Monday, 27 February 2012

ഒറ്റച്ചോദ്യം



പച്ച ഞരമ്പുകളെയോര്‍ത്ത് കരയാറുള്ള ഒരു കുന്ന്
യന്ത്രക്കൈകള്‍ ഗര്‍ഭാശയ ഭിത്തിയില്‍ 
നഖം  പൂഴ്ത്തുമ്പോള്‍ ഇപ്പോഴൊന്ന്‍ കണ്ണ് നനയാറുപോലുമില്ല .
ഉള്ളിലുറഞ്ഞു കൂടിയ ജീവനെ 
അതേന്നെ പിഴുതു  കളഞ്ഞിരിക്കുന്നു.....!!!

എത്രമേല്‍ മാന്തിക്കീറിയിട്ടും മതിവരാത്ത
മതിവരാത്ത ആസക്തി തീര്‍ക്കുവാന്‍
അതിപ്പോഴും കുന്നിന്റെ സഹോദരികളെ തിരഞ്ഞു നടക്കുന്നു.....

ചട്ടുകാലനായും കണ്ണുപൊട്ടനായും 
സഹതാപത്തിന്റെ ഒട്ടകപ്പരിവേഷം 
കുന്നിന്റെ ഇടങ്ങള്‍ കടിച്ചുതുപ്പുമ്പോള്‍ 
കാറ്റും മഴയും വെയിലുമെല്ലാം
നിസ്സഹായതയുടെ അപായച്ചങ്ങലയില്‍ ഏതോ
സിഗ്നല്‍ കാത്തുകിടക്കുന്നു.....

കുന്നിന്റെ  അവസാന നിമിഷങ്ങളെ   
ക്യാമറയും മൈക്കും മത്സരിച്ചാഘോഷിക്കുമ്പോഴും
അരികുകളില്‍ ബാക്കിയാവുന്നത്
നെഞ്ചകം പിഞ്ഞിയ ഒരായിരം അമ്മമാരുടെ ഒറ്റച്ചോദ്യം
"മോളെ! നിനക്കൊന്നുറക്കെ കരയാമായിരുന്നില്ലേ....?" 



 ----ദീപ----