Friday 2 December 2011

മുല്ലപ്പെരിയാര്‍....


നാളെയിവിടെ ആയിരം ശവക്കല്ലറകള്‍ ഉയര്‍ന്നേക്കാം .....

ഉപ്പുവെള്ളത്തില്‍ കിടന്നു മരവിച്ച മസ്തിഷ്കവുമായി
ചിലര്‍ വട്ടമെശക്ക് ചുറ്റുമിരിക്കുന്നു....
അധികാരം നഷ്ടപ്പെട്ട മറ്റുചിലര്‍
ചുവരുകള്‍ക്ക് പിറകില്‍ 
മുദ്രാവാക്യം വിളിക്കുന്നു....
പത്തുപേര്‍ ചേര്‍ന്ന് നൂറുപേരെ പഴിപറയുന്നു...
പക്ഷെ .... 
നാളെ ഇവിടെ ആയിരം ശവക്കല്ലറകള്‍ ഉയരും..
ഒരു പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍....
പിറക്കുന്നതിനുമുന്‍പ്‌ പൊക്കിള്‍ക്കൊടി അറ്റുപോയ ഭ്രുണങ്ങള്‍..
കണ്ണുപൊത്തി കാതുകള്‍ കുത്തിയടച്ച്
നിസ്സഹായരായി ചിലര്‍ .........
ഒരിറ്റു വായുവിനായി പിടയുന്ന ശ്വാസകോശത്തിലെക്ക്
പ്രകാശവേഗതയില്‍ മരണജലം കുത്തിനിറക്കപ്പെടും....
എനിക്ക് ആരെയും പഴിപറയാനില്ല ..
യാ അല്ലാഹ്....
മുപ്പതു ലക്ഷം ആത്മാക്കള്‍ കത്തിയെരിയാനിരിക്കുന്ന 
ചിതക്ക് മുന്നിലേക്ക്‌ എന്‍റെ സഹോദരങ്ങളെ തള്ളിവിടാതിരിക്കു...............




                                  ----വൈശാഖ്‌----

Sunday 27 November 2011

ആത്മാവിന് ഒരു കത്ത്...........

പ്രിയപ്പെട്ട നിരഞ്ജന്‍ ,
                           ആദ്യത്തെ കത്ത് നിനക്ക് കിട്ടി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്....  
മനുഷ്യര്‍ പൊതുവേ അങ്ങനെയാണെന്ന് തോന്നുന്നു,..
കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ഒരുപാട് സന്തോഷിക്കും... അത് പോലെ വിഷമിക്കുകയും ചെയ്യും. വളരെയേറെ അസ്ഥിരമായ ജീവിതത്തില്‍ നമുക്ക്‌ എല്ലാം സ്ഥിരമായി വേണം... നാളിതുവരെ ചെയ്തുകൂട്ടിയതും ഇനി ചെയ്യനിരിക്കുന്നതുമെല്ലാം ആ സ്ഥിരത്വത്തിനായുള്ള  അധ്വാനമാണ്....
   അയ്യോ... മുഷിപ്പിച്ചോ ഞാന്‍? അത് പോട്ടെ ...നിനക്ക് സുഖമല്ലേ?

 എത്ര പെട്ടന്നാണ് ഓരോ മഴക്കാലവും വേനല്‍ക്കാലത്തിനുവേണ്ടി വഴിമാറുന്നത് അല്ലെ? നിനക്ക് ഓര്‍മ്മയുണ്ടോ,ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും നമ്മള്‍ ഒരു ക്ലാസ്സില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങിയത്, അത് ഒരു മഴക്കലത്തായിരുന്നു.....ഒരു ജൂണ്‍ മാസം ....സൌഹൃദത്തിന്റെ നേരിയ നൂലിഴകള്‍ ശ്രദ്ധയോടെ കോര്‍ത്ത്‌ അകലാന്‍ പറ്റാത്തവിധം നമ്മള്‍ അടുത്തതും അതെ മഴക്കാലത്തിന്റെ ഇരുള്‍ പടര്‍ന്നുതുടങ്ങിയ ഒരു ഓഗസ്റ്റ്‌ സന്ധ്യയിലയിരുന്നു..
ആ ചാറ്റല്‍ മഴയില്‍ കൈകോര്‍ത്തുപിടിച്ച് വീണ്ടും ആ വഴികളിലൂടെ നടക്കാന്‍,...എണ്ണക്കറുപ്പന്‍  കാക്കകളെക്കുറിച്ച് വായ്തോരാതെ സംസാരിക്കാന്‍ .....ശരിക്കും ഇപ്പോഴും മനസ്സ്   ഒരുപാട് കൊതിക്കുന്നുണ്ട് .....

 ഞാന്‍ പറഞ്ഞിട്ടില്ലേ എന്‍റെ പുതിയ ക്ലാസ്സ് മുറിയെപ്പറ്റി? ഗേറ്റ് കടന്നാല്‍ നേരയുള്ള പച്ചപ്പുല്ല്പിടിച്ച കയറ്റുപടികള്‍ അവസാനിക്കുന്നത് ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റിന് മുന്നിലാണ്.......അതിനുള്ളിലേക്ക്‌ കടന്നാല്‍ പേടിപ്പിക്കുന്ന ഒരുതരം മൂകത.....ഇരുട്ടു ഉറഞ്ഞുകൂടി ചുവരുകള്‍ക്കുപോലും രാത്രിയുടെ നിറമായിരിക്കുന്നു......അനുമതിയില്ലാതെ അകത്തുവരുന്ന വാതായനങ്ങളെ പലപ്പോഴും ഇരുട്ടു വിഴുങ്ങുന്നത് അനുഭവിച്ചറിയാം.........ആ നിശബ്ദത ഞാന്‍ ആസ്വദിക്കാറുണ്ട്...........
 നിനക്കറിയാമല്ലോ,തനിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒത്തിരി ബഹളങ്ങളുടെ ഇടയിലായിരിക്കും ...ആരൊക്കെയോ പറയാന്‍ ബാക്കിവെച്ച ചില അസ്വസ്ഥതകളുടെ ഒച്ചപ്പാടുകള്‍.....തനിയെ ഇരിക്കുമ്പോള്‍ പുറകില്‍നിന്നു ആരോ വിളിക്കുന്നതുപോലെ തോന്നും..സങ്കല്‍പ്പത്തിന്റെ പഴുതുകള്‍ എവിടെ എപ്പോഴും തുറന്നുകിടക്കുന്നത് കൊണ്ടാവാം ............സ്വപ്നങ്ങളുടെ ഈര്‍പ്പം സാദാ യാഥാര്ത്യങ്ങളുടെ മുഷിഞ്ഞ ചൂടിനെ ശമിപ്പിച്ചുകൊണ്ടിരിക്കുന്നു ....വളഞ്ഞുപുളഞ്ഞ മരക്കോണികള്‍ കയറിച്ചെന്നാല്‍ എന്‍റെ ക്ലാസ്സെത്തി ..അനേകം കിളിവാതിലുകളുള്ള ഒരു ബാല്‍ക്കണി ക്ലാസ്സിനെ ആലിംഗനം ചെയ്തിരിക്കുന്നു ...ക്ലാസ്സിലിരിക്കുമ്പോഴും മഴയും കാറ്റും പച്ചപ്പും ഞങ്ങളുടെ കണ്ണുകളെ കവര്‍ന്നെടുക്കും...ഇനിവരുന്ന ഏതാനും മാസങ്ങള്‍ക്കുശേഷം ഒരു അധ്യാപികയായി തിരിച്ചുവരവില്ലെകില്‍ , ഈ കലാലയത്തിനു നല്‍കാന്‍ എന്‍റെ പക്കല്‍ കണ്ണീര്‍ കലര്‍ന്ന ഒരു വിട മാത്രം ......സങ്കടങ്ങളും സന്തോഷങ്ങളും എന്നെപ്പഠിപ്പിച്ച അമ്മയോട് ഏത് ഹൃദയവിശാലതകൊണ്ട് നന്ദി പറഞ്ഞാലാണ്‌ മതിവരിക? ....എന്‍റെ കോളേജിനെകുറിച്ച് പറയുമ്പോള്‍ ഞാനിത്തിരി over emotional ആകുന്നുണ്ട്? I know you can understand it….
 
     ഇന്ന്‍ ഇവിടെ ചാറ്റല്‍ മഴയായിരുന്നു ......ഞാന്‍ പറഞ്ഞിട്ടില്ലേ തൂവാനത്തുമ്പികളിലെ ക്ലാരയെപ്പറ്റി ? അതുപോലെ................, അവളെപ്പോലെ ഒരു മഴ ....പറയാതെ വന്നു പറയാതെ പോയ മഴ ....ഒരുപക്ഷെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ മഴ............ഇവിടെ കുളത്തില് നിറച്ചും വെള്ളമായി ,,പണ്ട് കുട്ടിക്കാലത്ത് അതില്‍ നിന്നും കണ്ണികളെ പിടിച്ചു കുപ്പിയിലിടുന്നതുവരെ ഒരു വെപ്രാളായിരിക്കും..അതെങ്ങാന്‍ ചത്തുപോയാലോ...,ഒരുതരം നോവ്‌...ഒരു ഒറ്റപ്പെടല്‍ പോലെ തോന്നും...പക്ഷെ മഴക്കാലം കഴിഞ്ഞാല്‍ അവറ്റകളെ പാടെ മറക്കും......
                                          ഈ കത്തുംവച്ച് ഇന്നിത് മൂന്നാമത്തെ ദിവസമാണ്....ഇന്നെങ്കിലും ഇതു മുഴുവനാക്കി നിനക്ക്  പോസ്റ്റ്‌ ചെയ്യണം...എവിടെ ഇടതടവില്ലാതെ മഴപെയ്തുകൊണ്ടിരിക്കുന്നു.....അത് ശരീരത്തില്‍നിന്നും മനസിലേക്ക്‌ പിന്നെ ആത്മാവിലേക്ക് പടര്‍ന്നുകയറുന്നു ..ഉപാധികളില്ലാതെ മഴ എന്നെ സ്നേഹിക്കുന്നു ...ഒടുവില്‍ സുഖമുള്ള നോവുകള്‍ സമ്മാനിച്ച് എങ്ങോ മറയുന്നു.........ഈ മഴ നീയാണെന്ന് എനിക്ക് എപ്പോഴും തോന്നും...അപ്പോള്‍ അത് ഒരിക്കലും തീരല്ലേ എന്നു പ്രാര്‍ത്ഥിക്കും..കാരണം നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു ....നീ പറയരുള്ളപോലെ നല്ല  കൂട്ടുകാര്‍ മിനുസമേറിയ ചുവര്‍ പോലെയാണ് യഥാര്‍ത്ഥ സൗഹൃദം അവിടെ പ്രതിധ്വനിക്കുന്നു .....
                              എന്തൊക്കെയോ പറഞ്ഞു ബുദ്ധിമുട്ടിച്ചോ ഞാന്‍ ? എന്‍റെ വട്ട് നിനക്ക് അറിയാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ? എന്തായാലും ഇപ്പോ ഇത്ര മതി ...ഈ കത്തിനു ഞാന്‍ ഒരു മറുപടി പ്രതീഷിക്കുന്നു......നിന്നെ എത്രയും പെട്ടന്ന് കാണാനാകുമെന്ന വിശ്വാസത്തോടെ ,

                                                                            
                                                                                നിന്‍റെ മാത്രം....
                                                                                   ആയിഷ.




----ദീപ----