Monday 2 April 2012

അപായം

അകലെ ഒരു കുന്ന്,
കാറ്റ് പറഞ്ഞ കഥകളില്‍ 
സ്വയം മറന്ന്‍
ദൂരെയുടെ ആകാശചിത്രങ്ങള്‍ക്ക് 
കടും പച്ചയുടെ താളമേകി ഒരമ്മ. 

അന്ന്‍,
കാറ്റ് പറഞ്ഞ കഥകള്‍ക്കെല്ലാം 
ജീവിതത്തിന്റെ മാനമായിരുന്നു.
അണപൊട്ടിയൊഴുകുന്ന
കുന്നിന്റെ ദുഃഖങ്ങള്‍ക്ക് മീതെ 
ഓളങ്ങള്‍ വിടര്‍ത്തി, 
ആശ്വാസത്തിന്റെ ആലിംഗനം. 

ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ 
കാമാവെറിയില്‍ കറുത്തു പോകുമ്പോള്‍   
കരുതലിന്റെ കരങ്ങളാല്‍ 
കാറ്റിന്റെ താരാട്ട് പാട്ട്.

ഏകാന്തതയുടെ നേരിയ ചൂടില്‍ 
മഴയെ കൂട്ടുപിടിച്ചു പറഞ്ഞത് 
വേനലിന്റെ ദൈന്യതയില്‍ 
ഓര്‍ത്ത്‌ കരയാന്‍, ചില 
സുഖമുള്ള നോവുകള്‍.
പിന്നെയും ഒരുപാട് കഥകള്‍...

ഇന്ന്‍,
കാറ്റ്  കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. 
അത് കേള്‍ക്കാന്‍,
 കുന്നുകള്‍  മണ്ണിനടിയില്‍നിന്ന്‍
പതുക്കെ തലപൊക്കി നോക്കുന്നു.

ഇന്നിന്റെ കഥകളില്‍ 
സ്നേഹമില്ല,
കാമ്പും കാതലുമില്ല.
എന്‍ഡോസള്‍ഫാന്‍ 
വിഷബാധയേറ്റ കുഞ്ഞിനെ പോലെ 
അന്ത്യശ്വാസം  വലിക്കുന്ന കുന്ന് .
അങ്ങോട്ട്‌  സഹതാപത്തിന്റെ 
ഒരു നോട്ടം മാത്രം.

ഇനി കഥകളില്ല.
ഇടറി വീഴുന്ന നോട്ടങ്ങളില്‍
ദൂരെ മഞ്ഞക്കുപ്പായമിട്ട യന്ത്ര വാഹനം.
ഇനി ഒരപായ സൂചന മാത്രം.
"ദൂരെ നിന്ന്‍
 ഒരു ജെ. സി. ബി. ഇരമ്പി വരുന്നു!"   


----ദീപ----