Saturday, 24 September 2011

തെരുവ്

കീറിത്തുടങ്ങിയ ചേലത്തുമ്പില്‍

പൊതിഞ്ഞു ഞാന്‍ കുഞ്ഞേ നിന്നെ

വീണ്ടും ഭീതിയോടെ ഇരുട്ടിന്റെ

കംബിളിക്കിടയില്‍ തിരുകിക്കിടത്തുന്നു....


പൊള്ളുന്ന പകലുകള്‍ക്ക്‌ മീതെ

മഴപെയ്യുമ്പോള്‍, കുഞ്ഞേ

നിനക്കായ്‌ തരാന്‍

ഈ കടം വാങ്ങിയ മുലപ്പാല്‍ മാത്രം....!!!


----ദീപ----

കവിത

ഞാന്‍ ഒരു കവിതയെ ഗര്‍ഭം ധരിച്ചിരിക്കുന്നു...
അനുഭവങ്ങളുടെ തിരിനാളങ്ങള്‍ എരിഞ്ഞമര്‍ന്നു
ചാരക്കൂനകളായ് മാറുമ്പോഴും,
നൊമ്പരങ്ങളുടെ അകം പറച്ചിലുകള്‍
അലമുറകളായ് ഉയരുമ്പോഴും,
ഞാന്‍ എന്റെ കവിതയെ ഉദരത്തില്‍ പേറുകയായാരുന്നു...

നീറുന്ന രാശിയിലും,
കയ്പ്പിന്റെ മടുപ്പിലും,
നിനക്കായ്‌ ഞാന്‍ ആ കവിതയെ കാത്തുവച്ചു.....
തുറന്നു പറച്ചിലുകളുടെ ആരംഭമില്ലാതെ,
ഓര്‍മ്മപ്പെടുത്തലുകളുടെ  ഭീകരതയില്‍ വിറയ്ക്കാതെ,
ഞാന്‍ ഒന്നിന് പുറകേ ഒന്നായി  അക്ഷരങ്ങള്‍ കോര്‍ത്തെടുത്തു...
തിരിച്ചറിവിന്റെ മാലപ്പടക്കങ്ങള്‍ക്ക് തീകൊളുത്തി
ശാന്തിയുടെ മഴയും പ്രതീക്ഷിച്ച്
കാപട്യത്തിന്റെ നദീതീരത്ത് ഞാനാ കവിതയെ പെറ്റു....

ആഞ്ഞു വീശിയ കാറ്റില്‍ വേര്‍പെട്ടുപോയ പൊക്കിള്‍ക്കൊടി നോക്കി
അക്ഷമയുടെ അന്ധകാരത്തില്‍ ഞാന്‍ അലഞ്ഞു....
വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു ദേഹം മണല്‍തരികള്‍ മൂടിയപ്പോള്‍,
കരയോട് കിടപിടിച്ച് നദിയും എന്റെ കുഞ്ഞിനെ മുക്കിക്കൊന്നു....
അവിടെ എന്റെ കവിത മരിക്കുകയായിരുന്നു!!!

----ദീപ----

തിരിച്ചറിവ്

കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ച തൂവെള്ള കടലാസ് അപ്പോഴും നഗ്നയായിരുന്നു.....
പേനയില്‍ നിന്നും ഇനിയും അക്ഷരങ്ങള്‍ പുറത്തുവന്നിട്ടില്ല.. 
താന്‍ ഒരെഴുതുകാരനാനെന്നു  പറയാന്‍ അയാള്‍ക്ക് 
ലജ്ജ തോന്നി. 

വീണ്ടും നിവര്‍ത്തിപ്പിടിച്ച കടലാസിലേക്ക്....

കറുത്ത നിറത്തില്‍ കടലാസിനു മുകളിലായി പ്രണയം അപ്പോഴും അയാളെ നോക്കുന്നുണ്ടായിരുന്നു. 
താനിതുവരെ  പ്രണയം അറിഞ്ഞിട്ടില്ല . 
പിന്നെങ്ങനെയാണ്....???
ഒരായിരം ചോദ്യങ്ങള്‍ അയാളുടെ മനസ്സിനെ കുത്തിനോവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രണയം ചുവപ്പാണെന്ന് ഒരിക്കല്‍ ആരോ അയാളോട് പറഞ്ഞു.
പക്ഷെ അയാള്‍ക്ക്റിയാവുന്ന  ചുവപ്പ്  കമ്മ്യുണിസത്തിന്റെതായിരുന്നു.
പിന്നീടെപ്പോഴോ വായിച്ച പുസ്തകങ്ങളിലൂടെ പ്രണയം നിര്‍വചിക്കപ്പെട്ടു.

പക്ഷെ അപ്പോഴും എഴുത്തുകാരന് അക്ഷരങ്ങളോടായിരുന്നു പ്രണയം...
ചിത്രകാരന് നിറങ്ങളോടായിരുന്നു പ്രണയം, 
പൂന്തോട്ടത്തിലെ  പൂക്കളോട്,
ചാറ്റല്‍ മഴയോട്,
എങ്കിലും തന്‍ തേടിയിരുന്ന പ്രണയം അതായിരുന്നില്ലെന്ന്‍ അയാള്‍ക്കറിയാമായിരുന്നു.
ആ തിരിച്ചറിവാണ് അയാളെ ഇന്ന്‍ ഇവിടെ എത്തിച്ചത്....
ഈ ഏകാന്തതയില്‍ തിങ്ങി നിറഞ്ഞ ശിഖരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞപ്രകാശത്തിനു കീഴെ മനസ്സ് അപ്പോഴും മൌനത്തിലായിരുന്നു
അയാള്‍ പതുക്കെ കണ്ണുകളടച്ചു....

മനസ്സ് പതിയെ മൌനം വെടിയുന്നതായി തോന്നി.
ആരുടെയോ പ്രേരണയാല്‍ കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ അവളുണ്ടായിരുന്നു.
ചാറ്റല്‍ മഴയില്‍ അവളുടെ ചുണ്ടില്‍ തങ്ങിനിന്ന മഴത്തുള്ളികള്‍ വീഴാന്‍ മടിക്കുകയാണെന്ന്‍ അയാള്‍ക്ക് തോന്നി. ആ ചുണ്ടിന് പ്രണയത്തിന്റെ ചുവപ്പുണ്ടായിരുന്നു.
അവള്‍ അയാളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.
എങ്കിലും താന്‍ തേടിയ പ്രണയം അരികിലെത്തിയത് പോലെ. ഒരു യന്ത്രം കണക്കെ അവളുടെ പുറകെ നടന്നു. എത്ര വേഗത്തില്‍ ന്നടന്നിട്ടും അവളുടെ അടുത്തെത്താനാവുന്നില്ല .
ചിലപ്പോള്‍ അവള്‍ മഴയില്‍ അലിയുന്നു. 
അല്ലെങ്കില്‍ ഒരു നേര്‍ത്ത ഹിമകണം പോല്‍ വിരിയുന്നു. അവള്‍ക്ക് പ്രണയത്തിന്റെ മണമുണ്ടായിരുന്നു. അയാള്‍ ഇതുവരെ അറിയാതിരുന്ന ഒരുതരം മണം.
ദൂരേക്കുനോക്കി അവള്‍ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നില്ല. .
പക്ഷെ അയാളുടെ കാഴ്ചയില്‍ അവള്‍ മാത്രമായിരുന്നു.

ആ കണ്ണുകളില്‍ വിടര്‍ന്നുനിന്ന പ്രണയം അയാളെ മത്തു  പിടിപ്പിക്കുന്നു.
അയാള്‍ അപ്പോഴും അവളുടെ തൊട്ടുപുറകിലായിരുന്നു.
എത്ര ശ്രമിച്ചിട്ടും ഒപ്പമെത്താനാവുന്നില്ല. ആ കാഴ്ചയില്‍ നിന്ന്‍ അവള്‍ മറഞ്ഞത് പെട്ടെന്നായിരുന്നു...      പ്രണയമറിയാനുള്ള തിടുക്കത്തില്‍ മുന്നില്‍ക്കണ്ട ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിച്ചെന്നു. മനസ്സ് പറയുന്നുണ്ടായിരുന്നു അവള്‍ ഇവിടുണ്ടെന്ന് . ചുവരുകളില്‍ വര്‍ണ്ണ ചിത്രങ്ങളുണ്ടായിരുന്നു... റോസാപ്പൂക്കള്‍, പാവക്കുട്ടികള്‍... അയാളുടെ പ്രണയം വളരുകയായിരുന്നു.
"അവയ്ക്ക് പ്രണയത്തിന്റെ ചുവപ്പാണ്..."
ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു.
പാതിചാരിയ മുറിയുടെ വാതില്‍ പതുക്കെ തുറന്നു....
തന്റെ പ്രണയം ഇവിടെയാണ്  മനസ്സ് വീണ്ടു പറയുന്നു.....
ചുവരുകളില്‍ വര്‍ണ്ണ ചിത്രങ്ങള്‍, റോസാപ്പൂക്കള്‍, പാവക്കുട്ടികള്‍... പക്ഷെ അവയുടെ ചുവപ്പ് മാറിയിരിക്കുന്നു.
അത് ചോരയുടെ ചുവപ്പാണെന്നയാള്‍ക്ക് തോന്നി. കട്ടപിടിച്ച ചോരയുടെ ചുവപ്പ്.... നേര്‍ത്ത കാറ്റില്‍ ഒരു കടലാസ്സു കഷ്ണം അയാളുടെ മുന്നില്‍ പാറി വീണു. അത് നഗ്നയായിരുന്നില്ല... ചുവന്ന കുപ്പായമുണ്ടായിരിന്നു... 
വീണ്ടും ചോരയുടെ ചുവപ്പ്...

അയാള്‍ തിരിച്ചറിഞ്ഞു .... 
പ്രണയം.... ലോകത്തിലെ ഏറ്റവും വലിയ നുണ...
അയാള്‍ പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നു.... ചാറ്റല്‍ മഴയുണ്ടായിരുന്നില്ല..... അക്ഷരങ്ങള്‍ നിറയാത്ത കടലാസ്സു അപ്പോഴും സുന്ദരിയായിരുന്നു....
മനസ്സ് തേങ്ങുകയായിരുന്നു.....
നഷ്ട പ്രണയത്തെപ്പറ്റി ഓര്‍ത്തല്ല......
പ്രണയത്തെ ഓര്‍ത്ത്‌......
----വൈശാഖ്----

സന്ധ്യ

ഇവിടെ സന്ധ്യയുടെ അനക്കങ്ങള്‍ നിലയ്ക്കുന്നില്ല...

മുല്ലപ്പൂവിന്റെ മണമൊഴുകുന്ന   ചുവന്ന തെരുവുകളില്‍'
കേളികളുടെ പ്രളയാഗ്നിയില്‍ മാനം നഷ്ടപ്പെട്ടവര്‍
വീണ്ടും വീണ്ടും വേഴ്ച്ചകള്‍ക്ക് കീഴടങ്ങുന്നു....
പ്രതീക്ഷകള്‍, തീരാത്ത പാലായനത്തിനിടയില്‍
ഏതോ പൂമാലയില്‍ കുരുങ്ങി മരിച്ചിരിക്കുന്നു...
തിരിച്ചു വരാന്‍ കൊതിക്കുന്ന പ്രവാസിയുടെ മുതുകില്‍
ചാട്ടവാറിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ല....


ഈ സന്ധ്യ പിന്നെയും പുകഞ്ഞുകൊണ്ടിരിക്കുന്നു...

ചുടുചോര വില്‍ക്കാന്‍ ഏതോ കച്ചവടക്കാരന്‍
കട തുറന്നു വച്ചിരിക്കുന്നു...
ഇരുട്ടിന്റെ ആരമാങ്ങള്‍ക്ക് മീതെ
റോക്ക് ആന്‍റ് റോളിന്റെ  സന്ധ്യാനാമം മുറവിളി കൂട്ടുന്നു...
സന്ധ്യയെ കറുത്ത പുതപ്പിനടിയിലാക്കി

രാത്രി ചിരിക്കുമ്പോഴും,
കഴുകന്മാരാല്‍ ആക്രമിക്കപ്പെട്ട ഏതോ പിഞ്ചുകുഞ്ഞ്
ആ തെരുവോരങ്ങളില്‍
അമ്മയെ കാണാതെ നിലവിളിക്കുകയായിരുന്നു.....


 
 
 
 
 
 
 
 
 
 
 
----ദീപ----

Friday, 23 September 2011

മഴയ്ക്ക്‌ പറയാനുള്ളത്...ഓര്‍ക്കുന്നുവോ.....,നീ മുറുകെ പിടിച്ച ഊഞ്ഞാല്‍ കമ്പികളിലൂടെ ഊര്‍ന്നു വന്ന് ഞാന്‍ ആദ്യമായി നിന്റെ കരങ്ങളെ ചുംബിച്ചത്?

നേര്‍ത്ത പുഞ്ചിരിയോടെ എന്നെ നീ നിന്റെ കണ്ണുകളിലേക്ക് പകര്‍ന്നത്? നിന്റെ പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ അവന്റെ

ചിരി എന്നില്‍ മഴവില്ല് പണിതത്? അവന്‍ നിന്നെ തള്ളിപറഞ്ഞ നിമിഷങ്ങളില്‍ ഞാന്‍ നിന്റെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത്?പിന്നെയും നീ എന്നെ കാത്തിരുന്നു,

ഞാന്‍ ജനലഴികള്‍ക്കപ്പുറത്ത് നിന്റെ മിഴികളെ പ്രതീക്ഷിച്ചിരുന്നു..... പക്ഷേ, നീയെന്തേ എന്നെ കണ്ടില്ല?

ഒരിക്കല്‍ നിന്റെ കുടക്കമ്പികള്‍ എന്നെ ഉടച്ചു കളഞ്ഞപ്പോള്‍ എന്തേ നീയെന്നെ കൈകളാല്‍ താങ്ങിയില്ല?

ഇലത്തുമ്പില്‍ പാതിമയക്കത്തിലാണ്ട എന്നെ സൂര്യന്‍ വലിച്ചു കുടിച്ചപ്പോള്‍ എന്തേ അരുതെന്ന്‍ പറഞ്ഞില്ല?രാത്രിയുടെ ശീതളിമയില്‍ നീ പുതപ്പിന്റെ ഇളം ചൂടില്‍ ഉള്‍വലിഞ്ഞപ്പോഴും ഞാന്‍ നിന്റെ സ്പര്‍ശത്തിനായ്

കാത്തിരുന്നു.....

ഒടുവില്‍ ഞാന്‍ മണ്ണില്‍ മറയുമ്പോഴും നീ നല്ല ഉറക്കത്തിലായിരുന്നു.....


---ദീപ----ഓര്‍മ്മയുടെ ട്രാക്കില്‍....

എന്റെ ഓര്മ്മയുടെ ട്രാക്കില്‍ കൂടെ ഒരു തീവണ്ടി കുതിച്ചു പായുകയാണ്....
കരിതുപ്പി,ആളെത്തി‍ന്ന്‍, അത് ഇന്നലകളില്നിന്ന് ഇന്നിലേക്ക് നിര്ത്താതെ ചലിച്ചുകൊണ്ടിരിക്കുന്നു......

എന്തായിരിക്കാം ആ വണ്ടിയിലെന്ന് ഞാനും ചിന്തിക്കാറുണ്ട്.....
ചിലപ്പോള് ഓര്മ്മകളുടെ മാറാപ്പകാം.......
അല്ലെങ്കില് എന്റെ സ്വപ്നങ്ങളുടെ ഈര്പ്പമാകം....
അതുമല്ലെങ്കില്.... നിന്നിലേക്ക് എന്നെയടുപ്പിക്കുന്ന പ്രതീക്ഷകളാകാം.....
ഒരുപക്ഷെ....... ഈ തീവണ്ടിതന്നെ നീയായിരിക്കാം.....
നിനക്കോര്‍മ്മയില്ലേ , ഈ തീവണ്ടിയിലെ എതിര്‍ സീറ്റുകളില്‍ ഇരുന്ന് നാം പരസ്പരം മൌനമാളന്നത്….?
കണ്ണുകള്‍ കൊണ്ട് കവിത രചിച്ചത്……..?
നമ്മുടെ ആര്‍ദ്രമായ മൌനത്തെ തകര്‍ത്തുകൊണ്ട് ഇരുമ്പ് ചക്രങ്ങള്‍ തിടുക്കത്തില്‍ പ്രകമ്പനം കൊള്ളുമ്പോള്‍ ഒരു സ്വപ്നത്തിലെന്ന പോലെ നീ ചിരിക്കാറുള്ളത് എന്തിനായിരുന്നു?
ചാറ്റല്‍ മഴയില്‍ ജനല്‍ പാളികള്‍ അടയ്ക്കാതെ നമ്മള്‍ നനഞ്ഞതും.... അടുത്തിരുന്ന താടിക്കാരന്‍ മുറുമുറുത്തുകൊണ്ട് എഴുന്നേറ്റു പോയതും നീ ഓര്‍ക്കുന്നുവോ .........?തീവണ്ടി അപ്പോഴും യാത്ര തുടര്‍ന്നുകൊണ്ടിരുന്നു....
അനന്തമായ പാളങ്ങള്‍ പോലെ നിന്നോടുള്ള പ്രണയം ചക്രവാളസീമകളെ ഭേദിച്ച് വളരുന്നത് ഞാനറിഞ്ഞു...
പക്ഷെ..... നിറഞ്ഞ കണ്ണുകളുമായി നിന്റെ കല്യാണ കുറിമാനം എന്റെ നേര്‍ക്ക് നീട്ടിയപ്പോള്‍ ഞാന്‍ അറിഞ്ഞു... നീയും ഒരു തീവണ്ടിയാണ്....
അറ്റം കാണാന്‍ ഞാന്‍ ഏന്തിവലിഞ്ഞു നോക്കുമ്പോള്‍ വളവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വികൃതിയായ തീവണ്ടി....
.
.
.
എത്രയെത്ര പേരെയാണ് ദിനവും തീവണ്ടി പരിചയപ്പെടുത്തുന്നത്...
ഊരും പേരും ജാതിയും മതവും നിറവും രാഷ്ട്രീയവും വ്യത്യസ്തമായവര്‍....
ഒന്നുമില്ലാത്തവര്‍..
.. എല്ല്ലാം ഉള്ളവന്ര്‍.. വിഗലാംഗര്‍... ഭ്രാന്തന്മാര്‍...അനാഥര്‍.....
ടിക്കറ്റ്‌ എടുക്കാന്‍ കാശില്ലാത്തവന്ര്‍.... എടുത്ത ടിക്കറ്റ്‌ നഷ്ടപ്പെട്ടവന്ര്‍....
പിന്നെയും.... ഒരുപാടുപേര്‍....
ആരൊക്കെയോ ഇറങ്ങുന്നു.... കയറുന്നു.... കൈവീശുന്നു.... കണ്ണീര്‍ പൊഴിക്കുന്നു....
പക്ഷെ..... തീവണ്ടി നിര്‍ത്താതെ പായുന്നു....

ഈ ചൂളം വിളികള്‍ അവസാനിക്കുന്നില്ല....
ഇവ തരുന്ന സൂചനകളും....
അടച്ചിട്ടിരിക്കുന്ന ക്രോസ്സിനപ്പുറത്തു പൊലിഞ്ഞു പോകുന്ന ജീവനുണ്ടാകാം.....
നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളുണ്ടാകാം.....
തീവണ്ടി ഒന്നുമറിയാത്ത ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കുന്നു....
..............................................................................................

അവളുടെ വേര്പാട് സമ്മാനിച്ച വേദനയും പേറി ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.....


അപ്പോഴും ഓര്‍മ്മയുടെ നനുത്ത ട്രാക്കില്‍ കൂടെ ആ തീവണ്ടി ഓടിക്കൊണ്ടിരുന്നു...
----വൈശാഖ് ----

പ്രണയം...ഇത് എന്റെ പ്രണയമാണ്...

കരുത്തുരുണ്ട അക്ഷരങ്ങള്‍ നോട്ടുബുക്കിലെ സമാന്തര രേഖകള്ക്കിടയില്‍
നിനക്കായ്‌ തീര്‍ത്ത പ്രണയം...

നീ ഉരിയാടാത വാക്കുകളില്‍
ഞാന്‍ സ്വയം നിര്‍വചിച്ചെടുത്ത പ്രണയം...

നിന്റെ അസാന്നിധ്യം എന്നില്‍ സൃഷ്‌ടിച്ച
അസ്വസ്ഥതകളുടെ പ്രണയം...

എന്റെ കവിളില്‍ പുരണ്ട നീര്‍മണികള്‍
നീ തുടച്ചു കളയുമെന്ന പ്രതീക്ഷയുടെ പ്രണയം...

യാഥാര്ത്യത്തിന്റെ മുള്ളുകളെ ചുവന്ന പാട്ടാല്‍ മറച്ച്
നീ കാട്ടിതന്ന നിറമുള്ള സ്വപ്നങ്ങളുടെ പ്രണയം...

ഏകാന്തതയുടെ ഏറിയ തണുപ്പില്‍
നീ എനിക്ക് പകര്‍ന്നു തന്ന ചൂടിന്റെ പ്രണയം...

ഒടുവില്‍, ഇരവിന്റ പട്ടടയില്‍ നീയെനിക്കേകിയ
പൊള്ളുന്ന വേദനകളുടെ പ്രണയം...

കാലഗ്നിയില്‍ ദഹിച്ചു തീര്‍ന്ന
ഓര്‍മകളുടെ  പ്രണയം...

==========================


----ദീപ----

പുനര്‍ജനി

ഒരു കവിത കൂടി എഴുതണമെന്നുണ്ട്......
 .
 .
 .
പക്ഷേ....

ചിതലരിച്ച കടലാസും,
മഷി വറ്റിയ പേനയും,

ഇരുട്ടില്‍, ആരോ ശര്‍ദ്ദിച്ച രക്തത്തില്‍
ആശയങ്ങള്‍ക്കായ്‌  ആത്മത്യാഗം ചെയ്യുന്നു.....


കളങ്കത്തിന്റെ  ചതുരക്കളത്തില്‍ പണയം വച്ച മനസ്സ് 
നഗ്നമാക്കപെട്ട അഗ്നിയുടെ ആമാശയത്തില്‍ ദഹിച്ചുതീരുന്നു....
ഇരുളിന്റെ തുരുമ്പ് ബാധിച്ച മസ്തിഷ്കത്തില്‍ നിന്നും 
ചിന്തയുടെ പക്ഷി ദൂരേക്ക് കൂടൊഴിഞ്ഞു പോയിരിക്കുന്നു.....

എങ്കിലും......

ഇനിയും ഒരു കവിത കൂടി എഴുതണമെന്നുണ്ട്.....
നിറയുന്ന മൌനത്തിന്റെ കോണില്‍ 
വാക്കുകള്‍ കൊണ്ട്  നിനക്കായ്‌ ഒരു പുനര്‍ജനി.....

----ദീപ----