Saturday, 28 January 2012

വീണ്ടും ഒന്ന് മുതല്‍


ഇവിടെ
കടലെടുത്ത് ചോര  വാര്‍ന്നു  തുടങ്ങിയ  ഒരു  തീരം .....
മായ്ക്കാന്‍  എഴുത്തുകളില്ലാത്ത  വിധിയെ  പഴി  പറഞ്ഞ്
വീണ്ടും  വീണ്ടും  ശക്തികൂട്ടുന്ന  തിരമാലകള്‍ .....
മരവിച്ച  ഉപ്പുകട്ടയില്‍  മുഖം  പൂഴ്ത്തി 
കണ്ണീരിന്റെ  കയ്പ്പ്   മാറ്റുന്ന  ഒരു  മനുഷ്യന്‍ ....നഷ്ടങ്ങള്‍  പേറി
മുതുകൊടിഞ്ഞവന്റെമേല്‍  വീണ്ടും  ആഗോള  താപനത്തിന്റെ 
     ശിക്ഷാമുറകള്‍ ……
ലക്ഷ്യസ്ഥാനത്തിനു  മുന്നില്‍  തളര്‍ന്നു  വീണവന്റെ  നിസ്സഹായത ….
പിന്നെ …….,
പശ്ചാത്താപത്തിന്റെ  ,ഉപ്പു ചേര്‍ത്ത  കണ്ണീര്‍  വീണ  മണ്ണില്‍ 
തളര്‍ന്നു  നിന്ന്  ,എണ്ണിപ്പഠിച്ച അക്കങ്ങള്‍  മറന്ന്‍
വീണ്ടും  ഒന്ന്  മുതല്‍ …..
----വൈശാഖ്----


ഒരു  പള്ളിക്കവാടം
 നീണ്ട ഇടനാഴിക്കപ്പുറം 
രക്തത്തില്‍ കുളിച്ച് 
ക്രൂശിത രൂപം.
തൊട്ടടുത് 
രോഗശാന്തിക്കായ്‌ 
മുട്ടിപ്പായ് പ്രാര്‍ഥിക്കുന്ന 
ഒരു വൃദ്ധന്‍ 
അയാളുടെ 
കണ്ണീരിന്റെ ഉപ്പ്
മുറിവുകളില്‍ കൊടിയ വേദന 
നിറയ്ക്കുമ്പോള്‍ 
ഒന്നു പിടയാന്‍ പോലുമാവാതെ
കുരിശില്‍ നിസ്സഹായനായ് 
യേശു ദേവന്‍ 
----ദീപ----

ഒരുവന്റെ കഥ.....

ടിക്കറ്റില്ലാത്ത  യാത്രക്കാരനെ പോലെ 
കനത്ത നെഞ്ചിടിപ്പുമായ് 
ജനനത്തിനും മരണത്തിനുമിടയില്‍ 
ഒരു കണ്ണു  പൊത്തിക്കളി.

മുനയൊടിഞ്ഞ  പെന്‍സിലിന്റെ അറ്റം
പല്ലുകൊണ്ട് കടിച്ചു കീറി 
ഗള്‍ഫ്‌  'കട്ടറു'മായിരിക്കുന്നവനോട്
അസൂയയുടെ രണ്ടര സെന്റിമീറ്റര്‍ 
പെന്‍സിലും പിടിച്ച് 
ഉള്ളിലെ നാണക്കേട്‌ മാറ്റുവാന്‍ 
ഒരു പരിഹാസ്യ ഭാവം...

പ്രണയിനിക്ക്  പകുത്തു നല്‍കാന്‍ 
ഒരുക്കി വച്ച ഹൃദയത്തില്‍ 
കാശുള്ളവന്റെ ബൈക്കിന്റെ 
പുറകിലിരുന്നു അവള്‍ 
വെളുത്ത പല്ല് കൊണ്ട്  കോറിയപ്പോള്‍
വായിച്ചു മടുത്ത പുസ്തകങ്ങളില്‍ 
കലങ്ങിയ കണ്ണും നട്ട് മുളപ്പിച്ചെടുത്ത 
'ബുജി' എന്നാ വിളിപ്പേര്....


എന്നിട്ടും തീരാ നൊമ്പരങ്ങളുടെ 
മൂളലിനിടയില്‍  
മൂട്ട വിളക്കിന്റെ പുകച്ചൂടില്‍ 
ചിറകു കരിഞ്ഞൊരു വീഴ്ച്ച....

അപ്പോഴും ടിക്കറ്റ് എക്സാമിനറുടെ മുഖത്ത്
ഇല്ലാത്ത ടിക്കറ്റ്  തപ്പാന്‍
കീശയിലിടാന്‍ 
കൈയില്ലാത്തവനോടുള്ള  
ദയനീയ ഭാവം....

......വൈശാഖ്‌....-Thursday, 26 January 2012

ഇത് ?


എന്റെ വേദനകളെയൊന്നും തന്നെ
ഞാനിന്നേവരെ
പേരിട്ടു വിളിച്ചിട്ടില്ല.....
തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
  വികാരങ്ങളെ വേര്‍തിരിക്കാന്‍
വിഷമമായിരിക്കും.....
വേദനയും അനുഭൂതിയും
തമ്മിലുള്ള
അന്തരം പോലും മറന്നിരിക്കുന്നു....
ഇത്
തോല്‍വിയുടെ മനശാസ്ത്രമാവം,
അല്ലെങ്കില്‍,
                     ഒരു പരാജിതയുടെ വിലാപങ്ങളും.....              
----ദീപ----  

Tuesday, 24 January 2012

ഭ്രാന്തന്‍

അയാള്‍ ഒരു ഭ്രാന്തനാണ്.....
എങ്കിലും,
ഇരുള്‍ തിങ്ങിനിറഞ്ഞ
ഇടവഴിയില്‍ ഇപ്പോഴും  
കാത്തു നില്‍ക്കാറുണ്ട്....

കനലൂതിച്ചുവപ്പിച്ച 
ചോരക്കണ്ണുകള്‍
ഉറക്കത്തിലെന്നെ 
ഞെട്ടി ഉണര്‍ത്താറുണ്ട്....

ചങ്ങലക്കണ്ണികള്‍ 
കാര്‍ന്നുതിന്ന
അയാളുടെ കാലിലെ 
മുറിവുകള്‍  ഓര്‍ക്കുമ്പോള്‍ 
അറിയാതെ തേങ്ങിപ്പോകും....

നിറഞ്ഞൊഴുകുന്ന 
കണ്ണീര്‍ മണികള്‍ 
ഒരു കുമ്പിളെത്തുംവരെ 
 സൂര്യന് മറഞ്ഞിരിക്കാം....


പകലിന്റെ  ദൈന്യതയില്‍ 
ചുരുട്ടിക്കൂട്ടിയ തേങ്ങലുകള്‍ 
കരിപിടിച്ച അടുക്കള ഭിത്തിയില്‍ 
മറു പാട്ട് പാടുമ്പോള്‍ 
അയാളുടെ ഓര്‍മ്മകളെന്നെ 
വാരിപ്പുണരാരുണ്ട് ....   
               
എങ്കിലും അവന്റെ 
കണ്ണുകളിലെ കെടാത്ത തീ 
എനിക്ക്  ഭയമാണ്....
----ദീപ----