Friday, 16 November 2012 വേശ്യ  

കരിഞ്ഞ ഇലകളുടെ മണമായിരുന്നു നിനക്കെന്നും....
രാത്രിയുടെ ഒഴിഞ്ഞ കോണുകളില്‍
ഒരു മൗനം  കൊണ്ട് പറയാന്‍ പറ്റാത്തതോക്കെയും
കിതപ്പിനാല്‍ വിയര്‍പ്പുമണികളായി  നാം പങ്കുവെച്ചു ..
നിന്‍റെ  കനത്ത മാറിടത്തില്‍, അനുസരണ ഇല്ലാതെ ചുറ്റിപിണഞ്ഞ
മുടിയിഴകളെ  വകഞ്ഞു മാറ്റിയപ്പോള്‍
സുതാര്യമല്ലാത്ത രതികാമാനകള്‍ക്കപ്പുറം മനസിന്റെ കോണുകളിലും
അറിയാതെ ചില അനക്കങ്ങള്‍ ഞാന്‍ അറിഞ്ഞു
കാലവര്‍ഷത്തില്‍ കുടയെടുക്കാന്‍ മറന്നുപോയ നിന്‍റെ  ശരീരം
മഴയു  കാറ്റും ആവോളം ഭോഗിചെന്നു എനിക്കറിയാം              
എങ്കിലും  അടക്കമില്ലാത്ത എന്‍റെ ഇടുപ്പിന്റെ  വേഗങ്ങളില്‍
നിനക്ക് പലപ്പോഴും പഴുത്ത ഇലകളുടെ മണമായിമാറുന്നു
രാത്രിയുടെ മൂര്‍ധന്യത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന
നമ്മുടെ ശരീരങ്ങള്‍ എങ്ങനെയാണ് പകലിന്‍റെ
നിറം മങ്ങിയ പൊള്ളത്തരങ്ങക്കിടയില്‍ തീര്‍ത്തും അപരിചിതങ്ങളായിപ്പോകുന്നത്?
നിനക്ക് പ്രാപ്യമാകുന്നത് ശരീരത്തിന്‍റെ മണംമാത്രമാകുന്നു
എനിക്ക് ...
നിന്‍റെ മനസ്സില്‍ പൊടിയുന്ന വിയര്‍പ്പിന്റെയും...............

Sunday, 23 September 2012

"മുഖമൊഴി "


വാക്കുകള്‍  കൊണ്ട് നിങ്ങളുടെ ചിന്തകളെ മാറിമാറിക്കാനാകും എന്ന വിശ്വാസത്തോടെ ഒന്നുമല്ല ഞങ്ങള്‍ എഴുതിത്തുടങ്ങിയത് ...വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ തീര്‍ത്ത വിപ്ലവകാരിയെ നിങ്ങളില്‍ തേടുകയായിരുന്നു...ഇന്നു (23 സെപ്തംബര്‍ 2012) "ഇലഞ്ഞിമരം " ചിന്തകളെ ചികഞ്ഞെടുക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു..ഇതുവരെ ഞങ്ങള്‍ക്ക്  പ്രചോദനം തന്ന എല്ലാ വായനക്കാര്‍ക്കും നന്ദി..തുടര്‍ന്നും വായിക്കുക......

Friday, 31 August 2012

ഓര്‍മ്മത്താള്

ചില  വഴികള്‍   അങ്ങനെയാണെന്ന്   തോന്നുന്നു.…..എത്ര ദൂരം നടക്കുന്നുവോ, അത്രയും ഓര്‍മ്മകള്‍..….. ഏതു  പ്രതിസന്ധികളിലും കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള ഓര്‍മ്മകള്‍.…
ഒരു കൊച്ചുകുട്ടിയെപോലെ  അട്ടഹസിച്ചു കരയിക്കുന്ന  മറ്റു ചിലത് ……
പിന്നെ നഷ്ടത്തിന്റെ കയ്പ്പോ നേട്ടത്തിന്റെ മധുരമോ  വേര്‍തിരിച്ചു രുചിക്കാന്‍ പറ്റാത്ത മറ്റു ചില ഓര്‍മ്മകള്‍ ……
അല്ലെങ്കിലും ഒന്ന്‍ ഓര്‍ത്ത്‌ നോക്കുക …നേട്ടങ്ങളറിയാതെ, നഷ്ടങ്ങളുടെ  കണക്കു പറഞ്ഞു നെഞ്ചത്തടിച്ച് കരയുന്ന നമുക്ക്  എങ്ങനെയാണ് നഷ്ടങ്ങളെയും നേട്ടങ്ങളെയും വേര്‍തിരിക്കാനാവുക? 
പിന്നെ …..പിന്നെ …. മറന്നു കളഞ്ഞ ഓര്‍മ്മകള്‍ …..
ഈ വഴികള്‍ എനിക്ക് തന്ന ഓര്‍മകളെ വേര്‍ത്തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെടും.….പക്ഷെ ഓര്മ വച്ച നാള്‍ മുതല്‍  ഈ വഴികള്‍ എനിക്ക് പരിചിതമാണ്....

ഞാന്‍ ഓര്ക്കുന്നുണ്ട് ...ഈ വഴിയിലെവിടെയോ ഒരു ചെമ്പകമരം ഉണ്ടായിരുന്നു..ചിലപ്പോഴൊക്കെ മുഴുവന്‍  ഇലകളെയും പൊഴിച്ച് സ്വര്ണ നിറം കലര്ന്ന പൂക്കളെയും ചൂടി, ഇത്തിരി പൊങ്ങച്ചതോടെ നില്ക്കുന്ന ഒരു ചെമ്പകമരം...പൊഴിഞ്ഞു വീണ ഇലകളിന്മേല്‍  അവസാനത്തെ മഴത്തുള്ളിയും വീണു ചിതറുന്നത് വരെ ആ മഴ എന്നോടൊപ്പം ഉണ്ടായിരുന്നു...മേഘങ്ങളെ തള്ളിമാറ്റി വെയില്‍ എത്തുന്നതോടെ ആ മഴയെ അപ്പാടെ മറക്കും....

                                                                            * * * * *എനിക്ക് ഉറപ്പായും പറയാന്‍ കഴിയും നിങ്ങള്ക്കു്ണ്ടയിരുന്നപോലെ ഒരു ബാല്യകാലം എനിക്ക് ഉണ്ടായിരുന്നില്ല എന്ന്...മുറ്റത്ത്‌ ചിതറി തെറിച്ചു വീഴുന്ന മഞ്ചാടിക്കുരുകള്‍ ഞാനും പെറുക്കിയെടുത്തിട്ടുണ്ട് , ആദ്യത്തെ മഴയില്‍ തന്നെ വയലില്‍ വെള്ളം കേറുമ്പോ തോര്ത്തു മുണ്ടിന്റെ അറ്റം പിടിച്ചു കൂട്ടുകാരോടൊപ്പം ഞാനും കണ്ണികളെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.....എന്റെ മേശപ്പുറത്തെ കുപ്പിയിലും മീന്‍ കുഞ്ഞുങ്ങള്‍ വളര്ന്നു തവളകളായി മാറിയിട്ടുണ്ട്....പക്ഷെ എന്തു തന്നെ ആയാലും ഞാനും ഉറപ്പിച്ചു പറയും , നിങ്ങളെ പോലെ ഒരു ബാല്യമായിരുന്നില്ല എന്റെ എന്ന് ....നിങ്ങള്‍ അറിഞ്ഞതൊക്കെ ഒരുപക്ഷെ ഞാനും അറിഞ്ഞിട്ടുണ്ടാകാം... പിന്നെ ഞാന്‍ നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണോ? അത് ഇത്ര മാത്രമാണ്, ഞാന്‍ അറിഞ്ഞത്, അതിന്റെറ ഒരു ശതമാനം തീവ്രതയോടെ പോലും നിങ്ങള്‍ അറിഞ്ഞിട്ടില്ല എന്നത് മാത്രം....


                                                                              * * * * *

പ്രിയപ്പെട്ടവളെ......
                           നിനക്ക്‌  സമാധാനിക്കാം ശ്വാസകോശത്തെ കുത്തിക്കീറി ആത്മാവിനെ പുറത്തെടുക്കുമ്പോഴുള്ള  വേദന നീയും അറിഞ്ഞിട്ടില്ലേ ? അപ്പോള്‍ എന്നെയും നന്നായി മനസ്സിലാക്കാം.... ഞാനും നിന്നെ പോലെ ഒരു പിടി വേദനകള്‍ മാത്രമാണ്....

                                                                   ----വൈശാഖ് ----

Tuesday, 28 August 2012

സൗഹൃദം

സുഹൃത്തേ…..
ഒരുമിച്ച്‌ നടക്കുമ്പോള്‍
നീയൊരിക്കലും
എന്‍റെ കണ്ണുകളിലേക്ക്‌
തുറിച്ച്‌ നോക്കരുത്‌.
നാളെ, ഇരുട്ടിന്‍റെ മറവില്‍
ഏതോ ലോഹമൂര്‍ച്ച
നിന്‍റെ നാഭിയെ
വെട്ടിപ്പൊളിക്കുമ്പോള്‍
ഈ കണ്ണുകള്‍ നിന്നെ വേദനിപ്പിച്ചേക്കാം .
`നീയെന്നോടിത്‌ ചെയ്‌തല്ലോ`.
എന്നു മാത്രം നീ പറയരുത്‌
അത്‌ മാത്രം ഞാന്‍ സഹിക്കില്ല.
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
മറക്കില്ലേ നീ വേഗത്തിലെല്ലാം?
ഒരു പിടച്ചിലില്‍ തീരില്ലേ എല്ലാം?
കൂട്ടിരിക്കാം ഞാന്‍,
നിന്‍റെ പ്രാണനെ മഞ്ഞു പുതയും വരെ…
വെറുക്കരുത്‌ സുഹൃത്തേ,
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
എല്ലാം പാര്‍ട്ടിയുടെ തീരുമാനം മാത്രം.
----ദീപ----


Monday, 18 June 2012

മരണത്തോട്‌.......

ഒരു കുഞ്ഞുവാവ

അമ്മയുടെ കണ്ണുകളില്‍ തൊടും പോലെ,

നീയെന്നെ തൊടണം...

എങ്കിലേ എനിക്ക് നിന്നെ

അത്രയും സ്നേഹത്തോടെ

വാരിപ്പുണരാനാവൂ......----ദീപ----

രണ്ടുണ്ട് കാര്യം

അണ്ണാക്കില്‍ അള്ളിപ്പിടിച്ച 
പാല്‍പ്പൊടി
അടര്ത്തിയെടുക്കുമ്പോള്‍
നാവിന്  രണ്ടുണ്ട് കാര്യം
അണ്ണാക്കിന്റെ മുന്നില്‍ ആളാവം...
ഒപ്പം പാല്‍പ്പൊടി ആവോളം
രുചിക്കയുമാവാം....


----ദീപ----

മൂന്ന് വ്യാഖ്യാനങ്ങള്‍

കാര്‍
നാല് ചക്രങ്ങളും
അമ്മയുടെ പൊങ്ങച്ചവും
അച്ഛന്റെ വേവലാതിയും
അവയൊക്കെ മറച്ചുപിടിക്കാന്‍ 
എ സി യുടെ തണുപ്പും ചേര്‍ന്ന 
യാത്രാനുഭവം. ഭയം 

പ്രീയപ്പെട്ട പൂച്ചയുടെ 
തള്ളിവരുന്ന
നഖങ്ങളോടുകൂടിയ  
രോമക്കാല്‍.


പുഴ 
 
 പലതവണ 
തിരികെ ഒഴുകണമെന്ന്‍  
ആശിച്ചിട്ടും 
ഒരേ പാതയില്‍ മാത്രം 
മടുപ്പോടെ നീങ്ങുന്നവള്‍.
----ദീപ----

Friday, 15 June 2012

ആഴ്ച്ച്ചാനുഭവം

തിങ്കള്‍ 
എട്ടാം  ക്ലാസ്സുവരെ  തിങ്കള്‍  ഒരു മോശം ദിവസമായിരുന്നു.
രണ്ട്‌  ദിവസത്തെ അവധിക്ക് ശേഷം വീണ്ടും മടുപ്പിക്കുന്ന ക്ലാസുകള്‍... 
പക്ഷെ, പിന്നീടങ്ങോട്ട്  അതൊരു നല്ല ദിവസമാവുകയായിരുന്നു.
രണ്ടു ദിവസം അവളെ കാണാത്തതിന്റെ വിഷമം തിങ്കളാഴ്ച  അപ്പാടെ മാറിക്കിട്ടും....
ചൊവ്വ
 ഏതോ ഒരു ചൊവ്വാഴ്ച്ച തന്നെയാണെന്ന് തോന്നുന്നു,
 രാവിലെ  തന്നെ അവള്‍ ഓടിവന്ന്‍  എന്നോട് ചോദിച്ചു,
"എടാ, നിനക്ക് ചൊവ്വ ദോഷമുണ്ടോ? എന്റെ ജാതകം എഴുതിച്ചു.
എനിക്ക് ചോവ്വദോഷമുള്ള ആളെ മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളുവത്രെ ..."
ഒരു തമാശയോടെ ഞാന്‍ പറഞ്ഞു...
 " എനിക്ക് ആഴ്ചയില്‍ എല്ലാ ദിവസവും ദോഷം തന്നെയാ... നീ പേടിക്കേണ്ട ."ബുധന്‍
ബുധനാഴ്ചയും വ്യാഴാഴ്ച്ചയും ഉച്ചയ്ക്ക്‌ ശേഷം
തുടര്‍ച്ചയായി രണ്ട്  പീരീഡ്‌ മലയാളമാണ് .
A ക്ലാസ്സിനേയും B ക്ലാസ്സിനേയും ഒരുമിച്ചിരുത്തി,
ടീച്ചര്‍  ക്ലാസ്സ്‌ എടുക്കുമ്പോള്‍  ആ രണ്ട്  മണിക്കൂറുകള്‍
അലിഞ്ഞില്ലാതാവുന്നത് അവളുടെ  കണ്മഷി പടര്‍ന്ന കണ്ണുകളിലായിരുന്നു. 
(അന്നൊക്കെ ഒരുപാട് പ്രാര്ത്ഥിച്ചിട്ടുണ്ട്, 
ബുദ്ധനില്‍ നിന്ന് വ്യാഴത്തിലേക്കുള്ള ദൂരവും തിരിച്ച്  അവിടെ നിന്ന്‍  ബുധനിലെക്കുള്ള ദൂരവും ഒരുപോലെയായിരുന്നെങ്കിലെന്ന്‍ .) വ്യാഴം
സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ 
വ്യാഴത്തെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ ടീച്ചറോട്  ചോദിച്ചു, 
വ്യാഴാഴ്ച്ച മാത്രമാണോ, മാനത്ത് വ്യാഴത്തെ കാണാനാവുന്നതെന്ന് ... 
ക്ലാസ്സിലെ മുപ്പത്തിയാറ്  കുട്ടികളോടൊപ്പം
 അവളും അന്ന്  എന്നെ കളിയാക്കിച്ചിരിച്ചു .
വെള്ളി
വെള്ളിയാഴ്ച വൈകിട്ട്  ക്ലാസ്സു വിട്ടു പോകുമ്പോള്‍ 
എനിക്കും അവള്‍ക്കുമിടയില്‍ ഒരു വല്ലാത്ത നിശബ്ദതയാണ്..... 
ഗേറ്റ് കടക്കും വരെ രണ്ടു പേരും  മിക്കവാറും ഒന്നും സംസാരിക്കാറില്ല.
ഒടുവില്‍ ആ നിശബ്ദത ഭേദിച്ച് ഞാന്‍ ചോദിക്കും,
"തിങ്കളാഴ്ച  നേരത്തെ വരുമോ?"ശനി
പണ്ടൊക്കെ  രണ്ടാം ശനിയാഴ്ച്ച്ചയാവാന്‍ കാത്തിരിക്കുമായിരുന്നു, 
കൈയ്യില്‍ മിട്ടയിപ്പൊതിയുമായി വരുന്ന അച്ഛനെ കാണാന്‍.
 പിന്നീടാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്...
 അവളെയൊന്നു  ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടുപേരുടെ കണ്ണുവെട്ടിക്കണം...
ഞായര്‍
ഒരു ഞായരാഴ്ച്ച്ചയായിരുന്നു അവളുടെ കല്യാണം.
ആരവങ്ങള്‍ക്കിടയില്‍ ഇടയ്ക്ക് അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് കല്യാണ പ്രായം "പതിനെട്ട് " ആക്കിയവരെ
പഴിപറഞ്ഞ്  ആ ഞായറാ ഴ്ച്ച്ചയോടെ 
ദിവസങ്ങളെ  വേര്‍തിരിച്ച് കാണുന്നത് ഞാന്‍ അവസാനിപ്പിച്ചു.
                                                                   ----വൈശാഖ് ----

Monday, 7 May 2012

മഴ

രണ്ടാം ക്ലാസ്സിലെ മിനി ടീച്ചര്‍
കൊട്ടിന്  നാലെണ്ണം
കൊടുത്തതില്‍ പിന്നെ
മഴയിന്നേ  വരെ
കരച്ചില്‍ നിര്‍ത്തിയിട്ടില്ല.

കരഞ്ഞു കരഞ്ഞ് ഏങ്ങലടിക്കുന്നതും
ഉള്ളിലെ ദേഷ്യം
തീയായി  മിന്നുന്നതും
പിന്നെ ഓര്‍ത്തോര്‍ത്ത് കരയുന്നതും
സ്വപ്നത്തില്‍,
മിനി ടീച്ചറുടെ കറുത്ത കണ്ണടയും
നീട്ടിപ്പിടിച്ച ചൂരലും
മഴയെ നോക്കി
കൊഞ്ഞനം കുത്തുമ്പോഴത്രേ....
 ----ദീപ----

Monday, 2 April 2012

അപായം

അകലെ ഒരു കുന്ന്,
കാറ്റ് പറഞ്ഞ കഥകളില്‍ 
സ്വയം മറന്ന്‍
ദൂരെയുടെ ആകാശചിത്രങ്ങള്‍ക്ക് 
കടും പച്ചയുടെ താളമേകി ഒരമ്മ. 

അന്ന്‍,
കാറ്റ് പറഞ്ഞ കഥകള്‍ക്കെല്ലാം 
ജീവിതത്തിന്റെ മാനമായിരുന്നു.
അണപൊട്ടിയൊഴുകുന്ന
കുന്നിന്റെ ദുഃഖങ്ങള്‍ക്ക് മീതെ 
ഓളങ്ങള്‍ വിടര്‍ത്തി, 
ആശ്വാസത്തിന്റെ ആലിംഗനം. 

ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ 
കാമാവെറിയില്‍ കറുത്തു പോകുമ്പോള്‍   
കരുതലിന്റെ കരങ്ങളാല്‍ 
കാറ്റിന്റെ താരാട്ട് പാട്ട്.

ഏകാന്തതയുടെ നേരിയ ചൂടില്‍ 
മഴയെ കൂട്ടുപിടിച്ചു പറഞ്ഞത് 
വേനലിന്റെ ദൈന്യതയില്‍ 
ഓര്‍ത്ത്‌ കരയാന്‍, ചില 
സുഖമുള്ള നോവുകള്‍.
പിന്നെയും ഒരുപാട് കഥകള്‍...

ഇന്ന്‍,
കാറ്റ്  കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. 
അത് കേള്‍ക്കാന്‍,
 കുന്നുകള്‍  മണ്ണിനടിയില്‍നിന്ന്‍
പതുക്കെ തലപൊക്കി നോക്കുന്നു.

ഇന്നിന്റെ കഥകളില്‍ 
സ്നേഹമില്ല,
കാമ്പും കാതലുമില്ല.
എന്‍ഡോസള്‍ഫാന്‍ 
വിഷബാധയേറ്റ കുഞ്ഞിനെ പോലെ 
അന്ത്യശ്വാസം  വലിക്കുന്ന കുന്ന് .
അങ്ങോട്ട്‌  സഹതാപത്തിന്റെ 
ഒരു നോട്ടം മാത്രം.

ഇനി കഥകളില്ല.
ഇടറി വീഴുന്ന നോട്ടങ്ങളില്‍
ദൂരെ മഞ്ഞക്കുപ്പായമിട്ട യന്ത്ര വാഹനം.
ഇനി ഒരപായ സൂചന മാത്രം.
"ദൂരെ നിന്ന്‍
 ഒരു ജെ. സി. ബി. ഇരമ്പി വരുന്നു!"   


----ദീപ----

Wednesday, 14 March 2012

ഒരു ഫെയിസ്ബുക്ക് കഥഎതിര്‍  ദിശയില്‍  പാഞ്ഞുപോകുന്ന  വാഹനങ്ങളുടെ  ഹോണ്‍  മുഴക്കങ്ങളോ  സൂര്യന്റെ  കത്തുന്ന  ചൂടോ  അയാളെ  അസ്വ്യസ്തനാക്കിയില്ല .കാറിനകത്തെ കുളിര്‍മയിലിരുന്നു  ഹെഡ്സെറ്റില്‍  നിന്നും  ഒഴുകിവരുന്ന  സംഗീതത്തിനു  സ്ടിയറിങ്ങില്‍  താളം  പിടിച്ച്,  ഗ്രീന്‍  സിഗ്നലിനായി  കാത്തിരിക്കുന്നതിനിടയിലാണ്  വിന്‍ഡോ  ഗ്ലാസില്‍  തട്ടി  കൈനീടിയ  പച്ചപ്പാവടക്കാരി  അയാളുടെ  ശ്രദ്ധയില്‍  പെട്ടത് …


“ഇവറ്റകളെക്കൊണ്ട്  ഇതു  വല്ലാത്ത  ശല്ല്യം  തന്നെ   , ഒന്നിനെയും  വിശ്വസിക്കാനും  കൊള്ളില്ല ”
ഹെഡ്സെറ്റിലെ   സംഗീതത്തിലേക്ക്  മനസിനെ  തിരിച്ചു  കൊണ്ടുവരുന്നതിനിടയില്‍  ആരോടെന്നില്ലാതെ  അയാള്‍  പിറുപിറുത്തു ….
പെട്ടന്ന്   ബാഗിലേക്ക്  കൈ  നീട്ടിയ  അയാളെ  ഒരു  പ്രതീക്ഷയോടെ   അവള്‍ നോക്കി … നിഷ്കളങ്കത സ്പുരിക്കുന്ന കണ്ണുകള്‍.....
സിഗ്നല്‍  ചുവപ്പില്‍  നിന്നും  പച്ചയാകുന്നതിനിടയില്‍  ബാഗില്‍  നിന്നും  തന്റെ  ക്യാമറ  എടുത്ത്  ഒരു  ക്ലിക്ക്…
പച്ചപ്പവാടക്കാരിയുടെ  കണ്ണുകളില്‍  അപ്പോഴും  പ്രതീക്ഷയുടെ  നിസ്സഹായമായ ഭാവം....


 പിസ്സ  കോര്‍ണറില്‍ എത്തി  ഓര്‍ഡര്‍  കൊടുത്ത്  കാത്തിരിക്കുന്നതിടയില്‍  ആ  ചിത്രം  തന്റെ  ലാപ്‌ടോപ്പിലേക്ക്  പകര്‍ത്തി  .. ..
പിന്നെ  അതൊന്നു  ഫേസ് ബുക്കില്‍  അപ്പ്‌ ഡേറ്റ്  ചെയ്യും  വരെ  വല്ലാത്തൊരു  തിരക്കായിരുന്നു  …
“വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ - my  new click”


  തകര്‍പ്പനൊരു  അടിക്കുറുപ്പും  കൊടുത്തു ..
സ്ഥിരമായി  കമന്റ്‌  ചെയ്യാറുള്ള  32 പേരെ  ടാഗ് ചെയ്യുന്നതിനിടയില്‍  തന്നെ ആദ്യത്തെ  ലൈക്‌  വന്നു  തൊട്ടു  പിന്നാലെ  ആദ്യ  കമന്റും ,
“താങ്കളെപ്പോലുള്ളവര്‍  ഇത്തരം  കാര്യങ്ങളില്‍  കാണിക്കുന്ന  താല്പര്യം  തികച്ചും  അഭിനന്ദനം  അര്‍ഹിക്കുന്നത്  തന്നെയാണ് …ഭാവുകങ്ങള്‍ ”
ഉള്ളാലെ  ഒന്ന്  ചിരിച്ച് ആ  കമന്റിനു  ഒരു  ലൈക്‌  കൊടുത്തു …


തൊട്ടുപിന്നാലെ  അടുത്ത  കമന്റ്‌ ,
nic clik yar, bt I thnk I little prob n focsn, anywy nt bad”
“thx dr, I wl mak it bttr nxt tym”
പതിവുപോലെ  മറുപടിയും  കൊടുത്തു  ഹോം  പേജ്  ലോഡ്  ചെയ്യുമ്പോഴേക്കും  മേശപ്പുറത്തു  പിസ്സ  റെഡി ..
കഴിച്ചുതീരുന്നതിനിടയില്‍ ആകെ  21 likes , 17 coments..! എല്ല്ലാവരും   ചിത്രത്തിന്റെ  ഭംഗിയെപ്പറ്റി മാത്രം  പറഞ്ഞിരിക്കുന്നു ….
ബില്‍  പേ  ചെയ്തു  കാറിനരികിലേക്ക്  നടക്കുന്നതിനിടയില്‍  ആരോടെന്നില്ലാതെ  അയാള്‍  പിറുപിറുത്തു ,
“ആ  ജന്തു  അനങ്ങാതെ  നിന്നിരുന്നെങ്കില്‍  ഫ്രെയിം  കുറച്ചൂടെ  നന്നായേനെ ”
പക്ഷെ , അപ്പോഴും  റെഡ്  സിഗ്നലിനു  മുന്നില്‍  നിര്‍ത്തിയിട്ട  വാഹനങ്ങളില്‍  ഓരോന്നിലും  മാറിമാറി  തട്ടി  കൈ  നീട്ടുകയായിരുന്നു  അവള്‍ , ഇപ്പോഴൊന്നും  പച്ച  പ്രകാശം  തെളിയരുതേ എന്നാ  പ്രാര്‍ഥനയോടെ …….

എന്റെ  പ്രിയ  വായനക്കാരാ നിങ്ങളില്‍  നിന്നും  ഞാന്‍  ഇത്ര മാത്രം  പ്രതീക്ഷിക്കുന്നു .
“നന്ദി , ഹൃദയത്തില്‍  സൂക്ഷിക്കാന്‍  ഒരു  കനല്‍  ബാക്കി  വച്ചതിന്….."
                                                                        ----വൈശാഖ്----

Monday, 27 February 2012

ഒറ്റച്ചോദ്യംപച്ച ഞരമ്പുകളെയോര്‍ത്ത് കരയാറുള്ള ഒരു കുന്ന്
യന്ത്രക്കൈകള്‍ ഗര്‍ഭാശയ ഭിത്തിയില്‍ 
നഖം  പൂഴ്ത്തുമ്പോള്‍ ഇപ്പോഴൊന്ന്‍ കണ്ണ് നനയാറുപോലുമില്ല .
ഉള്ളിലുറഞ്ഞു കൂടിയ ജീവനെ 
അതേന്നെ പിഴുതു  കളഞ്ഞിരിക്കുന്നു.....!!!

എത്രമേല്‍ മാന്തിക്കീറിയിട്ടും മതിവരാത്ത
മതിവരാത്ത ആസക്തി തീര്‍ക്കുവാന്‍
അതിപ്പോഴും കുന്നിന്റെ സഹോദരികളെ തിരഞ്ഞു നടക്കുന്നു.....

ചട്ടുകാലനായും കണ്ണുപൊട്ടനായും 
സഹതാപത്തിന്റെ ഒട്ടകപ്പരിവേഷം 
കുന്നിന്റെ ഇടങ്ങള്‍ കടിച്ചുതുപ്പുമ്പോള്‍ 
കാറ്റും മഴയും വെയിലുമെല്ലാം
നിസ്സഹായതയുടെ അപായച്ചങ്ങലയില്‍ ഏതോ
സിഗ്നല്‍ കാത്തുകിടക്കുന്നു.....

കുന്നിന്റെ  അവസാന നിമിഷങ്ങളെ   
ക്യാമറയും മൈക്കും മത്സരിച്ചാഘോഷിക്കുമ്പോഴും
അരികുകളില്‍ ബാക്കിയാവുന്നത്
നെഞ്ചകം പിഞ്ഞിയ ഒരായിരം അമ്മമാരുടെ ഒറ്റച്ചോദ്യം
"മോളെ! നിനക്കൊന്നുറക്കെ കരയാമായിരുന്നില്ലേ....?"  ----ദീപ----

Wednesday, 15 February 2012

ആല്‍ഫ്രഡ്‌ അദ്ധ്യായങ്ങളിലൂടെ.....


1.                                                                    
                                                      
                                                      
       നേര്‍ത്ത  ഇരമ്പലോടെ  തന്റെ  അരികില്‍  വരെ  എത്തുകയും  ദേഹത്ത്   തൊടാതെ  അകന്നു  പോകുകയും  ചെയ്യുന്ന  തിരമാലകളെ   നോക്കി  ആല്‍ഫ്രഡ്‌  നിശബ്ദനായിരുന്നു. എത്രയോ  സായാഹ്നങ്ങളില്‍  ഈ  തിരമാലകള്‍  തന്നെ  കെട്ടിപ്പുണര്ന്നിട്ടുണ്ടെന്ന്   അയാളോര്‍ത്തു … പക്ഷെ  ഇന്ന്‍ അതിന്റെ   സൗന്ദര്യം  തന്നെ  അലിയിപ്പിക്കുന്നില്ല …അതിന്റെ   ഉപ്പുകണക്കെ  എന്തോ  ഒന്ന്  ആത്മവിലെവിടെയോ  കട്ടപിടിച്ച്   കിടക്കുന്നു … അതോ  തന്റെ  മനസ്സിലോ?
ആര്‍ക്കാണ്  ഉത്തരം  നല്‍കാനാവുക? 
ആത്മാവ്  ശ്വാസകോശത്തിലും  മനസ്  വാരിയെല്ലുകള്‍ക്കിടയിലും ആണെന്ന്‍  ഒരിക്കല്‍  ക്രിസ്ടി പറഞ്ഞത്   അയാളോര്‍ത്തു … ഒരുപക്ഷെ  അവള്‍  അത്  കണ്ടെത്തിയിട്ടുണ്ടാകാം . .  . പക്ഷെ  എനിക്ക്  ഇനിയും  ഉത്തരങ്ങള്‍  വേണം. 
ഈ  ഒരു  ചോദ്യത്തിന്  മാത്രമല്ല , കടലിലേക്ക്  മറയുന്ന  സൂര്യന്‍ , താന്‍  പണ്ട്  ഒരശ്ചര്യത്തോടെ, അല്ലെങ്കില്‍  അതിന്റെ  മുഴുവന്‍  സൗന്ദര്യവും  ആവാഹിച്ച്  നോക്കിനില്‍ക്കാറുള്ള  സൂര്യാസ്തമയം....  മനസിനെ  മടുപ്പിക്കുന്ന  ഈ  അവസ്ഥയില്‍  തന്നെ  കൊണ്ടെത്തിച്ച  ചോദ്യങ്ങക്കുള്ള  ഉത്തരം …
“നിനക്ക്  എന്റെ  പഴയ  ആല്‍ഫ്രഡ്‌  ആക്കാന്‍  കഴിയുമോ ?” ഒരിക്കല്‍  അവളും  ചോദിച്ചു ….ഏതു സ്വപ്നത്തില്‍  നിന്നാണ്  അയാള്‍ക്ക്   സ്വയം  നഷ്ടമായത് …?
ഏതോ  ഒരു  ഇരുട്ടില്‍ ,കൊടും  നിശബ്ദതയില്‍  സ്വന്തമെന്നു  കരുതിയ  പലതും  നഷ്ടമായത്  എപ്പോഴാണ്.....?
ഒടുവില്‍  അവളും …….?2.                                             

                                                          മഞ്ഞില്‍  ആഴ്ന്നിറങ്ങിയ  കാല്‍  വലിച്ചൂരിയെടുത്ത്  ആല്‍ഫ്രഡ്‌   വീണ്ടും  നടത്തമാരംഭിച്ചു….  ഇന്നലെ  താന്‍ ഇവിടെയെത്തുമ്പോള്‍  എത്രയും  മഞ്ഞ്  ഉണ്ടായിരുന്നില്ലെന്ന്‍  അയാളോര്‍ത്തു . . . ഒലിവു  മരങ്ങള്‍ക്കിടയിലെ  ഇടിഞ്ഞു  വീഴാറായ  പള്ളിക്ക്  മുകളില്‍  ചാരനിറത്തിലുള്ള  കുരിശു  വിറക്കുന്നതു പോലെ  തോന്നി  അയാള്‍ക്ക് ....
പക്ഷെ  അപ്പോഴും  ആ  ശരീരം  ചുട്ടു  പൊള്ളുകയായിരുന്നു…..
ഞരവുകളിലൂടെ   ചുടുചോര   ഒഴുകുന്നു ..പ്രതികാരത്തിന്റെ  ചൂട് ….
”ആല്‍ഫ്രഡ്‌  നിനക്ക്  ആരെയാണ്  കൊല്ലേണ്ടത് ?   ആല്‍ഫ്രഡ്‌  നിനക്ക്  കൊല്ലേണ്ടത്  നിന്നെ  തന്നെയാണോ ?   ആത്മഹത്യ  ചെയ്യാന്‍  മാത്രം  ഭീരുവാണോ  നീ ?”


3.                              

                             
                                                             
 കല്ലറയില്‍  ചുവന്ന  റോസാപ്പുക്കള്‍ അര്‍പ്പിക്കുമ്പോള്‍  ആല്‍ഫ്രഡ്‌  നിശബ്ദനായിരുന്നു ….മനസ്സ്    നീറുന്നുണ്ടായിരുന്നു…അയാളുടെ  കണ്ണുകള്‍ക്ക്  അധികനേരം  പിടിച്ചു  നില്‍ക്കാനാവാതെ  ഒരു  തുള്ളിക്കണ്ണീര്‍  അയാളില്‍  നിന്നും  ഇറ്റു വീണു ....
വളരെ  പെട്ടെന്നായിരുന്നു   പ്രകൃതി  നിറം  മാറിയത് ..ഒരു  ചാറ്റല്‍  മഴ .....
കണ്ണുനീര്‍  ആ  മഴയിലലിഞ്ഞു …അയാള്‍  കരയുന്നത്, ആ  കണ്ണ്  നിറയുന്നത്...  .അത്  അവള്‍ക്കു  സഹിക്കാനാവില്ലായിരുന്നു…..

----വൈശാഖ്----

Saturday, 28 January 2012

വീണ്ടും ഒന്ന് മുതല്‍


ഇവിടെ
കടലെടുത്ത് ചോര  വാര്‍ന്നു  തുടങ്ങിയ  ഒരു  തീരം .....
മായ്ക്കാന്‍  എഴുത്തുകളില്ലാത്ത  വിധിയെ  പഴി  പറഞ്ഞ്
വീണ്ടും  വീണ്ടും  ശക്തികൂട്ടുന്ന  തിരമാലകള്‍ .....
മരവിച്ച  ഉപ്പുകട്ടയില്‍  മുഖം  പൂഴ്ത്തി 
കണ്ണീരിന്റെ  കയ്പ്പ്   മാറ്റുന്ന  ഒരു  മനുഷ്യന്‍ ....നഷ്ടങ്ങള്‍  പേറി
മുതുകൊടിഞ്ഞവന്റെമേല്‍  വീണ്ടും  ആഗോള  താപനത്തിന്റെ 
     ശിക്ഷാമുറകള്‍ ……
ലക്ഷ്യസ്ഥാനത്തിനു  മുന്നില്‍  തളര്‍ന്നു  വീണവന്റെ  നിസ്സഹായത ….
പിന്നെ …….,
പശ്ചാത്താപത്തിന്റെ  ,ഉപ്പു ചേര്‍ത്ത  കണ്ണീര്‍  വീണ  മണ്ണില്‍ 
തളര്‍ന്നു  നിന്ന്  ,എണ്ണിപ്പഠിച്ച അക്കങ്ങള്‍  മറന്ന്‍
വീണ്ടും  ഒന്ന്  മുതല്‍ …..
----വൈശാഖ്----


ഒരു  പള്ളിക്കവാടം
 നീണ്ട ഇടനാഴിക്കപ്പുറം 
രക്തത്തില്‍ കുളിച്ച് 
ക്രൂശിത രൂപം.
തൊട്ടടുത് 
രോഗശാന്തിക്കായ്‌ 
മുട്ടിപ്പായ് പ്രാര്‍ഥിക്കുന്ന 
ഒരു വൃദ്ധന്‍ 
അയാളുടെ 
കണ്ണീരിന്റെ ഉപ്പ്
മുറിവുകളില്‍ കൊടിയ വേദന 
നിറയ്ക്കുമ്പോള്‍ 
ഒന്നു പിടയാന്‍ പോലുമാവാതെ
കുരിശില്‍ നിസ്സഹായനായ് 
യേശു ദേവന്‍ 
----ദീപ----

ഒരുവന്റെ കഥ.....

ടിക്കറ്റില്ലാത്ത  യാത്രക്കാരനെ പോലെ 
കനത്ത നെഞ്ചിടിപ്പുമായ് 
ജനനത്തിനും മരണത്തിനുമിടയില്‍ 
ഒരു കണ്ണു  പൊത്തിക്കളി.

മുനയൊടിഞ്ഞ  പെന്‍സിലിന്റെ അറ്റം
പല്ലുകൊണ്ട് കടിച്ചു കീറി 
ഗള്‍ഫ്‌  'കട്ടറു'മായിരിക്കുന്നവനോട്
അസൂയയുടെ രണ്ടര സെന്റിമീറ്റര്‍ 
പെന്‍സിലും പിടിച്ച് 
ഉള്ളിലെ നാണക്കേട്‌ മാറ്റുവാന്‍ 
ഒരു പരിഹാസ്യ ഭാവം...

പ്രണയിനിക്ക്  പകുത്തു നല്‍കാന്‍ 
ഒരുക്കി വച്ച ഹൃദയത്തില്‍ 
കാശുള്ളവന്റെ ബൈക്കിന്റെ 
പുറകിലിരുന്നു അവള്‍ 
വെളുത്ത പല്ല് കൊണ്ട്  കോറിയപ്പോള്‍
വായിച്ചു മടുത്ത പുസ്തകങ്ങളില്‍ 
കലങ്ങിയ കണ്ണും നട്ട് മുളപ്പിച്ചെടുത്ത 
'ബുജി' എന്നാ വിളിപ്പേര്....


എന്നിട്ടും തീരാ നൊമ്പരങ്ങളുടെ 
മൂളലിനിടയില്‍  
മൂട്ട വിളക്കിന്റെ പുകച്ചൂടില്‍ 
ചിറകു കരിഞ്ഞൊരു വീഴ്ച്ച....

അപ്പോഴും ടിക്കറ്റ് എക്സാമിനറുടെ മുഖത്ത്
ഇല്ലാത്ത ടിക്കറ്റ്  തപ്പാന്‍
കീശയിലിടാന്‍ 
കൈയില്ലാത്തവനോടുള്ള  
ദയനീയ ഭാവം....

......വൈശാഖ്‌....-Thursday, 26 January 2012

ഇത് ?


എന്റെ വേദനകളെയൊന്നും തന്നെ
ഞാനിന്നേവരെ
പേരിട്ടു വിളിച്ചിട്ടില്ല.....
തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
  വികാരങ്ങളെ വേര്‍തിരിക്കാന്‍
വിഷമമായിരിക്കും.....
വേദനയും അനുഭൂതിയും
തമ്മിലുള്ള
അന്തരം പോലും മറന്നിരിക്കുന്നു....
ഇത്
തോല്‍വിയുടെ മനശാസ്ത്രമാവം,
അല്ലെങ്കില്‍,
                     ഒരു പരാജിതയുടെ വിലാപങ്ങളും.....              
----ദീപ----  

Tuesday, 24 January 2012

ഭ്രാന്തന്‍

അയാള്‍ ഒരു ഭ്രാന്തനാണ്.....
എങ്കിലും,
ഇരുള്‍ തിങ്ങിനിറഞ്ഞ
ഇടവഴിയില്‍ ഇപ്പോഴും  
കാത്തു നില്‍ക്കാറുണ്ട്....

കനലൂതിച്ചുവപ്പിച്ച 
ചോരക്കണ്ണുകള്‍
ഉറക്കത്തിലെന്നെ 
ഞെട്ടി ഉണര്‍ത്താറുണ്ട്....

ചങ്ങലക്കണ്ണികള്‍ 
കാര്‍ന്നുതിന്ന
അയാളുടെ കാലിലെ 
മുറിവുകള്‍  ഓര്‍ക്കുമ്പോള്‍ 
അറിയാതെ തേങ്ങിപ്പോകും....

നിറഞ്ഞൊഴുകുന്ന 
കണ്ണീര്‍ മണികള്‍ 
ഒരു കുമ്പിളെത്തുംവരെ 
 സൂര്യന് മറഞ്ഞിരിക്കാം....


പകലിന്റെ  ദൈന്യതയില്‍ 
ചുരുട്ടിക്കൂട്ടിയ തേങ്ങലുകള്‍ 
കരിപിടിച്ച അടുക്കള ഭിത്തിയില്‍ 
മറു പാട്ട് പാടുമ്പോള്‍ 
അയാളുടെ ഓര്‍മ്മകളെന്നെ 
വാരിപ്പുണരാരുണ്ട് ....   
               
എങ്കിലും അവന്റെ 
കണ്ണുകളിലെ കെടാത്ത തീ 
എനിക്ക്  ഭയമാണ്....
----ദീപ----

Friday, 6 January 2012

രക്തസാക്ഷി

മുറിബീഡിയിലെ 
അവസാനത്തെ  പുകയും
വലിച്ചെടുത്ത്
ഇവിടെ ഒരുവന്‍ 
ആയിരങ്ങള്‍ക്ക്  മുന്നില്‍ 
മാറ്റത്തിന്റെ 
കൈകളുയര്‍ത്തി …….പ്രണയവും  വിപ്ലവവും 
സിരകളില്‍  നിറച്ച് 
അധികാരത്തിന്റെ  മടിത്തട്ടില്‍
കഠാര  കുത്തിയിറക്കി 
ചരിത്രത്തെ  കുത്തിക്കീറിയവന്‍….
ഒടുവില്‍,
മാറ്റത്തിന്റെ  അഗ്നിയില്‍  വെന്തുരുകി 
ശാസ്ത്രവും  പുരോഗതിയും  
വേഗം  കൂടിയപ്പോള്‍ 
പുറകേയോടി 
കാലുതളര്‍ന്ന്‍  വീണവന്‍ .…


കാലം  ഞരമ്പിലെ  ചുവപ്പിനെ
പുറത്തേക്കൊഴുക്കിയപ്പോള്‍,
അവിടെ  
ഒരു  രക്തസാക്ഷി  ജനിക്കുകയായി …..----വൈശാഖ്----