Wednesday 14 March 2012

ഒരു ഫെയിസ്ബുക്ക് കഥ



എതിര്‍  ദിശയില്‍  പാഞ്ഞുപോകുന്ന  വാഹനങ്ങളുടെ  ഹോണ്‍  മുഴക്കങ്ങളോ  സൂര്യന്റെ  കത്തുന്ന  ചൂടോ  അയാളെ  അസ്വ്യസ്തനാക്കിയില്ല .കാറിനകത്തെ കുളിര്‍മയിലിരുന്നു  ഹെഡ്സെറ്റില്‍  നിന്നും  ഒഴുകിവരുന്ന  സംഗീതത്തിനു  സ്ടിയറിങ്ങില്‍  താളം  പിടിച്ച്,  ഗ്രീന്‍  സിഗ്നലിനായി  കാത്തിരിക്കുന്നതിനിടയിലാണ്  വിന്‍ഡോ  ഗ്ലാസില്‍  തട്ടി  കൈനീടിയ  പച്ചപ്പാവടക്കാരി  അയാളുടെ  ശ്രദ്ധയില്‍  പെട്ടത് …


“ഇവറ്റകളെക്കൊണ്ട്  ഇതു  വല്ലാത്ത  ശല്ല്യം  തന്നെ   , ഒന്നിനെയും  വിശ്വസിക്കാനും  കൊള്ളില്ല ”
ഹെഡ്സെറ്റിലെ   സംഗീതത്തിലേക്ക്  മനസിനെ  തിരിച്ചു  കൊണ്ടുവരുന്നതിനിടയില്‍  ആരോടെന്നില്ലാതെ  അയാള്‍  പിറുപിറുത്തു ….
പെട്ടന്ന്   ബാഗിലേക്ക്  കൈ  നീട്ടിയ  അയാളെ  ഒരു  പ്രതീക്ഷയോടെ   അവള്‍ നോക്കി … നിഷ്കളങ്കത സ്പുരിക്കുന്ന കണ്ണുകള്‍.....
സിഗ്നല്‍  ചുവപ്പില്‍  നിന്നും  പച്ചയാകുന്നതിനിടയില്‍  ബാഗില്‍  നിന്നും  തന്റെ  ക്യാമറ  എടുത്ത്  ഒരു  ക്ലിക്ക്…
പച്ചപ്പവാടക്കാരിയുടെ  കണ്ണുകളില്‍  അപ്പോഴും  പ്രതീക്ഷയുടെ  നിസ്സഹായമായ ഭാവം....


 പിസ്സ  കോര്‍ണറില്‍ എത്തി  ഓര്‍ഡര്‍  കൊടുത്ത്  കാത്തിരിക്കുന്നതിടയില്‍  ആ  ചിത്രം  തന്റെ  ലാപ്‌ടോപ്പിലേക്ക്  പകര്‍ത്തി  .. ..
പിന്നെ  അതൊന്നു  ഫേസ് ബുക്കില്‍  അപ്പ്‌ ഡേറ്റ്  ചെയ്യും  വരെ  വല്ലാത്തൊരു  തിരക്കായിരുന്നു  …
“വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ - my  new click”


  തകര്‍പ്പനൊരു  അടിക്കുറുപ്പും  കൊടുത്തു ..
സ്ഥിരമായി  കമന്റ്‌  ചെയ്യാറുള്ള  32 പേരെ  ടാഗ് ചെയ്യുന്നതിനിടയില്‍  തന്നെ ആദ്യത്തെ  ലൈക്‌  വന്നു  തൊട്ടു  പിന്നാലെ  ആദ്യ  കമന്റും ,
“താങ്കളെപ്പോലുള്ളവര്‍  ഇത്തരം  കാര്യങ്ങളില്‍  കാണിക്കുന്ന  താല്പര്യം  തികച്ചും  അഭിനന്ദനം  അര്‍ഹിക്കുന്നത്  തന്നെയാണ് …ഭാവുകങ്ങള്‍ ”
ഉള്ളാലെ  ഒന്ന്  ചിരിച്ച് ആ  കമന്റിനു  ഒരു  ലൈക്‌  കൊടുത്തു …


തൊട്ടുപിന്നാലെ  അടുത്ത  കമന്റ്‌ ,
nic clik yar, bt I thnk I little prob n focsn, anywy nt bad”
“thx dr, I wl mak it bttr nxt tym”




പതിവുപോലെ  മറുപടിയും  കൊടുത്തു  ഹോം  പേജ്  ലോഡ്  ചെയ്യുമ്പോഴേക്കും  മേശപ്പുറത്തു  പിസ്സ  റെഡി ..
കഴിച്ചുതീരുന്നതിനിടയില്‍ ആകെ  21 likes , 17 coments..! എല്ല്ലാവരും   ചിത്രത്തിന്റെ  ഭംഗിയെപ്പറ്റി മാത്രം  പറഞ്ഞിരിക്കുന്നു ….
ബില്‍  പേ  ചെയ്തു  കാറിനരികിലേക്ക്  നടക്കുന്നതിനിടയില്‍  ആരോടെന്നില്ലാതെ  അയാള്‍  പിറുപിറുത്തു ,
“ആ  ജന്തു  അനങ്ങാതെ  നിന്നിരുന്നെങ്കില്‍  ഫ്രെയിം  കുറച്ചൂടെ  നന്നായേനെ ”
പക്ഷെ , അപ്പോഴും  റെഡ്  സിഗ്നലിനു  മുന്നില്‍  നിര്‍ത്തിയിട്ട  വാഹനങ്ങളില്‍  ഓരോന്നിലും  മാറിമാറി  തട്ടി  കൈ  നീട്ടുകയായിരുന്നു  അവള്‍ , ഇപ്പോഴൊന്നും  പച്ച  പ്രകാശം  തെളിയരുതേ എന്നാ  പ്രാര്‍ഥനയോടെ …….

എന്റെ  പ്രിയ  വായനക്കാരാ നിങ്ങളില്‍  നിന്നും  ഞാന്‍  ഇത്ര മാത്രം  പ്രതീക്ഷിക്കുന്നു .
“നന്ദി , ഹൃദയത്തില്‍  സൂക്ഷിക്കാന്‍  ഒരു  കനല്‍  ബാക്കി  വച്ചതിന്….."




                                                                        ----വൈശാഖ്----