Friday 15 June 2012

ആഴ്ച്ച്ചാനുഭവം





തിങ്കള്‍ 
എട്ടാം  ക്ലാസ്സുവരെ  തിങ്കള്‍  ഒരു മോശം ദിവസമായിരുന്നു.
രണ്ട്‌  ദിവസത്തെ അവധിക്ക് ശേഷം വീണ്ടും മടുപ്പിക്കുന്ന ക്ലാസുകള്‍... 
പക്ഷെ, പിന്നീടങ്ങോട്ട്  അതൊരു നല്ല ദിവസമാവുകയായിരുന്നു.
രണ്ടു ദിവസം അവളെ കാണാത്തതിന്റെ വിഷമം തിങ്കളാഴ്ച  അപ്പാടെ മാറിക്കിട്ടും....




ചൊവ്വ
 ഏതോ ഒരു ചൊവ്വാഴ്ച്ച തന്നെയാണെന്ന് തോന്നുന്നു,
 രാവിലെ  തന്നെ അവള്‍ ഓടിവന്ന്‍  എന്നോട് ചോദിച്ചു,
"എടാ, നിനക്ക് ചൊവ്വ ദോഷമുണ്ടോ? എന്റെ ജാതകം എഴുതിച്ചു.
എനിക്ക് ചോവ്വദോഷമുള്ള ആളെ മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളുവത്രെ ..."
ഒരു തമാശയോടെ ഞാന്‍ പറഞ്ഞു...
 " എനിക്ക് ആഴ്ചയില്‍ എല്ലാ ദിവസവും ദോഷം തന്നെയാ... നീ പേടിക്കേണ്ട ."



ബുധന്‍
ബുധനാഴ്ചയും വ്യാഴാഴ്ച്ചയും ഉച്ചയ്ക്ക്‌ ശേഷം
തുടര്‍ച്ചയായി രണ്ട്  പീരീഡ്‌ മലയാളമാണ് .
A ക്ലാസ്സിനേയും B ക്ലാസ്സിനേയും ഒരുമിച്ചിരുത്തി,
ടീച്ചര്‍  ക്ലാസ്സ്‌ എടുക്കുമ്പോള്‍  ആ രണ്ട്  മണിക്കൂറുകള്‍
അലിഞ്ഞില്ലാതാവുന്നത് അവളുടെ  കണ്മഷി പടര്‍ന്ന കണ്ണുകളിലായിരുന്നു. 
(അന്നൊക്കെ ഒരുപാട് പ്രാര്ത്ഥിച്ചിട്ടുണ്ട്, 
ബുദ്ധനില്‍ നിന്ന് വ്യാഴത്തിലേക്കുള്ള ദൂരവും തിരിച്ച്  അവിടെ നിന്ന്‍  ബുധനിലെക്കുള്ള ദൂരവും ഒരുപോലെയായിരുന്നെങ്കിലെന്ന്‍ .) 



വ്യാഴം
സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ 
വ്യാഴത്തെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ ടീച്ചറോട്  ചോദിച്ചു, 
വ്യാഴാഴ്ച്ച മാത്രമാണോ, മാനത്ത് വ്യാഴത്തെ കാണാനാവുന്നതെന്ന് ... 
ക്ലാസ്സിലെ മുപ്പത്തിയാറ്  കുട്ടികളോടൊപ്പം
 അവളും അന്ന്  എന്നെ കളിയാക്കിച്ചിരിച്ചു .




വെള്ളി
വെള്ളിയാഴ്ച വൈകിട്ട്  ക്ലാസ്സു വിട്ടു പോകുമ്പോള്‍ 
എനിക്കും അവള്‍ക്കുമിടയില്‍ ഒരു വല്ലാത്ത നിശബ്ദതയാണ്..... 
ഗേറ്റ് കടക്കും വരെ രണ്ടു പേരും  മിക്കവാറും ഒന്നും സംസാരിക്കാറില്ല.
ഒടുവില്‍ ആ നിശബ്ദത ഭേദിച്ച് ഞാന്‍ ചോദിക്കും,
"തിങ്കളാഴ്ച  നേരത്തെ വരുമോ?"



ശനി
പണ്ടൊക്കെ  രണ്ടാം ശനിയാഴ്ച്ച്ചയാവാന്‍ കാത്തിരിക്കുമായിരുന്നു, 
കൈയ്യില്‍ മിട്ടയിപ്പൊതിയുമായി വരുന്ന അച്ഛനെ കാണാന്‍.
 പിന്നീടാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്...
 അവളെയൊന്നു  ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടുപേരുടെ കണ്ണുവെട്ടിക്കണം...




ഞായര്‍
ഒരു ഞായരാഴ്ച്ച്ചയായിരുന്നു അവളുടെ കല്യാണം.
ആരവങ്ങള്‍ക്കിടയില്‍ ഇടയ്ക്ക് അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് കല്യാണ പ്രായം "പതിനെട്ട് " ആക്കിയവരെ
പഴിപറഞ്ഞ്  ആ ഞായറാ ഴ്ച്ച്ചയോടെ 
ദിവസങ്ങളെ  വേര്‍തിരിച്ച് കാണുന്നത് ഞാന്‍ അവസാനിപ്പിച്ചു.




                                                                   ----വൈശാഖ് ----