Saturday 24 September 2011

തിരിച്ചറിവ്

കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ച തൂവെള്ള കടലാസ് അപ്പോഴും നഗ്നയായിരുന്നു.....
പേനയില്‍ നിന്നും ഇനിയും അക്ഷരങ്ങള്‍ പുറത്തുവന്നിട്ടില്ല.. 
താന്‍ ഒരെഴുതുകാരനാനെന്നു  പറയാന്‍ അയാള്‍ക്ക് 
ലജ്ജ തോന്നി. 

വീണ്ടും നിവര്‍ത്തിപ്പിടിച്ച കടലാസിലേക്ക്....

കറുത്ത നിറത്തില്‍ കടലാസിനു മുകളിലായി പ്രണയം അപ്പോഴും അയാളെ നോക്കുന്നുണ്ടായിരുന്നു. 
താനിതുവരെ  പ്രണയം അറിഞ്ഞിട്ടില്ല . 
പിന്നെങ്ങനെയാണ്....???
ഒരായിരം ചോദ്യങ്ങള്‍ അയാളുടെ മനസ്സിനെ കുത്തിനോവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രണയം ചുവപ്പാണെന്ന് ഒരിക്കല്‍ ആരോ അയാളോട് പറഞ്ഞു.
പക്ഷെ അയാള്‍ക്ക്റിയാവുന്ന  ചുവപ്പ്  കമ്മ്യുണിസത്തിന്റെതായിരുന്നു.
പിന്നീടെപ്പോഴോ വായിച്ച പുസ്തകങ്ങളിലൂടെ പ്രണയം നിര്‍വചിക്കപ്പെട്ടു.

പക്ഷെ അപ്പോഴും എഴുത്തുകാരന് അക്ഷരങ്ങളോടായിരുന്നു പ്രണയം...
ചിത്രകാരന് നിറങ്ങളോടായിരുന്നു പ്രണയം, 
പൂന്തോട്ടത്തിലെ  പൂക്കളോട്,
ചാറ്റല്‍ മഴയോട്,
എങ്കിലും തന്‍ തേടിയിരുന്ന പ്രണയം അതായിരുന്നില്ലെന്ന്‍ അയാള്‍ക്കറിയാമായിരുന്നു.
ആ തിരിച്ചറിവാണ് അയാളെ ഇന്ന്‍ ഇവിടെ എത്തിച്ചത്....
ഈ ഏകാന്തതയില്‍ തിങ്ങി നിറഞ്ഞ ശിഖരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞപ്രകാശത്തിനു കീഴെ മനസ്സ് അപ്പോഴും മൌനത്തിലായിരുന്നു
അയാള്‍ പതുക്കെ കണ്ണുകളടച്ചു....

മനസ്സ് പതിയെ മൌനം വെടിയുന്നതായി തോന്നി.
ആരുടെയോ പ്രേരണയാല്‍ കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ അവളുണ്ടായിരുന്നു.
ചാറ്റല്‍ മഴയില്‍ അവളുടെ ചുണ്ടില്‍ തങ്ങിനിന്ന മഴത്തുള്ളികള്‍ വീഴാന്‍ മടിക്കുകയാണെന്ന്‍ അയാള്‍ക്ക് തോന്നി. ആ ചുണ്ടിന് പ്രണയത്തിന്റെ ചുവപ്പുണ്ടായിരുന്നു.
അവള്‍ അയാളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.
എങ്കിലും താന്‍ തേടിയ പ്രണയം അരികിലെത്തിയത് പോലെ. ഒരു യന്ത്രം കണക്കെ അവളുടെ പുറകെ നടന്നു. എത്ര വേഗത്തില്‍ ന്നടന്നിട്ടും അവളുടെ അടുത്തെത്താനാവുന്നില്ല .
ചിലപ്പോള്‍ അവള്‍ മഴയില്‍ അലിയുന്നു. 
അല്ലെങ്കില്‍ ഒരു നേര്‍ത്ത ഹിമകണം പോല്‍ വിരിയുന്നു. അവള്‍ക്ക് പ്രണയത്തിന്റെ മണമുണ്ടായിരുന്നു. അയാള്‍ ഇതുവരെ അറിയാതിരുന്ന ഒരുതരം മണം.
ദൂരേക്കുനോക്കി അവള്‍ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നില്ല. .
പക്ഷെ അയാളുടെ കാഴ്ചയില്‍ അവള്‍ മാത്രമായിരുന്നു.

ആ കണ്ണുകളില്‍ വിടര്‍ന്നുനിന്ന പ്രണയം അയാളെ മത്തു  പിടിപ്പിക്കുന്നു.
അയാള്‍ അപ്പോഴും അവളുടെ തൊട്ടുപുറകിലായിരുന്നു.
എത്ര ശ്രമിച്ചിട്ടും ഒപ്പമെത്താനാവുന്നില്ല. ആ കാഴ്ചയില്‍ നിന്ന്‍ അവള്‍ മറഞ്ഞത് പെട്ടെന്നായിരുന്നു...      പ്രണയമറിയാനുള്ള തിടുക്കത്തില്‍ മുന്നില്‍ക്കണ്ട ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിച്ചെന്നു. മനസ്സ് പറയുന്നുണ്ടായിരുന്നു അവള്‍ ഇവിടുണ്ടെന്ന് . ചുവരുകളില്‍ വര്‍ണ്ണ ചിത്രങ്ങളുണ്ടായിരുന്നു... റോസാപ്പൂക്കള്‍, പാവക്കുട്ടികള്‍... അയാളുടെ പ്രണയം വളരുകയായിരുന്നു.
"അവയ്ക്ക് പ്രണയത്തിന്റെ ചുവപ്പാണ്..."
ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു.
പാതിചാരിയ മുറിയുടെ വാതില്‍ പതുക്കെ തുറന്നു....
തന്റെ പ്രണയം ഇവിടെയാണ്  മനസ്സ് വീണ്ടു പറയുന്നു.....
ചുവരുകളില്‍ വര്‍ണ്ണ ചിത്രങ്ങള്‍, റോസാപ്പൂക്കള്‍, പാവക്കുട്ടികള്‍... പക്ഷെ അവയുടെ ചുവപ്പ് മാറിയിരിക്കുന്നു.
അത് ചോരയുടെ ചുവപ്പാണെന്നയാള്‍ക്ക് തോന്നി. കട്ടപിടിച്ച ചോരയുടെ ചുവപ്പ്.... നേര്‍ത്ത കാറ്റില്‍ ഒരു കടലാസ്സു കഷ്ണം അയാളുടെ മുന്നില്‍ പാറി വീണു. അത് നഗ്നയായിരുന്നില്ല... ചുവന്ന കുപ്പായമുണ്ടായിരിന്നു... 
വീണ്ടും ചോരയുടെ ചുവപ്പ്...

അയാള്‍ തിരിച്ചറിഞ്ഞു .... 
പ്രണയം.... ലോകത്തിലെ ഏറ്റവും വലിയ നുണ...
അയാള്‍ പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നു.... ചാറ്റല്‍ മഴയുണ്ടായിരുന്നില്ല..... അക്ഷരങ്ങള്‍ നിറയാത്ത കടലാസ്സു അപ്പോഴും സുന്ദരിയായിരുന്നു....
മനസ്സ് തേങ്ങുകയായിരുന്നു.....
നഷ്ട പ്രണയത്തെപ്പറ്റി ഓര്‍ത്തല്ല......
പ്രണയത്തെ ഓര്‍ത്ത്‌......




----വൈശാഖ്----

No comments:

Post a Comment