Friday 31 August 2012

ഓര്‍മ്മത്താള്

ചില  വഴികള്‍   അങ്ങനെയാണെന്ന്   തോന്നുന്നു.…..എത്ര ദൂരം നടക്കുന്നുവോ, അത്രയും ഓര്‍മ്മകള്‍..….. ഏതു  പ്രതിസന്ധികളിലും കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള ഓര്‍മ്മകള്‍.…
ഒരു കൊച്ചുകുട്ടിയെപോലെ  അട്ടഹസിച്ചു കരയിക്കുന്ന  മറ്റു ചിലത് ……
പിന്നെ നഷ്ടത്തിന്റെ കയ്പ്പോ നേട്ടത്തിന്റെ മധുരമോ  വേര്‍തിരിച്ചു രുചിക്കാന്‍ പറ്റാത്ത മറ്റു ചില ഓര്‍മ്മകള്‍ ……
അല്ലെങ്കിലും ഒന്ന്‍ ഓര്‍ത്ത്‌ നോക്കുക …നേട്ടങ്ങളറിയാതെ, നഷ്ടങ്ങളുടെ  കണക്കു പറഞ്ഞു നെഞ്ചത്തടിച്ച് കരയുന്ന നമുക്ക്  എങ്ങനെയാണ് നഷ്ടങ്ങളെയും നേട്ടങ്ങളെയും വേര്‍തിരിക്കാനാവുക? 
പിന്നെ …..പിന്നെ …. മറന്നു കളഞ്ഞ ഓര്‍മ്മകള്‍ …..
ഈ വഴികള്‍ എനിക്ക് തന്ന ഓര്‍മകളെ വേര്‍ത്തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെടും.….പക്ഷെ ഓര്മ വച്ച നാള്‍ മുതല്‍  ഈ വഴികള്‍ എനിക്ക് പരിചിതമാണ്....

ഞാന്‍ ഓര്ക്കുന്നുണ്ട് ...ഈ വഴിയിലെവിടെയോ ഒരു ചെമ്പകമരം ഉണ്ടായിരുന്നു..ചിലപ്പോഴൊക്കെ മുഴുവന്‍  ഇലകളെയും പൊഴിച്ച് സ്വര്ണ നിറം കലര്ന്ന പൂക്കളെയും ചൂടി, ഇത്തിരി പൊങ്ങച്ചതോടെ നില്ക്കുന്ന ഒരു ചെമ്പകമരം...പൊഴിഞ്ഞു വീണ ഇലകളിന്മേല്‍  അവസാനത്തെ മഴത്തുള്ളിയും വീണു ചിതറുന്നത് വരെ ആ മഴ എന്നോടൊപ്പം ഉണ്ടായിരുന്നു...മേഘങ്ങളെ തള്ളിമാറ്റി വെയില്‍ എത്തുന്നതോടെ ആ മഴയെ അപ്പാടെ മറക്കും....

                                                                            * * * * *



എനിക്ക് ഉറപ്പായും പറയാന്‍ കഴിയും നിങ്ങള്ക്കു്ണ്ടയിരുന്നപോലെ ഒരു ബാല്യകാലം എനിക്ക് ഉണ്ടായിരുന്നില്ല എന്ന്...മുറ്റത്ത്‌ ചിതറി തെറിച്ചു വീഴുന്ന മഞ്ചാടിക്കുരുകള്‍ ഞാനും പെറുക്കിയെടുത്തിട്ടുണ്ട് , ആദ്യത്തെ മഴയില്‍ തന്നെ വയലില്‍ വെള്ളം കേറുമ്പോ തോര്ത്തു മുണ്ടിന്റെ അറ്റം പിടിച്ചു കൂട്ടുകാരോടൊപ്പം ഞാനും കണ്ണികളെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.....എന്റെ മേശപ്പുറത്തെ കുപ്പിയിലും മീന്‍ കുഞ്ഞുങ്ങള്‍ വളര്ന്നു തവളകളായി മാറിയിട്ടുണ്ട്....പക്ഷെ എന്തു തന്നെ ആയാലും ഞാനും ഉറപ്പിച്ചു പറയും , നിങ്ങളെ പോലെ ഒരു ബാല്യമായിരുന്നില്ല എന്റെ എന്ന് ....നിങ്ങള്‍ അറിഞ്ഞതൊക്കെ ഒരുപക്ഷെ ഞാനും അറിഞ്ഞിട്ടുണ്ടാകാം... പിന്നെ ഞാന്‍ നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണോ? അത് ഇത്ര മാത്രമാണ്, ഞാന്‍ അറിഞ്ഞത്, അതിന്റെറ ഒരു ശതമാനം തീവ്രതയോടെ പോലും നിങ്ങള്‍ അറിഞ്ഞിട്ടില്ല എന്നത് മാത്രം....


                                                                              * * * * *

പ്രിയപ്പെട്ടവളെ......
                           നിനക്ക്‌  സമാധാനിക്കാം ശ്വാസകോശത്തെ കുത്തിക്കീറി ആത്മാവിനെ പുറത്തെടുക്കുമ്പോഴുള്ള  വേദന നീയും അറിഞ്ഞിട്ടില്ലേ ? അപ്പോള്‍ എന്നെയും നന്നായി മനസ്സിലാക്കാം.... ഞാനും നിന്നെ പോലെ ഒരു പിടി വേദനകള്‍ മാത്രമാണ്....

                                                                   ----വൈശാഖ് ----

Tuesday 28 August 2012

സൗഹൃദം





സുഹൃത്തേ…..
ഒരുമിച്ച്‌ നടക്കുമ്പോള്‍
നീയൊരിക്കലും
എന്‍റെ കണ്ണുകളിലേക്ക്‌
തുറിച്ച്‌ നോക്കരുത്‌.
നാളെ, ഇരുട്ടിന്‍റെ മറവില്‍
ഏതോ ലോഹമൂര്‍ച്ച
നിന്‍റെ നാഭിയെ
വെട്ടിപ്പൊളിക്കുമ്പോള്‍
ഈ കണ്ണുകള്‍ നിന്നെ വേദനിപ്പിച്ചേക്കാം .
`നീയെന്നോടിത്‌ ചെയ്‌തല്ലോ`.
എന്നു മാത്രം നീ പറയരുത്‌
അത്‌ മാത്രം ഞാന്‍ സഹിക്കില്ല.
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
മറക്കില്ലേ നീ വേഗത്തിലെല്ലാം?
ഒരു പിടച്ചിലില്‍ തീരില്ലേ എല്ലാം?
കൂട്ടിരിക്കാം ഞാന്‍,
നിന്‍റെ പ്രാണനെ മഞ്ഞു പുതയും വരെ…
വെറുക്കരുത്‌ സുഹൃത്തേ,
ഒന്നും എനിക്ക്‌ വേണ്ടിയല്ല.
എല്ലാം പാര്‍ട്ടിയുടെ തീരുമാനം മാത്രം.




----ദീപ----