Saturday 22 June 2013

നിള ,മാപ്പുതരിക ..


പുഴക്ക് മുകളിലൂടെ തീവണ്ടി കുലുങ്ങി ചിരിച്ചു പോകുമ്പോള്‍ എനിക്ക് ശ്വാസം പിടിച്ച് ഇരിക്കേണ്ടിവന്നു..ജനറല്‍കമ്പാര്‍ട്ടുമെന്‍റിലെ ജനല്‍ കമ്പികളില്‍ കാറ്റിന്‍റെ  കൈവിട്ടുവന്ന്  തട്ടിത്തെറിച്ചു ഒരു ഉന്മാദത്തോടെ മണ്ണിനെ പുണരുന്ന മഴതുള്ളികല്‍ക്കിടയിലൂടെ ഞാന്‍ നിളയെ നോക്കി...നൂറു ജന്മം പ്രണയിച്ചു ഒടുവില്‍ ഒരുനാള്‍ തന്‍റെ  പ്രിയപ്പെട്ട കാമുകന് മുന്നില്‍ നഗ്നയായി  സര്‍വതും സമര്‍പ്പിക്കാന്‍നില്‍ക്കുന്ന കന്യകയെ പോലെയായിരുന്നു അവള്‍....

കഴിഞ്ഞ വേനലില്‍ ഞാന്‍ കണ്ട  പെണ്ണല്ല ഇന്നവള്‍....രാപ്പകലില്ലാതെ മണ്ണ്‍വെട്ടികള്‍ മാറ് വെട്ടിപ്പോളിച്ചപ്പോള്‍ ,അറ്റുപോയ മുലക്കണ്ണിനെ ഒരു പ്ലാസ്റ്റിക്‌സഞ്ചികൊണ്ട് മറയ്ക്കുകയായിരുന്നു അന്നവള്‍..കണംകാലിനെ നനയ്ക്കാന്‍ഒരു കുഞ്ഞു നീര്‍ച്ചാല് മാത്രമായിരുന്നു ശേഷിച്ചത്...

ഒടുവിലിതാ അവളുടെ കാമുകന്‍വന്നിരിക്കുന്നു....വരണ്ടുണങ്ങിയ അവളുടെ കഴുത്തില്‍ അവന്‍ ചുംബിച്ചു ....പിന്നെ ഒരു കെട്ടിപ്പിടുത്തം...പാലത്തിന്‍റെ തൂണുകളില്‍ ശക്തിയോടെ വന്നിടിച്ചു നിള അട്ടഹസിച്ചു, ഞാന്‍ കന്യകയാണ് ....
മഴ അവളെ ആവോളം ചുംബിച്ചു...ഓരോ ചുംബവും ഏറ്റുവാങ്ങുന്നതിനിടയില്‍ ..അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു
" എന്‍റെ പ്രിയപ്പെട്ട കാമുകാ ഇനി എന്നെ വിട്ടുപോകല്ലേ എന്ന്..."


അടുത്ത സീറ്റിലെ നാലുവയസുകാരന്റെ ചോദ്യം കേട്ടാണ് എന്‍റെ മനസ് വീണ്ടും തീവണ്ടിക്കുള്ളിലേക്ക് കയറിയത്.." മമ്മീ  ഇതു പുതിയ പുഴയാണോ? ഇന്നാല്‍ഒരീസം പപ്പേടെ കൂടെ വരുമ്പോ ഈ പുഴ ഉണ്ടായിരുന്നില്ലല്ലോ...
ഞാന്‍മഴയെ നോക്കി.ജനലഴികള്‍ക്കിടയിലൂടെ ഒരു മഴതുള്ളി എന്‍റെ കണ്ണിലേക്ക് വീണു..പിന്നെ ഒരു കണ്ണുനീരിന്‍റെ ചൂടോടെ ഒലിച്ചിറങ്ങി..
മാപ്പ് തരിക...
അവ്യക്തമായി ഞാന്‍പിറുപിറുത്തു ഞാന്‍ കണ്ണുകള്‍ അടച്ചിരുന്നു ...ഒന്ന്...രണ്ടു......മുന്ന്...........ഏഴു....തീവണ്ടി മരണത്തിന്‍റെ നെടുങ്ങന്‍പാലം കടന്നിരിക്കുന്നു.......

                     **വൈശാഖ്‌**