Saturday 17 December 2011

ഭാര്യ

എല്ലാ  മോഹങ്ങളും 
ഒരു നുള്ള്  സിന്ദൂരത്തില്‍ 
ചുവപ്പിച്ചെടുത്തു.....



സ്വപ്നങ്ങള്‍ക്ക്  
ദയാവധം വിധിച്ചവര്‍ക്ക് വേണ്ടി
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...


ഊറ്റിക്കുടിച്ചിട്ടും 
മതിവരാത്ത ആസക്തിക്ക് മുമ്പില്‍ 
ചോര പൊടിയുവോളം 
അവയവങ്ങളെ വിട്ടു കൊടുത്തു....


കിടപ്പറയിലെ കുരുതിക്കൊടുക്കം
മരവിപ്പിന്റെ ബീജവും പേറി 
പൊള്ളുന്ന പനിച്ചൂടില്‍ 
ഒരു പകല്‍ മയക്കം......





അകത്തെ പെണ്ണ്‍
മുറിയിലടയിരിക്കുന്നെന്നും പറഞ്ഞ്
അമ്മായമ്മയുടെ മുറുമുറുപ്പ്....


വേച്ച്  വേച്ച്  നടന്നു വന്ന്
അടുക്കളയിലെത്തിയപ്പോള്‍
അടുപ്പില്‍ ശൂന്യതയുടെ 
ഭാര്യാ സങ്കല്‍പ്പം !!!



----ദീപ ----

കടം

ചോറ്റുപാത്രം തുറക്കാറില്ല 
കൂട്ടുകാരുടെ മുന്നില്‍ വച്ച് 
കാരണം എന്റെ അന്നത്തിന്
ശൂന്യതയുടെ മണമാണ്.....





ആരോ വലിച്ചെറിഞ്ഞുപോയ 
കുറ്റി ബീഡിയില്‍ വിശപ്പൊതുക്കുന്ന 
കുഞ്ഞനിയനോടരുതെന്ന്‍ പറയാറില്ല,
കാരണം അവന്റെ  മറു ചോദ്യങ്ങള്‍ക്ക് 
എനിക്ക്  ഉത്തരമില്ല....

അമ്മയുടെ ഒട്ടിയ വയറിന്
അടുപ്പിനോട് പരാതിയില്ല,
കാരണം ഉമ്മറത്ത് ചുരുണ്ടുകൂടി 
ചുമച്ച്  ചുമച്ച് തീ തുപ്പുന്ന അച്ഛന്‍.....





മരുന്ന് കടയിലെ മറവിക്കാരനോട്
ഇനിയും കടം പറയാനാവില്ല...
അതിനാല്‍ ഒടുക്കത്തെ കടം പറഞ്ഞു!
ഒരു കുപ്പി വിഷം
മൂന്നു തുള്ളി വീതം നാല് പേര്‍ക്ക്....!!! 



----ദീപ----
  

Friday 16 December 2011

ഒരുവേള



അഗ്നിയെ ചുംബിക്കാന്‍
ഒരുങ്ങിയപ്പോഴും 
ഓര്‍ത്തില്ലേ,  ഒരുവേള പോലും...,
മടിശീലയിലിറുക്കി വച്ച    
മുഷിഞ്ഞ നോട്ടിലെ 
ചുളിവുകളോട് കിടപിടിച്ച്
"മോളുച്ചയ്ക്ക് വല്ലതും വാങ്ങിക്കഴിക്കണേ"
എന്ന് പറയുന്ന ഒരമ്മയുടെ മുഖം?


   കണ്ണീരു കുളുപ്പം മാറാത്ത  
അടുപ്പിലെ ചാരക്കുട്ടത്തില്‍ 
ശ്വാസകോശത്തെ ഹോമിച്ച്
നിന്‍റെ ഉറക്കച്ചടവ് മാറ്റുവാന്‍ 
വച്ച് നീട്ടുന്ന 
ഒരു ഗ്ലാസ്‌ കട്ടന്‍ ചായ?


അരുതെന്ന്  വിലക്കുമെങ്കിലും 
അരുമയായിരുന്നില്ലേ
അമ്മയ്ക്ക് നീ എന്നും....
ഇന്നലെ കണ്ടവന്‍ തള്ളിപ്പറഞ്ഞപ്പോഴേക്കും 
അഗ്നിയെ വാരിപ്പുണരുവാന്‍
വേണമായിരുന്നോ,
റേഷന്‍ കടയിലെ 
ഉറുമ്പ് നിരയുടെ അങ്ങേ തലയ്ക്കല്‍ 
കടക്കാരന്‍ മുഖം കറുപ്പിച്ചമ്മയ്ക്ക് 
ഔദാര്യം നല്‍കിയ 
ഒരു കന്നാസ്  മണ്ണെണ്ണ?


----ദീപ----