത്തിന്റെ ഇരുള്‍ പടര്‍ന്നുതുടങ്ങിയ ഒരു ഓഗസ്റ്റ്‌ സന്ധ്യയിലയിരുന്നു..
ആ ചാറ്റല്‍ മഴയില്‍ കൈകോര്‍ത്തുപിടിച്ച് വീണ്ടും ആ വഴികളിലൂടെ നടക്കാന്‍,...എണ്ണക്കറുപ്പന്‍  കാക്കകളെക്കുറിച്ച് വായ്തോരാതെ സംസാരിക്കാന്‍ .....ശരിക്കും ഇപ്പോഴും മനസ്സ്   ഒരുപാട് കൊതിക്കുന്നുണ്ട് .....

 ഞാന്‍ പറഞ്ഞിട്ടില്ലേ എന്‍റെ പുതിയ ക്ലാസ്സ് മുറിയെപ്പറ്റി? ഗേറ്റ് കടന്നാല്‍ നേരയുള്ള പച്ചപ്പുല്ല്പിടിച്ച കയറ്റുപടികള്‍ അവസാനിക്കുന്നത് ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റിന് മുന്നിലാണ്.......അതിനുള്ളിലേക്ക്‌ കടന്നാല്‍ പേടിപ്പിക്കുന്ന ഒരുതരം മൂകത.....ഇരുട്ടു ഉറഞ്ഞുകൂടി ചുവരുകള്‍ക്കുപോലും രാത്രിയുടെ നിറമായിരിക്കുന്നു......അനുമതിയില്ലാതെ അകത്തുവരുന്ന വാതായനങ്ങളെ പലപ്പോഴും ഇരുട്ടു വിഴുങ്ങുന്നത് അനുഭവിച്ചറിയാം.........ആ നിശബ്ദത ഞാന്‍ ആസ്വദിക്കാറുണ്ട്...........
 നിനക്കറിയാമല്ലോ,തനിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒത്തിരി ബഹളങ്ങളുടെ ഇടയിലായിരിക്കും ...ആരൊക്കെയോ പറയാന്‍ ബാക്കിവെച്ച ചില അസ്വസ്ഥതകളുടെ ഒച്ചപ്പാടുകള്‍.....തനിയെ ഇരിക്കുമ്പോള്‍ പുറകില്‍നിന്നു ആരോ വിളിക്കുന്നതുപോലെ തോന്നും..സങ്കല്‍പ്പത്തിന്റെ പഴുതുകള്‍ എവിടെ എപ്പോഴും തുറന്നുകിടക്കുന്നത് കൊണ്ടാവാം ............സ്വപ്നങ്ങളുടെ ഈര്‍പ്പം സാദാ യാഥാര്ത്യങ്ങളുടെ മുഷിഞ്ഞ ചൂടിനെ ശമിപ്പിച്ചുകൊണ്ടിരിക്കുന്നു ....വളഞ്ഞുപുളഞ്ഞ മരക്കോണികള്‍ കയറിച്ചെന്നാല്‍ എന്‍റെ ക്ലാസ്സെത്തി ..അനേകം കിളിവാതിലുകളുള്ള ഒരു ബാല്‍ക്കണി ക്ലാസ്സിനെ ആലിംഗനം ചെയ്തിരിക്കുന്നു ...ക്ലാസ്സിലിരിക്കുമ്പോഴും മഴയും കാറ്റും പച്ചപ്പും ഞങ്ങളുടെ കണ്ണുകളെ കവര്‍ന്നെടുക്കും...ഇനിവരുന്ന ഏതാനും മാസങ്ങള്‍ക്കുശേഷം ഒരു അധ്യാപികയായി തിരിച്ചുവരവില്ലെകില്‍ , ഈ കലാലയത്തിനു നല്‍കാന്‍ എന്‍റെ പക്കല്‍ കണ്ണീര്‍ കലര്‍ന്ന ഒരു വിട മാത്രം ......സങ്കടങ്ങളും സന്തോഷങ്ങളും എന്നെപ്പഠിപ്പിച്ച അമ്മയോട് ഏത് ഹൃദയവിശാലതകൊണ്ട് നന്ദി പറഞ്ഞാലാണ്‌ മതിവരിക? ....എന്‍റെ കോളേജിനെകുറിച്ച് പറയുമ്പോള്‍ ഞാനിത്തിരി over emotional ആകുന്നുണ്ട്? I know you can understand it….
 
     ഇന്ന്‍ ഇവിടെ ചാറ്റല്‍ മഴയായിരുന്നു ......ഞാന്‍ പറഞ്ഞിട്ടില്ലേ തൂവാനത്തുമ്പികളിലെ ക്ലാരയെപ്പറ്റി ? അതുപോലെ................, അവളെപ്പോലെ ഒരു മഴ ....പറയാതെ വന്നു പറയാതെ പോയ മഴ ....ഒരുപക്ഷെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ മഴ............ഇവിടെ കുളത്തില് നിറച്ചും വെള്ളമായി ,,പണ്ട് കുട്ടിക്കാലത്ത് അതില്‍ നിന്നും കണ്ണികളെ പിടിച്ചു കുപ്പിയിലിടുന്നതുവരെ ഒരു വെപ്രാളായിരിക്കും..അതെങ്ങാന്‍ ചത്തുപോയാലോ...,ഒരുതരം നോവ്‌...ഒരു ഒറ്റപ്പെടല്‍ പോലെ തോന്നും...പക്ഷെ മഴക്കാലം കഴിഞ്ഞാല്‍ അവറ്റകളെ പാടെ മറക്കും......
                                          ഈ കത്തുംവച്ച് ഇന്നിത് മൂന്നാമത്തെ ദിവസമാണ്....ഇന്നെങ്കിലും ഇതു മുഴുവനാക്കി നിനക്ക്  പോസ്റ്റ്‌ ചെയ്യണം...എവിടെ ഇടതടവില്ലാതെ മഴപെയ്തുകൊണ്ടിരിക്കുന്നു.....അത് ശരീരത്തില്‍നിന്നും മനസിലേക്ക്‌ പിന്നെ ആത്മാവിലേക്ക് പടര്‍ന്നുകയറുന്നു ..ഉപാധികളില്ലാതെ മഴ എന്നെ സ്നേഹിക്കുന്നു ...ഒടുവില്‍ സുഖമുള്ള നോവുകള്‍ സമ്മാനിച്ച് എങ്ങോ മറയുന്നു.........ഈ മഴ നീയാണെന്ന് എനിക്ക് എപ്പോഴും തോന്നും...അപ്പോള്‍ അത് ഒരിക്കലും തീരല്ലേ എന്നു പ്രാര്‍ത്ഥിക്കും..കാരണം നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു ....നീ പറയരുള്ളപോലെ നല്ല  കൂട്ടുകാര്‍ മിനുസമേറിയ ചുവര്‍ പോലെയാണ് യഥാര്‍ത്ഥ സൗഹൃദം അവിടെ പ്രതിധ്വനിക്കുന്നു .....
                              എന്തൊക്കെയോ പറഞ്ഞു ബുദ്ധിമുട്ടിച്ചോ ഞാന്‍ ? എന്‍റെ വട്ട് നിനക്ക് അറിയാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ? എന്തായാലും ഇപ്പോ ഇത്ര മതി ...ഈ കത്തിനു ഞാന്‍ ഒരു മറുപടി പ്രതീഷിക്കുന്നു......നിന്നെ എത്രയും പെട്ടന്ന് കാണാനാകുമെന്ന വിശ്വാസത്തോടെ ,

                                                                            
                                                                                നിന്‍റെ മാത്രം....
                                                                                   ആയിഷ.




----ദീപ---- 

Sunday 13 November 2011

ഓര്‍മകള്‍ക്ക് മീതെ ഇനിയും
വികാരങ്ങള്‍ കണ്ണീരണിയും ...
തിരിച്ചു വരാതെ പോയ
കാലത്തിന്റെ  വിസ്തൃതിയില്‍
ഒരിക്കലെങ്കിലും ഞാനും
നിരാശപ്പെട്ടിരിക്കും...
നിറഞ്ഞു കവിയുന്ന
കാപട്ട്യത്തിന്റെ ചുണ്ടില്‍
കാമക്കഴുകന്മാര്‍ വീണ്ടും വീണ്ടും
ചുടു ചുംബനങ്ങള്‍ നല്‍കും...
പഴുത്തു തുടങ്ങിയ വ്രണങ്ങളില്‍
ഇനിയും പുഴുക്കള്‍ വിശപ്പകറ്റും...
എരിഞ്ഞു തീരുന്ന പകലിന്റെ മാറില്‍
രാത്രി, ക്രൂരമായി
ഇരുട്ടിന്റെ കഠാര കുത്തിയിറക്കും...
മഞ്ഞു പൊഴിയുന്ന ശ്വേത രാവുകള്‍
രക്തക്കറയാല്‍ കൊടുംഭീകരമാവും...
പിറക്കുന്നതിന്‍ മുന്‍പേ
ഇനിയും ഭ്രൂണങ്ങള്‍ പിഴുതെറിയപ്പെടും...
പിന്നെ....
'നാളെ'കള്‍ക്ക് മീതെ
മരവിപ്പ് തടംകെട്ടിനില്‍ക്കും...
അവിടെ വികാരങ്ങള്‍ നശിച്ചു തുടങ്ങും...




----ദീപ----

Tuesday 8 November 2011

വാക്കുകള്‍





ഓര്‍മ്മപ്പുസ്തകത്തില്‍  നിറയെ
വരകളാണ്. . .
ചാഞ്ഞും  ചരിഞ്ഞും,
ചിലത്  അറ്റമില്ലാതെ . . .
മറ്റുചിലത്  ചുറ്റിത്തിരിഞ്ഞ്
വീണ്ടും  തുടങ്ങിയിടത്ത്.
ഇന്നലകളുടെ കുറുക്കുവഴിയിലൂടെ  മുന്‍പേ  പോയവര്‍
ദൂരെ മാറിനിന്ന്‍  വരകളുടെ
നിറം  പറഞ്ഞ് തര്‍ക്കിക്കുന്നു . . .
അതില്‍  നിനക്കായ്‌  ഒരു  വര
ആദ്യം  എനിക്ക്  സമാന്തരമായി  നിന്നിലേക്ക്
പിന്നെ,
ഒരു മൌനത്തിനപ്പുറത്തു 
നീ  മറച്ചുവച്ച
വാക്കുകള്‍  വരകളെ
കുത്തുകളാക്കി . . .
ഒടുവില്‍  നമ്മള്‍                     
ഞാനും  നീയും . . . . .

Wednesday 28 September 2011

നഗരം


1.  




മുഖത്ത്  ആഴ്ന്നിറങ്ങുന്ന
നിയോണ്‍  വെളിച്ചത്തെ 
വകഞ്ഞുമാറ്റി
സ്വയം ഇരുട്ടിലലിഞ്ഞു  
ചിതറിക്കിടക്കുന്ന  ഭക്ഷണപ്പൊതിയിലെ 
ഓരോ  അന്നത്തെയും
ആര്‍ത്തിയോടെ  തിന്നുന്ന  
തെരുവിലേക്ക്  വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ക്ക്‌ 
നഗരം ഒരുനേരത്തെ 
വിശപ്പിന്റെ  ഓര്‍മ്മപ്പെടുത്തലാവം. . . .


വിലകുറഞ്ഞ  ലോഡ്ജ്  മുറികളിലെ
കാലൊടിയാരായ കട്ടിലിനു  മുകളില്‍
വിയര്‍പ്പിന്റെ  മണമുള്ള  നൂരുരുപാ  നോട്ട്‌
കൈവെള്ളയില്‍  അമര്‍ത്തിപ്പിടിച്ച്
കിതപ്പടക്കുന്നവ്ര്‍ക്ക്
നഗരം  ഏതോ  പകുതിയില്‍  അകന്നുപോയ സ്വപ്നങ്ങളുടെ
ഉത്തരം  കിട്ടാത്ത  കടംകഥയാവാം.  . . .



സമ്പന്നതകളുടെ  നേര്‍കാഴ്ചകളില്‍ 
നാം   അറിയാത്ത ,
ക്ലബുകളിലെ  റോക്കും പോപും  കലര്‍ന്ന 
ലേസര്‍  തരംഗങ്ങള്ക്കിടയില്‍  
നാം  കേള്‍ക്കാത്ത  നിസ്സംഗതകളുടെ
ചില  ഒച്ചപ്പാടുകള്‍  
ഇന്നും  നഗരത്തിന്റെ  കണ്ണെത്താത്ത കോണുകളില്‍
വിറങ്ങലിച്ചു  കിടക്കുന്നുണ്ട് . . . .


----വൈശാഖ്---- 






2.




കുതിപ്പിന്റെ ഇരമ്പലുകലുമായ് ഒരു നഗരം....
ഇവിടെ, ബഹളങ്ങളുടെ മൂര്ദ്ധന്യതയില്‍
കേള്‍വി നഷ്ട്ടപ്പെട്ട
ഒരുകൂട്ടം മനുഷ്യര്‍,
നീണ്ടു നില്‍ക്കുന്ന നടപ്പാതകളില്‍
കാര്‍ബണ്‍ മോണോക്സൈഡും 
ഭുജിച്ചു കൊണ്ട് നീങ്ങുമ്പോള്‍,
കറുത്തിരുണ്ട നഗരത്തിന്റെ ഗര്‍ഭപാത്രത്തില്‍
ഒരു പകല്‍ കൂടി മുങ്ങിത്താഴുന്നു...
രാത്രിയുടെ നീണ്ട നാഴികകളെ ആഘോഷങ്ങളായ് മാറ്റാന്‍
ഈ നഗരം ഒരുങ്ങിക്കഴിഞ്ഞു...
കാമുകിയുടെ ചുണ്ടുകളിലെ കാമക്കറ കുടിച്ചു മടുത്തവര്‍
ഇരുട്ടില്‍ മറ്റൊരു 'പെണ്‍'നിഴല്‍ കണ്ടെത്താനുള്ള തിരക്കിലാണ്...
ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ  
'എസ്‌.എം.എസ്‌' പിച്ചച്ചട്ടിയിലേക്ക്
ചില്ലറ വാരിയെറിയുന്നവര്‍
വഴിയരികില്‍ വയറ്റത്തടിച്ചു പാടുന്ന
കുഞ്ഞിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പുന്നു...
നിര്‍ത്താതെ കരയുന്ന
രാത്രിയുടെ തൊള്ളയില്‍
ചതിയുടെ ഈയമുരുക്കിയോഴിച്ച്
ആരൊക്കെയോ കടന്നു പോവുന്നു...
വീണ്ടും ഈ നഗരം
ഒരു പകലിനെ ജനിപ്പിക്കുമ്പോള്‍
ഞാന്‍ അറിയാതെ ഇതിനെ
സ്നേഹിച്ചു പോവുന്നു...!!!



---ദീപ----





Tuesday 27 September 2011

മഴ 


നിനക്കായ്‌ ഈ മഴ പെയ്യും.....
നിന്റെ നെറുകില്‍ ചുംബിച്ച്  
ഒരു കുഞ്ഞു മഴത്തുള്ളിയായി 
ഞാനും  ചിന്നിച്ചിതറും...
ആനന്ദകരമായ നിമിഷങ്ങള്‍
പെട്ടെന്ന്‍ മറന്നു കൊണ്ട്....
സ്വയം ഇല്ലാതായിക്കൊണ്ട്.....




 
യാചന 



ഇനിയെങ്കിലും നിശബ്ദതയെ നിങ്ങള്‍ ശബ്ദിക്കാന്‍ അനുവദിക്കൂ...
ബാഷ്പീകരിക്കപ്പെട്ട വികാരങ്ങള്‍ വീണ്ടും ഘനീഭവിക്കട്ടെ...
ചിന്തകളെ വാക്കുകളാല്‍ പൊതിഞ്ഞ്‌,
ശബ്ദങ്ങളുടെ ആഴവും പരപ്പും
ഞങ്ങള്‍ നിങ്ങള്‍ക്കായ്‌  കരുതി വയ്ക്കാം....







 തെറ്റ്


കറുപ്പായി വരച്ച വരകള്‍ പലതും
ഇന്നലത്തെ മഴ മായ്ചുകളഞ്ഞു.....
അറിയാതെ ആ മഴയില്‍
എന്റെ ഉള്ളം കറുത്തപ്പോള്‍,
  കാലവും കറുത്തിരുണ്ട മേഘവും 
എന്നെ കളിയാക്കിച്ചിരിച്ചു......




----ദീപ----
ജീവിതം

ഏറെ  വൈകിയാണ്
ഞന്‍  തിരിഞ്ഞു  നോക്കിയത്  , 
അപ്പോഴേക്കും
കാലം  എന്റെ  തോട്ടുപിറകിലെത്തിയിരുന്നു .
നിര്‍ത്താതെ ഓടി . . .
കഴിഞ്ഞില്ല ,
ഞാനും  ഓര്‍മ്മയായി . . . .




 അവശേഷിപ്പ്.

ജ്യാമിതിയുടെ  നിയമങ്ങള്‍ക്ക്  നിര്‍വചിക്കാനവാതെ  
നീണ്ടുകിടക്കുന്ന ഇരട്ടവരയന്‍  നോട്ടുബുക്കിലെ 
സമാന്തര  രേഖകള്ക്കിടയില്‍  മനസ്സിനെ  വരച്ചു
ഉടഞ്ഞുപോയ ഓര്‍മ്മകളുടെ  ചില്ലുകഷ്ണം കൊണ്ട്  കുത്തിയപ്പോള്‍
പ്രണയം ചോരയായ്
പുറത്തേക്കൊഴുകി . . .







ഇനിയെങ്കിലും . . . ?

ഭൂമിയുടെ  മാറില്‍  യന്ത്രങ്ങള്‍  നട്ട  
കോണ്‍ക്രീറ്റ്  മരങ്ങള്‍ക്ക് വേരുമുളക്കാന്‍
തുടങ്ങിയിരിക്കുന്നു . അവ  വളര്‍ന്നു  ഒരിക്കല്‍ 
ഭൂമിയുടെ  കഴുത്തില്‍  ചുറ്റും . .
.


ലോകത്തെ  മുഴുവന്‍  നിശബ്ദതയിലാഴ്ത്തി 
  ആ  അമ്മ  അവസാന  ശ്വാസവും  വലിച്
ഇരുട്ടിന്റെ  നിറവയറില്‍
അടുത്ത  ജന്മം  കാത്തു  കിടക്കും . . . .
















----വൈശാഖ്----

Monday 26 September 2011

രാത്രി 

 
ചിന്തയുടെ ഭാരങ്ങള്‍ ചുമലിലേറ്റി 

ചുറ്റുപാടുകളെ മറന്ന്‍

ഞാന്‍  ഇരുളില്‍ അലിയുന്നതിന്

ഏക സാക്ഷി.....




രാവ്

ജീവിതത്തിന്റെ പ്രതിബിംബം 

വഴിയോരങ്ങളില്‍ തേങ്ങിക്കരയുന്ന

അരവയരറുകളിലെക്ക്   

വെളിച്ചം വീശുന്ന നീണ്ട നാഴികകള്‍....





പ്രണയം 



എന്റെ ഇറ്റു വീഴുന്ന

കണ്ണീരൊപ്പാന്‍ എന്റെ നേര്‍ക്ക്‌ നീട്ടിയ

നിന്റെ നനുത്ത കൈവിരലുകള്‍ 




വിരഹം

 
നെഞ്ചില്‍ നീ കുത്തിയിറക്കിയ

കഠാര വലിച്ചൂരി,

'വീണ്ടും' 'വീണ്ടു'മെന്ന എന്റെ അലമുറ....




ഞാന്‍



മൂകതയുടെ അക്ഷമയില്‍

അസ്വസ്ഥയായ

അന്ധയായ സാക്ഷി.....  
   








----ദീപ----


Sunday 25 September 2011

നാളേയ്ക്കു വേണ്ടി...

ഇത്  ഒരു  ഓര്‍മ്മയാണ് . . 
ചിലപ്പോള്‍  ഒരു  ഓര്‍മ്മപ്പെടുത്തലാവാം.... 

ആശയം നഷ്ടപ്പെട്ട് എഴുത്ത്  മരിച്ചു  തുടങ്ങിയപ്പോള്‍, ആരോ  വലിച്ചെറിഞ്ഞുപോയ
അറ്റം കീറിയ  കടലാസ്സുകഷ്ണത്തിലെ അവസാന  അക്ഷരങ്ങളെ  കൂട്ടുപിടിച്ച്, 
മടിച്ചു  നിന്ന  പേനയെ  സര്‍  ഐസക്‌  ന്യൂട്ടന്റെ  ചലന  നിയമങ്ങളാല്‍ കീഴടക്കി 
ഞാന്‍ എഴുതിത്തുടങ്ങുകയാണ് . . .

പക്ഷെ  മുന്‍പേ  നടന്നവര്‍  പറഞ്ഞു  നിര്‍ത്തിയ
കഥകള്‍ക്ക്  തുടര്ച്ച നഷ്ടപ്പെടുന്നു . . .
അനാഥയായ  ഇരുട്ടിന്റെ  ഗര്‍ഭപാത്രത്തില്‍  കറുത്തിരുണ്ട്  കട്ടപിടിച്ചു  കിടക്കുന്ന  ഓര്‍മ്മകള്‍ക്ക്  
നിങ്ങളെ  രസിപ്പിക്കാനാവില്ല .
പക്ഷെ, നിങ്ങളുടെ  ബോധാമണ്ഡലത്തില്‍  പ്രതികരണത്തിന്റെ   
കണിക  രൂപപ്പെടുത്താന്‍  എനിക്ക്  കഴിഞ്ഞേക്കാം . .
അമ്മയുടെ  ഗര്‍ഭപാത്രം കുത്തിക്കീറി  പെണ്‍കുഞ്ഞിനെ  പുറത്തെടുത്  കാമക്കൊതി  മാറ്റുന്ന  കഴുകന്‍
കണ്ണുകള്‍ക്കെതിരെ . . .
പതിനെട്ടു  തികഞ്ഞവന്റെ  പൌര  സ്വാതന്ത്ര്യത്തെ
മൂലധനമാക്കി  വിദേശ  ബാങ്കുകളില്‍  ഗജനാവ്  പണിയുന്നവര്‍ക്കെതിരെ . . .
.അരക്കെട്ടിലുറപ്പിച്ച  നൈട്രൈടില്‍ വിരലമര്‍ത്തി  ആയിരം  ശവക്കല്ലറകള്‍      
തീര്‍ക്കുന്ന  ഹിംസ്ര  ജന്തുക്കള്‍ക്കെതിരെ. . .
നിറം  പറഞ്ഞു   തര്‍ക്കിച്ച്  ദൈവത്തെ  നൂറായ് പങ്കിടുന്ന  മാനവ  മൂല്യച്യുതിക്കെതിരെ . . 


.
ഇനിയെങ്കിലും നിങ്ങളുടെ  ശബ്ദത്തെ  ശ്വാസനാളത്തില്‍ തളച്ചിടാതിരിക്കുക ....
കൈകളുടെ  ചലന  സ്വാതന്ത്ര്യത്തെ നിഷേധിക്കാതിരിയ്ക്കുക . . .





അറ്റം  കീരിത്തുടങ്ങിയ  കടലാസ്  കഷ്ണത്തില്‍  ഞാന്‍  ഇത്ര  കൂടി  ചേര്‍ക്കുകയാണ് . . .

എന്റെ  അവസാന  അക്ഷരങ്ങളെ  കൂട്ടുപിടിക്കേണ്ടത്  ഇനി  നിങ്ങളാണ് . . .
ഒരുപക്ഷെ  ഇത്  ഒരു  തുടക്കാമായിരിക്കാം. . . .
 ഇതുവരെ  എന്നെക്കൂടി കീഴടക്കിയ  കപട  സദാചാരങ്ങള്‍ക്കെതിരെ
നമ്മള്‍  കൈകോര്‍ത്ത്   പുതിയ
നാളേയ്ക്കുള്ള തുടക്കം . . . .




----വൈശാഖ്----

Saturday 24 September 2011

തെരുവ്

കീറിത്തുടങ്ങിയ ചേലത്തുമ്പില്‍

പൊതിഞ്ഞു ഞാന്‍ കുഞ്ഞേ നിന്നെ

വീണ്ടും ഭീതിയോടെ ഇരുട്ടിന്റെ

കംബിളിക്കിടയില്‍ തിരുകിക്കിടത്തുന്നു....


പൊള്ളുന്ന പകലുകള്‍ക്ക്‌ മീതെ

മഴപെയ്യുമ്പോള്‍, കുഞ്ഞേ

നിനക്കായ്‌ തരാന്‍

ഈ കടം വാങ്ങിയ മുലപ്പാല്‍ മാത്രം....!!!










----ദീപ----

കവിത

ഞാന്‍ ഒരു കവിതയെ ഗര്‍ഭം ധരിച്ചിരിക്കുന്നു...
അനുഭവങ്ങളുടെ തിരിനാളങ്ങള്‍ എരിഞ്ഞമര്‍ന്നു
ചാരക്കൂനകളായ് മാറുമ്പോഴും,
നൊമ്പരങ്ങളുടെ അകം പറച്ചിലുകള്‍
അലമുറകളായ് ഉയരുമ്പോഴും,
ഞാന്‍ എന്റെ കവിതയെ ഉദരത്തില്‍ പേറുകയായാരുന്നു...

നീറുന്ന രാശിയിലും,
കയ്പ്പിന്റെ മടുപ്പിലും,
നിനക്കായ്‌ ഞാന്‍ ആ കവിതയെ കാത്തുവച്ചു.....
തുറന്നു പറച്ചിലുകളുടെ ആരംഭമില്ലാതെ,
ഓര്‍മ്മപ്പെടുത്തലുകളുടെ  ഭീകരതയില്‍ വിറയ്ക്കാതെ,
ഞാന്‍ ഒന്നിന് പുറകേ ഒന്നായി  അക്ഷരങ്ങള്‍ കോര്‍ത്തെടുത്തു...
തിരിച്ചറിവിന്റെ മാലപ്പടക്കങ്ങള്‍ക്ക് തീകൊളുത്തി
ശാന്തിയുടെ മഴയും പ്രതീക്ഷിച്ച്
കാപട്യത്തിന്റെ നദീതീരത്ത് ഞാനാ കവിതയെ പെറ്റു....

ആഞ്ഞു വീശിയ കാറ്റില്‍ വേര്‍പെട്ടുപോയ പൊക്കിള്‍ക്കൊടി നോക്കി
അക്ഷമയുടെ അന്ധകാരത്തില്‍ ഞാന്‍ അലഞ്ഞു....
വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു ദേഹം മണല്‍തരികള്‍ മൂടിയപ്പോള്‍,
കരയോട് കിടപിടിച്ച് നദിയും എന്റെ കുഞ്ഞിനെ മുക്കിക്കൊന്നു....
അവിടെ എന്റെ കവിത മരിക്കുകയായിരുന്നു!!!

----ദീപ----

തിരിച്ചറിവ്

കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ച തൂവെള്ള കടലാസ് അപ്പോഴും നഗ്നയായിരുന്നു.....
പേനയില്‍ നിന്നും ഇനിയും അക്ഷരങ്ങള്‍ പുറത്തുവന്നിട്ടില്ല.. 
താന്‍ ഒരെഴുതുകാരനാനെന്നു  പറയാന്‍ അയാള്‍ക്ക് 
ലജ്ജ തോന്നി. 

വീണ്ടും നിവര്‍ത്തിപ്പിടിച്ച കടലാസിലേക്ക്....

കറുത്ത നിറത്തില്‍ കടലാസിനു മുകളിലായി പ്രണയം അപ്പോഴും അയാളെ നോക്കുന്നുണ്ടായിരുന്നു. 
താനിതുവരെ  പ്രണയം അറിഞ്ഞിട്ടില്ല . 
പിന്നെങ്ങനെയാണ്....???
ഒരായിരം ചോദ്യങ്ങള്‍ അയാളുടെ മനസ്സിനെ കുത്തിനോവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രണയം ചുവപ്പാണെന്ന് ഒരിക്കല്‍ ആരോ അയാളോട് പറഞ്ഞു.
പക്ഷെ അയാള്‍ക്ക്റിയാവുന്ന  ചുവപ്പ്  കമ്മ്യുണിസത്തിന്റെതായിരുന്നു.
പിന്നീടെപ്പോഴോ വായിച്ച പുസ്തകങ്ങളിലൂടെ പ്രണയം നിര്‍വചിക്കപ്പെട്ടു.

പക്ഷെ അപ്പോഴും എഴുത്തുകാരന് അക്ഷരങ്ങളോടായിരുന്നു പ്രണയം...
ചിത്രകാരന് നിറങ്ങളോടായിരുന്നു പ്രണയം, 
പൂന്തോട്ടത്തിലെ  പൂക്കളോട്,
ചാറ്റല്‍ മഴയോട്,
എങ്കിലും തന്‍ തേടിയിരുന്ന പ്രണയം അതായിരുന്നില്ലെന്ന്‍ അയാള്‍ക്കറിയാമായിരുന്നു.
ആ തിരിച്ചറിവാണ് അയാളെ ഇന്ന്‍ ഇവിടെ എത്തിച്ചത്....
ഈ ഏകാന്തതയില്‍ തിങ്ങി നിറഞ്ഞ ശിഖരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞപ്രകാശത്തിനു കീഴെ മനസ്സ് അപ്പോഴും മൌനത്തിലായിരുന്നു
അയാള്‍ പതുക്കെ കണ്ണുകളടച്ചു....

മനസ്സ് പതിയെ മൌനം വെടിയുന്നതായി തോന്നി.
ആരുടെയോ പ്രേരണയാല്‍ കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ അവളുണ്ടായിരുന്നു.
ചാറ്റല്‍ മഴയില്‍ അവളുടെ ചുണ്ടില്‍ തങ്ങിനിന്ന മഴത്തുള്ളികള്‍ വീഴാന്‍ മടിക്കുകയാണെന്ന്‍ അയാള്‍ക്ക് തോന്നി. ആ ചുണ്ടിന് പ്രണയത്തിന്റെ ചുവപ്പുണ്ടായിരുന്നു.
അവള്‍ അയാളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.
എങ്കിലും താന്‍ തേടിയ പ്രണയം അരികിലെത്തിയത് പോലെ. ഒരു യന്ത്രം കണക്കെ അവളുടെ പുറകെ നടന്നു. എത്ര വേഗത്തില്‍ ന്നടന്നിട്ടും അവളുടെ അടുത്തെത്താനാവുന്നില്ല .
ചിലപ്പോള്‍ അവള്‍ മഴയില്‍ അലിയുന്നു. 
അല്ലെങ്കില്‍ ഒരു നേര്‍ത്ത ഹിമകണം പോല്‍ വിരിയുന്നു. അവള്‍ക്ക് പ്രണയത്തിന്റെ മണമുണ്ടായിരുന്നു. അയാള്‍ ഇതുവരെ അറിയാതിരുന്ന ഒരുതരം മണം.
ദൂരേക്കുനോക്കി അവള്‍ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നില്ല. .
പക്ഷെ അയാളുടെ കാഴ്ചയില്‍ അവള്‍ മാത്രമായിരുന്നു.

ആ കണ്ണുകളില്‍ വിടര്‍ന്നുനിന്ന പ്രണയം അയാളെ മത്തു  പിടിപ്പിക്കുന്നു.
അയാള്‍ അപ്പോഴും അവളുടെ തൊട്ടുപുറകിലായിരുന്നു.
എത്ര ശ്രമിച്ചിട്ടും ഒപ്പമെത്താനാവുന്നില്ല. ആ കാഴ്ചയില്‍ നിന്ന്‍ അവള്‍ മറഞ്ഞത് പെട്ടെന്നായിരുന്നു...      പ്രണയമറിയാനുള്ള തിടുക്കത്തില്‍ മുന്നില്‍ക്കണ്ട ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിച്ചെന്നു. മനസ്സ് പറയുന്നുണ്ടായിരുന്നു അവള്‍ ഇവിടുണ്ടെന്ന് . ചുവരുകളില്‍ വര്‍ണ്ണ ചിത്രങ്ങളുണ്ടായിരുന്നു... റോസാപ്പൂക്കള്‍, പാവക്കുട്ടികള്‍... അയാളുടെ പ്രണയം വളരുകയായിരുന്നു.
"അവയ്ക്ക് പ്രണയത്തിന്റെ ചുവപ്പാണ്..."
ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു.
പാതിചാരിയ മുറിയുടെ വാതില്‍ പതുക്കെ തുറന്നു....
തന്റെ പ്രണയം ഇവിടെയാണ്  മനസ്സ് വീണ്ടു പറയുന്നു.....
ചുവരുകളില്‍ വര്‍ണ്ണ ചിത്രങ്ങള്‍, റോസാപ്പൂക്കള്‍, പാവക്കുട്ടികള്‍... പക്ഷെ അവയുടെ ചുവപ്പ് മാറിയിരിക്കുന്നു.
അത് ചോരയുടെ ചുവപ്പാണെന്നയാള്‍ക്ക് തോന്നി. കട്ടപിടിച്ച ചോരയുടെ ചുവപ്പ്.... നേര്‍ത്ത കാറ്റില്‍ ഒരു കടലാസ്സു കഷ്ണം അയാളുടെ മുന്നില്‍ പാറി വീണു. അത് നഗ്നയായിരുന്നില്ല... ചുവന്ന കുപ്പായമുണ്ടായിരിന്നു... 
വീണ്ടും ചോരയുടെ ചുവപ്പ്...

അയാള്‍ തിരിച്ചറിഞ്ഞു .... 
പ്രണയം.... ലോകത്തിലെ ഏറ്റവും വലിയ നുണ...
അയാള്‍ പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നു.... ചാറ്റല്‍ മഴയുണ്ടായിരുന്നില്ല..... അക്ഷരങ്ങള്‍ നിറയാത്ത കടലാസ്സു അപ്പോഴും സുന്ദരിയായിരുന്നു....
മനസ്സ് തേങ്ങുകയായിരുന്നു.....
നഷ്ട പ്രണയത്തെപ്പറ്റി ഓര്‍ത്തല്ല......
പ്രണയത്തെ ഓര്‍ത്ത്‌......




----വൈശാഖ്----

സന്ധ്യ

ഇവിടെ സന്ധ്യയുടെ അനക്കങ്ങള്‍ നിലയ്ക്കുന്നില്ല...

മുല്ലപ്പൂവിന്റെ മണമൊഴുകുന്ന   ചുവന്ന തെരുവുകളില്‍'
കേളികളുടെ പ്രളയാഗ്നിയില്‍ മാനം നഷ്ടപ്പെട്ടവര്‍
വീണ്ടും വീണ്ടും വേഴ്ച്ചകള്‍ക്ക് കീഴടങ്ങുന്നു....
പ്രതീക്ഷകള്‍, തീരാത്ത പാലായനത്തിനിടയില്‍
ഏതോ പൂമാലയില്‍ കുരുങ്ങി മരിച്ചിരിക്കുന്നു...
തിരിച്ചു വരാന്‍ കൊതിക്കുന്ന പ്രവാസിയുടെ മുതുകില്‍
ചാട്ടവാറിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ല....


ഈ സന്ധ്യ പിന്നെയും പുകഞ്ഞുകൊണ്ടിരിക്കുന്നു...

ചുടുചോര വില്‍ക്കാന്‍ ഏതോ കച്ചവടക്കാരന്‍
കട തുറന്നു വച്ചിരിക്കുന്നു...
ഇരുട്ടിന്റെ ആരമാങ്ങള്‍ക്ക് മീതെ
റോക്ക് ആന്‍റ് റോളിന്റെ  സന്ധ്യാനാമം മുറവിളി കൂട്ടുന്നു...
സന്ധ്യയെ കറുത്ത പുതപ്പിനടിയിലാക്കി

രാത്രി ചിരിക്കുമ്പോഴും,
കഴുകന്മാരാല്‍ ആക്രമിക്കപ്പെട്ട ഏതോ പിഞ്ചുകുഞ്ഞ്
ആ തെരുവോരങ്ങളില്‍
അമ്മയെ കാണാതെ നിലവിളിക്കുകയായിരുന്നു.....


 
 
 
 
 
 
 
 
 
 
 
----ദീപ----

Friday 23 September 2011

മഴയ്ക്ക്‌ പറയാനുള്ളത്...



ഓര്‍ക്കുന്നുവോ.....,



നീ മുറുകെ പിടിച്ച ഊഞ്ഞാല്‍ കമ്പികളിലൂടെ ഊര്‍ന്നു വന്ന് ഞാന്‍ ആദ്യമായി നിന്റെ കരങ്ങളെ ചുംബിച്ചത്?

നേര്‍ത്ത പുഞ്ചിരിയോടെ എന്നെ നീ നിന്റെ കണ്ണുകളിലേക്ക് പകര്‍ന്നത്? നിന്റെ പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ അവന്റെ

ചിരി എന്നില്‍ മഴവില്ല് പണിതത്? അവന്‍ നിന്നെ തള്ളിപറഞ്ഞ നിമിഷങ്ങളില്‍ ഞാന്‍ നിന്റെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത്?



പിന്നെയും നീ എന്നെ കാത്തിരുന്നു,

ഞാന്‍ ജനലഴികള്‍ക്കപ്പുറത്ത് നിന്റെ മിഴികളെ പ്രതീക്ഷിച്ചിരുന്നു..... പക്ഷേ, നീയെന്തേ എന്നെ കണ്ടില്ല?

ഒരിക്കല്‍ നിന്റെ കുടക്കമ്പികള്‍ എന്നെ ഉടച്ചു കളഞ്ഞപ്പോള്‍ എന്തേ നീയെന്നെ കൈകളാല്‍ താങ്ങിയില്ല?

ഇലത്തുമ്പില്‍ പാതിമയക്കത്തിലാണ്ട എന്നെ സൂര്യന്‍ വലിച്ചു കുടിച്ചപ്പോള്‍ എന്തേ അരുതെന്ന്‍ പറഞ്ഞില്ല?



രാത്രിയുടെ ശീതളിമയില്‍ നീ പുതപ്പിന്റെ ഇളം ചൂടില്‍ ഉള്‍വലിഞ്ഞപ്പോഴും ഞാന്‍ നിന്റെ സ്പര്‍ശത്തിനായ്

കാത്തിരുന്നു.....

ഒടുവില്‍ ഞാന്‍ മണ്ണില്‍ മറയുമ്പോഴും നീ നല്ല ഉറക്കത്തിലായിരുന്നു.....


---ദീപ----















ഓര്‍മ്മയുടെ ട്രാക്കില്‍....

എന്റെ ഓര്മ്മയുടെ ട്രാക്കില്‍ കൂടെ ഒരു തീവണ്ടി കുതിച്ചു പായുകയാണ്....
കരിതുപ്പി,ആളെത്തി‍ന്ന്‍, അത് ഇന്നലകളില്നിന്ന് ഇന്നിലേക്ക് നിര്ത്താതെ ചലിച്ചുകൊണ്ടിരിക്കുന്നു......

എന്തായിരിക്കാം ആ വണ്ടിയിലെന്ന് ഞാനും ചിന്തിക്കാറുണ്ട്.....
ചിലപ്പോള് ഓര്മ്മകളുടെ മാറാപ്പകാം.......
അല്ലെങ്കില് എന്റെ സ്വപ്നങ്ങളുടെ ഈര്പ്പമാകം....
അതുമല്ലെങ്കില്.... നിന്നിലേക്ക് എന്നെയടുപ്പിക്കുന്ന പ്രതീക്ഷകളാകാം.....
ഒരുപക്ഷെ....... ഈ തീവണ്ടിതന്നെ നീയായിരിക്കാം.....
നിനക്കോര്‍മ്മയില്ലേ , ഈ തീവണ്ടിയിലെ എതിര്‍ സീറ്റുകളില്‍ ഇരുന്ന് നാം പരസ്പരം മൌനമാളന്നത്….?
കണ്ണുകള്‍ കൊണ്ട് കവിത രചിച്ചത്……..?
നമ്മുടെ ആര്‍ദ്രമായ മൌനത്തെ തകര്‍ത്തുകൊണ്ട് ഇരുമ്പ് ചക്രങ്ങള്‍ തിടുക്കത്തില്‍ പ്രകമ്പനം കൊള്ളുമ്പോള്‍ ഒരു സ്വപ്നത്തിലെന്ന പോലെ നീ ചിരിക്കാറുള്ളത് എന്തിനായിരുന്നു?
ചാറ്റല്‍ മഴയില്‍ ജനല്‍ പാളികള്‍ അടയ്ക്കാതെ നമ്മള്‍ നനഞ്ഞതും.... അടുത്തിരുന്ന താടിക്കാരന്‍ മുറുമുറുത്തുകൊണ്ട് എഴുന്നേറ്റു പോയതും നീ ഓര്‍ക്കുന്നുവോ .........?



തീവണ്ടി അപ്പോഴും യാത്ര തുടര്‍ന്നുകൊണ്ടിരുന്നു....
അനന്തമായ പാളങ്ങള്‍ പോലെ നിന്നോടുള്ള പ്രണയം ചക്രവാളസീമകളെ ഭേദിച്ച് വളരുന്നത് ഞാനറിഞ്ഞു...
പക്ഷെ..... നിറഞ്ഞ കണ്ണുകളുമായി നിന്റെ കല്യാണ കുറിമാനം എന്റെ നേര്‍ക്ക് നീട്ടിയപ്പോള്‍ ഞാന്‍ അറിഞ്ഞു... നീയും ഒരു തീവണ്ടിയാണ്....
അറ്റം കാണാന്‍ ഞാന്‍ ഏന്തിവലിഞ്ഞു നോക്കുമ്പോള്‍ വളവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വികൃതിയായ തീവണ്ടി....
.
.
.
എത്രയെത്ര പേരെയാണ് ദിനവും തീവണ്ടി പരിചയപ്പെടുത്തുന്നത്...
ഊരും പേരും ജാതിയും മതവും നിറവും രാഷ്ട്രീയവും വ്യത്യസ്തമായവര്‍....
ഒന്നുമില്ലാത്തവര്‍..
.. എല്ല്ലാം ഉള്ളവന്ര്‍.. വിഗലാംഗര്‍... ഭ്രാന്തന്മാര്‍...അനാഥര്‍.....
ടിക്കറ്റ്‌ എടുക്കാന്‍ കാശില്ലാത്തവന്ര്‍.... എടുത്ത ടിക്കറ്റ്‌ നഷ്ടപ്പെട്ടവന്ര്‍....
പിന്നെയും.... ഒരുപാടുപേര്‍....
ആരൊക്കെയോ ഇറങ്ങുന്നു.... കയറുന്നു.... കൈവീശുന്നു.... കണ്ണീര്‍ പൊഴിക്കുന്നു....
പക്ഷെ..... തീവണ്ടി നിര്‍ത്താതെ പായുന്നു....

ഈ ചൂളം വിളികള്‍ അവസാനിക്കുന്നില്ല....
ഇവ തരുന്ന സൂചനകളും....
അടച്ചിട്ടിരിക്കുന്ന ക്രോസ്സിനപ്പുറത്തു പൊലിഞ്ഞു പോകുന്ന ജീവനുണ്ടാകാം.....
നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളുണ്ടാകാം.....
തീവണ്ടി ഒന്നുമറിയാത്ത ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കുന്നു....
..............................................................................................

അവളുടെ വേര്പാട് സമ്മാനിച്ച വേദനയും പേറി ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.....


അപ്പോഴും ഓര്‍മ്മയുടെ നനുത്ത ട്രാക്കില്‍ കൂടെ ആ തീവണ്ടി ഓടിക്കൊണ്ടിരുന്നു...
----വൈശാഖ് ----

പ്രണയം...



ഇത് എന്റെ പ്രണയമാണ്...

കരുത്തുരുണ്ട അക്ഷരങ്ങള്‍ നോട്ടുബുക്കിലെ സമാന്തര രേഖകള്ക്കിടയില്‍
നിനക്കായ്‌ തീര്‍ത്ത പ്രണയം...

നീ ഉരിയാടാത വാക്കുകളില്‍
ഞാന്‍ സ്വയം നിര്‍വചിച്ചെടുത്ത പ്രണയം...

നിന്റെ അസാന്നിധ്യം എന്നില്‍ സൃഷ്‌ടിച്ച
അസ്വസ്ഥതകളുടെ പ്രണയം...

എന്റെ കവിളില്‍ പുരണ്ട നീര്‍മണികള്‍
നീ തുടച്ചു കളയുമെന്ന പ്രതീക്ഷയുടെ പ്രണയം...

യാഥാര്ത്യത്തിന്റെ മുള്ളുകളെ ചുവന്ന പാട്ടാല്‍ മറച്ച്
നീ കാട്ടിതന്ന നിറമുള്ള സ്വപ്നങ്ങളുടെ പ്രണയം...

ഏകാന്തതയുടെ ഏറിയ തണുപ്പില്‍
നീ എനിക്ക് പകര്‍ന്നു തന്ന ചൂടിന്റെ പ്രണയം...

ഒടുവില്‍, ഇരവിന്റ പട്ടടയില്‍ നീയെനിക്കേകിയ
പൊള്ളുന്ന വേദനകളുടെ പ്രണയം...

കാലഗ്നിയില്‍ ദഹിച്ചു തീര്‍ന്ന
ഓര്‍മകളുടെ  പ്രണയം...

==========================


----ദീപ----

പുനര്‍ജനി





ഒരു കവിത കൂടി എഴുതണമെന്നുണ്ട്......
 .
 .
 .
പക്ഷേ....

ചിതലരിച്ച കടലാസും,
മഷി വറ്റിയ പേനയും,

ഇരുട്ടില്‍, ആരോ ശര്‍ദ്ദിച്ച രക്തത്തില്‍
ആശയങ്ങള്‍ക്കായ്‌  ആത്മത്യാഗം ചെയ്യുന്നു.....


കളങ്കത്തിന്റെ  ചതുരക്കളത്തില്‍ പണയം വച്ച മനസ്സ് 
നഗ്നമാക്കപെട്ട അഗ്നിയുടെ ആമാശയത്തില്‍ ദഹിച്ചുതീരുന്നു....
ഇരുളിന്റെ തുരുമ്പ് ബാധിച്ച മസ്തിഷ്കത്തില്‍ നിന്നും 
ചിന്തയുടെ പക്ഷി ദൂരേക്ക് കൂടൊഴിഞ്ഞു പോയിരിക്കുന്നു.....

എങ്കിലും......

ഇനിയും ഒരു കവിത കൂടി എഴുതണമെന്നുണ്ട്.....
നിറയുന്ന മൌനത്തിന്റെ കോണില്‍ 
വാക്കുകള്‍ കൊണ്ട്  നിനക്കായ്‌ ഒരു പുനര്‍ജനി.....

----ദീപ----