Saturday 24 September 2011

കവിത

ഞാന്‍ ഒരു കവിതയെ ഗര്‍ഭം ധരിച്ചിരിക്കുന്നു...
അനുഭവങ്ങളുടെ തിരിനാളങ്ങള്‍ എരിഞ്ഞമര്‍ന്നു
ചാരക്കൂനകളായ് മാറുമ്പോഴും,
നൊമ്പരങ്ങളുടെ അകം പറച്ചിലുകള്‍
അലമുറകളായ് ഉയരുമ്പോഴും,
ഞാന്‍ എന്റെ കവിതയെ ഉദരത്തില്‍ പേറുകയായാരുന്നു...

നീറുന്ന രാശിയിലും,
കയ്പ്പിന്റെ മടുപ്പിലും,
നിനക്കായ്‌ ഞാന്‍ ആ കവിതയെ കാത്തുവച്ചു.....
തുറന്നു പറച്ചിലുകളുടെ ആരംഭമില്ലാതെ,
ഓര്‍മ്മപ്പെടുത്തലുകളുടെ  ഭീകരതയില്‍ വിറയ്ക്കാതെ,
ഞാന്‍ ഒന്നിന് പുറകേ ഒന്നായി  അക്ഷരങ്ങള്‍ കോര്‍ത്തെടുത്തു...
തിരിച്ചറിവിന്റെ മാലപ്പടക്കങ്ങള്‍ക്ക് തീകൊളുത്തി
ശാന്തിയുടെ മഴയും പ്രതീക്ഷിച്ച്
കാപട്യത്തിന്റെ നദീതീരത്ത് ഞാനാ കവിതയെ പെറ്റു....

ആഞ്ഞു വീശിയ കാറ്റില്‍ വേര്‍പെട്ടുപോയ പൊക്കിള്‍ക്കൊടി നോക്കി
അക്ഷമയുടെ അന്ധകാരത്തില്‍ ഞാന്‍ അലഞ്ഞു....
വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു ദേഹം മണല്‍തരികള്‍ മൂടിയപ്പോള്‍,
കരയോട് കിടപിടിച്ച് നദിയും എന്റെ കുഞ്ഞിനെ മുക്കിക്കൊന്നു....
അവിടെ എന്റെ കവിത മരിക്കുകയായിരുന്നു!!!

----ദീപ----

No comments:

Post a Comment